മാറുന്ന യു എസും തന്ത്രം മാറ്റാനൊരുങ്ങുന്ന മുസ്‌ലിം ലോകവും

മാറുന്ന യു എസും തന്ത്രം മാറ്റാനൊരുങ്ങുന്ന മുസ്‌ലിം ലോകവും


പാകിസ്ഥാനും സൗദി അറേബ്യയും തുര്‍ക്കിയെയും തമ്മില്‍ ഒപ്പുവെച്ച പരസ്പര പ്രതിരോധ കരാര്‍ മധ്യപൂര്‍വദേശത്ത് മാറ്റത്തിന് വഴിയൊരുക്കുമെന്ന് ഒരു വിഭാഗം വിദഗ്ധര്‍. എന്നാല്‍ അമേരിക്ക ലക്ഷ്യമിടുന്ന പ്രാദേശിക സുരക്ഷാ സംവിധാനത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതാണ് പ്രസ്തുത കരാറെന്നാണ് മറ്റൊരു വിഭാഗം വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. 

മൂന്നു രാജ്യങ്ങളും മക്കയില്‍ പ്രതിരോധ കരാറില്‍ ഒപ്പുവെച്ചതിനെ കുറിച്ച് യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഭരണകൂടം ഔദ്യോഗികമായി പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല. കരാറിന്റെ പലവിധ പ്രത്യാഘാതങ്ങള്‍ രൂപപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും അമേരിക്കന്‍ തന്ത്രങ്ങളെ ഇതെങ്ങനെ ബാധിക്കുമെന്നത് വരും ദിവസങ്ങളില്‍ കൂടുതല്‍ വ്യക്തമാകുമെന്നുമാണ് വിശകലന വിദഗ്ധരുടെ വിലയിരുത്തല്‍.

മധ്യപൂര്‍വദേശത്തെ ഏറ്റവും പ്രധാനപ്പെട്ട ശാക്തിക മാറ്റങ്ങളിലൊന്നിന് അടിത്തറയിടുന്ന നീക്കമായാണ് പലരും കരാറിനെ കാണുന്നത്. അമേരിക്കയും ഇസ്രയേലും ചേര്‍ന്ന് ഇറാനെതിരെ നടത്തുന്ന യുദ്ധവും മേഖലയിലുടനീളം ഇസ്രയേല്‍ കൂടുതല്‍ ആക്രമണാത്മകമായ സൈനിക നടപടികള്‍ സ്വീകരിക്കുന്ന സാഹചര്യവുമാണ് കരാറിന്റെ പശ്ചാത്തലം.

കരാറിലെ പ്രധാന വ്യവസ്ഥകളിലൊന്ന് മൂന്ന് രാജ്യങ്ങളില്‍ ഏതെങ്കിലും ഒന്നിനെതിരായ ആക്രമണം മൂന്നു രാജ്യങ്ങള്‍ക്കുമെതിരായ ആക്രമണമായി കണക്കാക്കുമെന്നതാണ്. നേറ്റോയുടെ ആര്‍ട്ടിക്കിള്‍ 5നെ അനുസ്മരിപ്പിക്കുന്ന വ്യവസ്ഥയാണിത്.

പ്രവചിക്കാന്‍ സാധിക്കാന്‍ വിധത്തിലുള്ള നീക്കങ്ങളും പ്രസ്താവനകളും നടത്തുന്ന യു എസ് ഭരണകൂടത്തോടുള്ള ആശങ്കയിലുണ്ടായ വര്‍ധനയാണ് കരാറിന് പിന്നിലെന്നാണ് ചിലരുടെ വിലയിരുത്തല്‍. ഇത് മധ്യപൂര്‍വദേശത്തെ തന്നെ മാറ്റിമറിച്ചേക്കാവുന്ന വിപുലമായ സുരക്ഷാ പുനഃക്രമീകരണത്തിന് തുടക്കമാകുമെന്നും അവര്‍ കരുതുന്നു.

അതേസമയം, അമേരിക്കയുടെ സമീപകാല നടപടികള്‍ ഈ കരാര്‍ വേഗത്തില്‍ രൂപപ്പെടാനുള്ള സാഹചര്യം സൃഷ്ടിച്ചിട്ടുണ്ടെങ്കിലും സഖ്യരാജ്യങ്ങള്‍ കൂടുതല്‍ സുരക്ഷാ ബാധ്യത ഏറ്റെടുക്കണമെന്ന അമേരിക്കയുടെ തന്ത്രപരമായ ലക്ഷ്യങ്ങളുമായി കരാര്‍ പൊരുത്തപ്പെടുന്നുവെന്നാണ് മറ്റൊരു വിഭാഗത്തിന്റെ വാദം.

