തുർക്കി-പാകിസ്ഥാൻ-സൗദി പ്രതിരോധ കരാറിൽ ചേരാൻ ഈജിപ്തും; സഖ്യ നീക്കങ്ങൾ എങ്ങോട്ട്?

തുർക്കി-പാകിസ്ഥാൻ-സൗദി പ്രതിരോധ കരാറിൽ ചേരാൻ ഈജിപ്തും; സഖ്യ നീക്കങ്ങൾ എങ്ങോട്ട്?


പശ്ചിമേഷ്യൻ സംഘർഷം തുടരുന്നതിനിടെ രൂപീകരിച്ച സൗദി- പാകിസ്ഥാൻ- തുർക്കി പ്രതിരോധ കരാറിൽ ഈജിപ്തും പങ്കാളികളായേക്കുമെന്ന് സൂചന. തുർക്കി വിദേശകാര്യ മന്ത്രി ഹകൻ ഫിദാനാണ് ഇത് സംബന്ധിച്ച് സൂചന നൽകിയത്. തുർക്കി, പാകിസ്ഥാൻ, സൗദി അറേബ്യ എന്നിവർ തമ്മിലുള്ള പുതിയ മക്ക സംയുക്ത പ്രതിരോധ കരാറിൽ, ചില സാങ്കേതിക കാര്യങ്ങൾ പരിഹരിച്ചുകഴിഞ്ഞാൽ ഈജിപ്തിനും ചേരാനാകുമെന്ന് തുർക്കി വിദേശകാര്യ മന്ത്രി ഹകൻ ഫിദാൻ പറഞ്ഞു. 

ഈ സഖ്യം കൂട്ടായ പ്രതിരോധ തത്വങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും എന്നാൽ ഇറാനെയോ മറ്റേതെങ്കിലും പ്രത്യേക രാജ്യത്തെയോ ലക്ഷ്യമിട്ടുള്ളതല്ലെന്നും മന്ത്രി ഹകൻ ഫിദാൻ പറയുന്നു. അംഗരാജ്യങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പൊതുവായ ഒരു പ്രതിബദ്ധതയാണ് ഈ കരാറെന്ന് അദ്ദേഹം പറഞ്ഞു. ഏതെങ്കിലും അംഗരാജ്യത്തിന് ആക്രമണം നേരിടേണ്ടി വന്നാൽ, ആവശ്യമായ സഹായത്തിന്റെ തോത്, രീതി, ഘടന എന്നിവയെക്കുറിച്ച് രാജ്യങ്ങൾ കൂടിയാലോചിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അംഗരാജ്യങ്ങളിൽ ഒന്നിനെ ആക്രമിക്കാത്ത പക്ഷം ഒരു രാജ്യത്തെയും ഭീഷണിയായി കണക്കാക്കില്ലെന്നും ഫിദാൻ കൂട്ടിച്ചേർത്തു.

"മൂന്ന് രാജ്യങ്ങളിൽ മാത്രം ഒതുങ്ങിനിൽക്കരുത് എന്നതാണ് ഞങ്ങളുടെ പ്രസിഡന്റിന്റെ കാഴ്ചപ്പാട്," എന്ന് പറഞ്ഞ ഫിദാൻ, ചില സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ചുകഴിഞ്ഞാൽ ഈജിപ്തിന് ഇതിൽ ചേരാനാകുമെന്നും കൂട്ടിച്ചേർത്തു. ഇറാൻ ഉൾപ്പെട്ട യുദ്ധം ഉൾപ്പെടെയുള്ള പ്രാദേശിക വിഷയങ്ങളിൽ ഏകോപനം നടത്തുന്നതിനായി തുർക്കി, സൗദി അറേബ്യ, പാകിസ്ഥാൻ, ഈജിപ്ത് എന്നിവർ ചേർന്ന് 'R4' ഗ്രൂപ്പും രൂപീകരിച്ചിട്ടുണ്ട്.


അതേസമയം, പുതിയ സഖ്യനീക്കം എന്തിനെന്ന ചോദ്യമാണ് ഇപ്പോഴുയരുന്നത്. അമേരിക്ക- ഇറാൻ യുദ്ധത്തിൽ അമേരിക്കയ്ക്കെതിരേ എന്ന വ്യാജേനെ ​ഇറാൻ ​​ഗൾഫ് രാജ്യങ്ങൾക്ക് നേരെ ആക്രമണം നടത്തിയതിൽ കടുത്ത അതൃപ്തി നിലനിൽക്കുന്നുണ്ട്. ഇറാനിൽ നിന്നുള്ള മിസൈൽ, ഡ്രോൺ ആക്രമണങ്ങളുടെ ഭീഷണി സൗദി അറേബ്യ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾക്ക് വലിയ സുരക്ഷാ പ്രശ്‌നമായി മാറിയിട്ടുണ്ട്. ഇതോടെ സൗദിക്ക് മുന്നിലുള്ള ചോദ്യം വളരെ വ്യക്തമാണ്, ഒരു വലിയ ആക്രമണം ഉണ്ടായാൽ സ്വന്തം സുരക്ഷ എങ്ങനെ ഉറപ്പാക്കും? അതുകൊണ്ടുതന്നെ നിലവിലുള്ള സ്ഥിതി തു‌ടർന്നുകൊണ്ടുപോകാൻ ഈ രാജ്യങ്ങൾ തയ്യാറല്ല. വീണ്ടുമൊരു ആക്രമണമുണ്ടായാൽ ഈ സഖ്യരാജ്യങ്ങൾ എങ്ങനെ പ്രതികരിക്കുമെന്നതും ചോദ്യമുയർത്തിയിട്ടുണ്ട്. 

അമേരിക്ക വർഷങ്ങളായി സൗദിയുടെ പ്രധാന സുരക്ഷാ പങ്കാളിയാണ്. എന്നാൽ നിലവിലെ സാഹചര്യത്തിൽ അമേരിക്കയെ മാത്രം ആശ്രയിക്കുന്നതിനു പകരം കൂടുതൽ രാജ്യങ്ങളുമായി പ്രതിരോധ ബന്ധം ശക്തമാക്കുകയാണ് റിയാദ്. പാകിസ്ഥാനും തുർക്കിയും ഈ തന്ത്രത്തിന്റെ പ്രധാന ഭാഗമാകുന്നു. ഈജിപ്തും ഈ സഖ്യത്തിൽ ചേരുമെന്ന സൂചനയുമുണ്ട്.

ഇറാനുമായുള്ള സമാധാന ചർച്ചകൾക്ക് ഒരിടവരെ പാകിസ്ഥാനും ഒമാനുമാണ് മദ്ധ്യസ്ഥം വഹിച്ചിരുന്നത്. ഇത് വേണ്ട രീതിയിൽ ഫലവത്താകാതിരുന്നതോടെ സൗദിയിലെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ടെലഫോണിൽ ചർച്ച നടത്തുകയും ചെയ്തിരുന്നു. ഇറാനുമായി യുദ്ധം നീട്ടിക്കൊണ്ടു പോകരുതെന്നും സൈനിക നീക്കമല്ല, നയതന്ത്രമാണ് ഇക്കാര്യത്തിൽ ഉചിതമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെ നാറ്റോ സഖ്യം പോലെ സൗദി- തുർക്കി- പാകിസ്ഥാൻ സഖ്യം രൂപീകൃതമായതാണ് ഇപ്പോൾ ചർച്ച ചൂടുപിടിപ്പിച്ചിരിക്കുന്നത്. 

അമേരിക്ക വർഷങ്ങളായി സൗദിയുടെ പ്രധാന സുരക്ഷാ പങ്കാളിയാണ്. എന്നാൽ നിലവിലെ സാഹചര്യത്തിൽ അമേരിക്കയെ മാത്രം ആശ്രയിക്കുന്നതിനു പകരം കൂടുതൽ രാജ്യങ്ങളുമായി പ്രതിരോധ ബന്ധം ശക്തമാക്കുകയാണ് സൗദി. പാകിസ്ഥാനും തുർക്കിയും ഇക്കാര്യത്തിൽ യോജിക്കുന്നു. സൗദിയും പാകിസ്ഥാനുമായുള്ള സൈനിക ബന്ധം പുതിയതല്ല. പതിറ്റാണ്ടുകളായി ഇരുരാജ്യങ്ങളും പ്രതിരോധ രംഗത്ത് അടുത്ത സഹകരണം പുലർത്തുന്നുണ്ട്. 2025 സെപ്റ്റംബറിൽ ഇരുരാജ്യങ്ങളും തന്ത്രപരമായ സംയുക്ത പ്രതിരോധ കരാറിൽ ഒപ്പുവച്ചിരുന്നു. തുർക്കിയുമായുള്ള സൗദിയുടെ ബന്ധവും പുതിയതല്ല. നാറ്റോ അംഗമായ തുർക്കിക്ക് ശക്തമായ സൈനിക സംവിധാനവും വളരുന്ന പ്രതിരോധ വ്യവസായവുമുണ്ട്. പ്രത്യേകിച്ച് ഡ്രോൺ സാങ്കേതികവിദ്യയിലും സൈനിക ഉപകരണ നിർമാണത്തിലും തുർക്കി വലിയ മുന്നേറ്റം നടത്തിയിട്ടുണ്ട്.

ഈ സാഹചര്യത്തിൽ സഖ്യം കൂടുതൽ വിപുലീകരണത്തിലേക്ക് കടക്കുമോ അതോ ഇറാനെതിരേ ഒറ്റക്കെട്ടായി തുടരുമോ എന്ന ചോ​ദ്യത്തിലാണ് ചർച്ചകൾ മുഴുവനും. അതേസമയം, സഖ്യത്തിൽ പാകിസ്ഥാന്റെ റോൾ പലരും സംശയത്തോടെയാണ് ഉറ്റുനോക്കുന്നത്. അമേരിക്കയോടെന്ന പോലെ പാകിസ്ഥാന് ഇറാനോടും ശക്തമായ ബന്ധമുണ്ട്. അതുകൊണ്ടാണ് പശ്ചിമേഷ്യൻ വിഷയത്തിൽ മദ്ധ്യസ്ഥ നീക്കത്തിന് ശ്രമിച്ചതും. അതേപോലെ സൗദിയോടുള്ള ബന്ധവും പാകിസ്ഥാന് വിലപ്പെട്ടതാണ്. സൗദിയും തുർക്കിയുമായുള്ള കരാറിൽ പാകിസ്ഥാൻ കക്ഷിയായതും പല ലക്ഷ്യങ്ങൾ മുന്നിൽകണ്ടുകൊണ്ട് തന്നെയാണ്. എന്നാൽ, പാകിസ്ഥാൻ സൗദിയുടെ സുരക്ഷാ പങ്കാളിയാവുന്നതിനൊപ്പം ഇറാനുമായുള്ള ബന്ധം നിലനിർത്തുന്നതെങ്ങനെയെന്നും ഡബിൽ സ്റ്റാൻഡ് എത്രത്തോളം തുടരാനാവുമെന്ന ചോദ്യവും ഉയർന്നിട്ടണ്ട്. ‌‌