ഈ കരാര്‍ ഏറ്റവും വലിയ സ്വാധീനം ചെലുത്താന്‍ സാധ്യതയുള്ള മേഖല നയതന്ത്ര രംഗമായിരിക്കുമെന്നാണ് പല വിദഗ്ധരും കരുതുന്നത്. പ്രത്യേകിച്ച് 'അബ്രഹാം കരാറുകള്‍'ക്ക് കീഴില്‍ അറബ് രാജ്യങ്ങളും ഇസ്രയേലും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കാനുള്ള ശ്രമങ്ങള്‍ക്ക് പുതിയ പ്രതിരോധ കരാര്‍ വലിയ വെല്ലുവിളി ഉയര്‍ത്തിയേക്കാം.

ട്രംപ് ഭരണകൂടത്തിന്റെ മധ്യപൂര്‍വദേശ നയത്തിന്റെ പ്രധാന സംഗതികളിലൊന്നാണ് ഇസ്രയേലുമായി കൂടുതല്‍ പ്രാദേശിക സഹകരണം സ്ഥാപിക്കുകയെന്നത്. ട്രംപിന്റെ ആദ്യ ഭരണകാലം മുതല്‍ തന്നെ ഈ നയം പിന്തുടര്‍ന്നുവരുന്നുണ്ട്. എന്നാല്‍ പരസ്പര പ്രതിരോധ കരാര്‍ ഈ ശ്രമത്തിന് തിരിച്ചടിയാകാന്‍ സാധ്യതയുണ്ടെന്ന് സെന്റര്‍ ഫോര്‍ ഇന്റര്‍നാഷണല്‍ പോളിസിയിലെ സീനിയര്‍ ഫെലോ സിന തൂസി പറയുന്നു.

'പ്രാദേശിക അധികാര സന്തുലിതാവസ്ഥ ഇസ്രയേലിന് അനുകൂലമായി മാറ്റാനും അബ്രഹാം കരാറുകള്‍ പോലുള്ള സംരംഭങ്ങളിലൂടെ പ്രാദേശിക ഏകീകരണം വേഗത്തിലാക്കാനുമാണ് അമേരിക്കയും ഇസ്രയേലും ഇറാനെതിരായ യുദ്ധത്തിലേക്ക് നീങ്ങിയത്. എന്നാല്‍ യുദ്ധാനന്തരം ഉണ്ടായ ആദ്യത്തെ പ്രധാന സംഭവങ്ങളിലൊന്ന്, കൂടുതല്‍ തന്ത്രപരമായ സ്വയംഭരണത്തിനായി ശ്രമിക്കുന്ന മൂന്ന് പ്രധാന മുസ്ലിം ശക്തികള്‍ ചേര്‍ന്ന് ഒരു പ്രതിരോധ സംരംഭം രൂപീകരിച്ചതാണ്,'- തൂസി പറഞ്ഞു.

പുതിയ കരാറിന്റെ പൂര്‍ണ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ലെങ്കിലും സംയുക്ത പ്രസ്താവനയില്‍ വ്യവസ്ഥകളെക്കുറിച്ച് വിശദീകരിച്ചിട്ടുണ്ട്. 

മൂന്ന് രാജ്യങ്ങളില്‍ ഏതെങ്കിലും ഒന്നിനെതിരായ സായുധ ആക്രമണം മൂന്നുപേര്‍ക്കുമെതിരായ ആക്രമണമായി കണക്കാക്കുമെന്നതാണ് കരാറിന്റെ കേന്ദ്രവ്യവസ്ഥയെന്ന് പ്രസ്താവന വ്യക്തമാക്കുന്നു. എന്നാല്‍ ഈ വ്യവസ്ഥ പ്രായോഗികമായി ഇതുവരെ പരീക്ഷിക്കപ്പെട്ടിട്ടില്ല.

2025 സെപ്റ്റംബറില്‍ സൗദി അറേബ്യയും പാകിസ്ഥാനും തമ്മില്‍ ഒപ്പുവെച്ച സമാനമായ പരസ്പര പ്രതിരോധ കരാറിന്റെ തുടര്‍ച്ചയായാണ് പുതിയ കരാറിനെ കാണുന്നത്. ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയതിന് ഏതാനും ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു പ്രസ്തുത കരാറുണ്ടായത്. അമേരിക്കയുടെ ഏറ്റവും അടുത്ത സഖ്യരാജ്യങ്ങളിലൊന്നായ ഇസ്രയേലിനെ നിയന്ത്രിക്കാനുള്ള വാഷിംഗ്ടണിന്റെ കഴിവിനെക്കുറിച്ചുള്ള ആശങ്കകള്‍ ഇതോടെ കൂടുതല്‍ ശക്തമായിരുന്നു.

പുതിയ കരാര്‍ നിലവിലുള്ള മറ്റ് സഖ്യങ്ങള്‍ക്ക് പകരമാകുന്നതല്ലെന്നും അവയ്ക്ക് പൂരകമായാണ് പ്രവര്‍ത്തിക്കുകയെന്നും റിയാദ്, അങ്കാറ, ഇസ്ലാമാബാദ് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

എന്നാല്‍ മൂന്ന് രാജ്യങ്ങള്‍ തമ്മിലുള്ള പ്രതിരോധ ബന്ധം ശക്തമാകുമ്പോഴും ഓരോ രാജ്യത്തിന്റെയും താത്പര്യങ്ങള്‍ വ്യത്യസ്തമാണെന്നും ചിലപ്പോള്‍ പരസ്പരം വിരുദ്ധവുമാകാമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഫെബ്രുവരി 28ന് അമേരിക്ക- ഇസ്രയേല്‍ യുദ്ധം ആരംഭിച്ചതിന് പിന്നാലെ ഇറാന്റെ തിരിച്ചടിയാക്രമണങ്ങള്‍ പലതും സൗദി അറേബ്യ നേരിട്ടിട്ടുണ്ട്. അടുത്തിടെ യെമനിലെ ഹൂതികളില്‍നിന്നും ഇറാനുമായി സഖ്യമുള്ള ഇറാഖിലെ സായുധ സംഘങ്ങളില്‍നിന്നും ആക്രമണങ്ങള്‍ വര്‍ധിക്കുകയും ചെയ്തു.

നേറ്റോയിലെ രണ്ടാമത്തെ വലിയ സ്ഥിരസൈന്യമാണ് തുര്‍ക്കിയുടേത്. രാജ്യത്തിന് ആധുനിക സൈനിക സാങ്കേതികവിദ്യയും കൈവശമുണ്ട്. സൗദി അറേബ്യയാകട്ടെ കരാറിലേക്ക് വലിയ സാമ്പത്തിക ശേഷിയാണ് കൊണ്ടുവരുന്നത്. മൂന്ന് രാജ്യങ്ങളില്‍ ആണവായുധ ശേഷിയുള്ള ഏക രാജ്യം പാകിസ്ഥാനാണ്.

ട്രംപ് ഭരണകൂടം നേറ്റോയോട് ചില ഘട്ടങ്ങളില്‍ സ്വീകരിച്ച രൂക്ഷമായ സമീപനവും ബഹുമുഖ സഹകരണത്തില്‍നിന്നുള്ള അമേരിക്കയുടെ പിന്മാറ്റവും പുതിയ സഖ്യവുമായി ബന്ധപ്പെടുത്തി ചിലര്‍ നിരീക്ഷിക്കുന്നുണ്ട്. വാഷിംഗ്ടണിന്റെ തന്ത്രപരമായ സ്വാധീനം ദുര്‍ബലമാകുന്നതിന്റെ പ്രാരംഭഘട്ടത്തിലുള്ള വ്യക്തമായ സൂചനയാണ് കരാറെന്ന് അവര്‍ പറയുന്നു.

'മധ്യപൂര്‍വദേശത്തും പേര്‍ഷ്യന്‍ ഗള്‍ഫിലും നേറ്റോയുമായും ഏഷ്യയിലെ സഖ്യരാജ്യങ്ങളുമായുമുള്ള നമ്മുടെ സഖ്യത്തിന്റെ അടിത്തറ തന്നെ ഇളകിയിരിക്കുകയാണ്. ഒരുപക്ഷേ അത് തകര്‍ന്നിട്ടില്ലെങ്കിലും അതിനെ ഗൗരവത്തോടെയും ആശങ്കയോടെയും കാണേണ്ട വിഷയമാണ്' എന്നാണ് കില്ലോവന്‍ ഗ്രൂപ്പ് ഉപദേശക സ്ഥാപനത്തിന്റെ ചെയര്‍മാനും മുന്‍ നാവിക ഉദ്യോഗസ്ഥനുമായ ഹാര്‍ലന്‍ ഉല്‍മാന്‍ പറയുന്നത്. 

ഗള്‍ഫ് മേഖലയിലെ അമേരിക്കന്‍ സമീപനം പ്രധാനമായും സൈനിക, സാമ്പത്തിക, നയതന്ത്ര ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിലാണ് അധിഷ്ഠിതമായിരുന്നത്. പകരം ഗള്‍ഫ് രാജ്യങ്ങള്‍ അമേരിക്കയില്‍നിന്ന് സുരക്ഷാ ഉറപ്പുകളാണ് പ്രതീക്ഷിച്ചിരുന്നത്.

1980കളുടെ തുടക്കത്തില്‍ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രൂപീകരിച്ചതോടെ ഈ തന്ത്രം കൂടുതല്‍ ശക്തമായി. തുടര്‍ന്ന് ഇറാഖിലും അഫ്ഗാനിസ്ഥാനിലും അമേരിക്ക നടത്തിയ അധിനിവേശങ്ങള്‍ക്കിടയിലും വാഷിംഗ്ടണ്‍ വിളിച്ച 'ഭീകരതയ്ക്കെതിരായ ആഗോള യുദ്ധ'ത്തിന്റെ ഭാഗമായി ഈ ബന്ധം കൂടുതല്‍ വ്യാപിക്കുകയും ചെയ്തു. 

മധ്യപൂര്‍വദേശത്തെ 19 കേന്ദ്രങ്ങളിലായി ഏകദേശം 50,000 അമേരിക്കന്‍ സൈനികരാണ് നിലവിലുള്ളത്. തുര്‍ക്കി, കുവൈത്ത്, ബഹ്‌റൈന്‍, ഖത്തര്‍, യു എ ഇ എന്നിവിടങ്ങളില്‍ അമേരിക്കയുടെ നിയന്ത്രണത്തിലുള്ള സൈനിക താവളങ്ങളുണ്ട്. സൗദി അറേബ്യ, ഒമാന്‍, ജോര്‍ദാന്‍, ഇറാഖ്, ഇസ്രയേല്‍ എന്നിവിടങ്ങളിലെ താവളങ്ങളിലും അമേരിക്കന്‍ സാന്നിധ്യമുണ്ട്.

ഖത്തര്‍, ബഹ്‌റൈന്‍, ജോര്‍ദാന്‍, സൗദി അറേബ്യ, കുവൈത്ത്, ഈജിപ്ത് എന്നിവയുള്‍പ്പെടെ മേഖലയിലെ നിരവധി രാജ്യങ്ങളെ അമേരിക്ക 'പ്രധാന നേറ്റോ ഇതര സഖ്യരാജ്യങ്ങള്‍' ആയി പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് അവരുടെ സൈനിക, സാമ്പത്തിക ബന്ധങ്ങള്‍ക്ക് അമേരിക്ക നല്‍കുന്ന പ്രാധാന്യത്തിന്റെ സൂചനയാണ്. പാകിസ്ഥാനും പ്രധാന നേറ്റോ ഇതര സഖ്യരാജ്യമാണ്. എന്നാല്‍ ഇറാനെതിരായ അമേരിക്ക- ഇസ്രയേല്‍ യുദ്ധം ഈ സഖ്യങ്ങളുടെ അടിത്തറ തന്നെ ദുര്‍ബലപ്പെടുത്തിയെന്നാണ് വിമര്‍ശകരുടെ വാദം.

കിംഗ്‌സ് കോളജ് ലണ്ടനിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് വാര്‍ സ്റ്റഡീസിലെ സീനിയര്‍ ഫെലോ നവാഫ് ഒബൈദ്, പാകിസ്ഥാന്‍- സൗദി- തുര്‍ക്കി കരാറിനെ 'അമേരിക്ക രൂപകല്‍പ്പന ചെയ്ത പ്രാദേശിക സുരക്ഷാ സംവിധാനത്തില്‍' നിന്നുള്ള മാറ്റത്തിന്റെ ഇതുവരെയുള്ള ഏറ്റവും വ്യക്തമായ സൂചനയെന്നാണ് വിശേഷിപ്പിച്ചത്. 'നേരത്തെ തന്നെ ആരംഭിച്ചിരുന്ന ഒരു പരിവര്‍ത്തനത്തെ അമേരിക്ക- ഇറാന്‍ യുദ്ധം വേഗത്തിലാക്കി' എന്നും ഒബൈദ് പറഞ്ഞു.

അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്ക് ആതിഥേയത്വം വഹിച്ചതിന്റെ പേരില്‍ നിരവധി ഗള്‍ഫ് രാജ്യങ്ങള്‍ ഇറാന്റെ ആക്രമണങ്ങളുടെ ലക്ഷ്യങ്ങളായി മാറിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

'ഇറാന്റെ തിരിച്ചടിയാക്രമണങ്ങള്‍ ഗള്‍ഫിലെ അമേരിക്കന്‍ സൈനിക താവളങ്ങളുടെ ദുര്‍ബലത തുറന്നുകാട്ടുകയും വലിയ തോതിലുള്ള യുദ്ധസേനയെ പുനഃക്രമീകരിക്കാന്‍ അമേരിക്കയെ നിര്‍ബന്ധിതമാക്കുകയും ചെയ്തു'- ഒബൈദ് ചൂണ്ടിക്കാട്ടി. 

മേഖലയിലെ സഖ്യരാജ്യങ്ങളുമായുള്ള ബന്ധത്തിലെ ഇളക്കം അമേരിക്കയുടെ ഭാഗത്തും കാണാനാവും. മുന്‍ പ്രസിഡന്റുമാരായ ബറാക് ഒബാമയുടെയും ജോ ബൈഡന്റെയും ഭരണകൂടങ്ങള്‍ ഉള്‍പ്പെടെയുള്ള തുടര്‍ച്ചയായ അമേരിക്കന്‍ ഭരണകൂടങ്ങള്‍ മധ്യപൂര്‍വദേശത്തുനിന്ന് ശ്രദ്ധ പതുക്കെ മാറ്റി ചൈനയിലും ഏഷ്യ- പസഫിക് മേഖലയിലും കൂടുതല്‍ ഊന്നല്‍ നല്‍കാന്‍ ശ്രമിച്ചിരുന്നു.

ട്രംപിന്റെ രണ്ടാം ഭരണകാലത്തിന്റെ തുടക്കത്തില്‍ പുറത്തിറക്കിയ 2025ലെ ദേശീയ സുരക്ഷാ തന്ത്രരേഖയിലും മധ്യപൂര്‍വദേശത്തെക്കുറിച്ച് പരിമിതമായ പരാമര്‍ശം മാത്രമാണുണ്ടായിരുന്നത്.

മേഖലയില്‍ അമേരിക്കയുടെ രഹസ്യാന്വേഷണ ബന്ധങ്ങളും സൈനിക ശക്തിയും സാങ്കേതികവിദ്യയും സാമ്പത്തിക സ്വാധീനവും ഇപ്പോഴും ശക്തമായി തുടരുമെങ്കിലും അമേരിക്കന്‍ സൈനിക സാന്നിധ്യം ക്രമേണ കുറയുമെന്ന് ഒബൈദ് പ്രവചിക്കുന്നു.

എന്നാല്‍ 'ഇപ്പോള്‍ മധ്യപൂര്‍വദേശത്ത് തുറന്ന യുദ്ധമാണ് നടക്കുന്നത്. അമേരിക്കന്‍ സൈനികരെയോ സുരക്ഷാ പ്രതിബദ്ധതകളെയോ പിന്‍വലിക്കാനുള്ള സമയമല്ല ഇത്' എന്നാണ് ബ്രൂക്കിങ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഫെലോ അസ്ലി ഐഡിന്റാസ്ബാസ് പറയുന്നത്. സഖ്യരാജ്യങ്ങള്‍ കൂടുതല്‍ സുരക്ഷാ ബാധ്യത ഏറ്റെടുക്കണമെന്ന അമേരിക്കയുടെ ആഹ്വാനവുമായി പുതിയ സുരക്ഷാ കരാര്‍ പൊരുത്തപ്പെടുന്നതായി വാഷിംഗ്ടണ്‍ കാണാനിടയുണ്ടെന്ന് കരുതുന്ന വിദഗ്ധരിലൊരാളാണ് ഐഡിന്റാസ്ബാസ്. കരാറിന് അതിന്റേതായ പരിമിതികളുണ്ടെന്നും അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ക്ക് അത് പൂര്‍ണമായി അറിയാമെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. 

റോയല്‍ യുണൈറ്റഡ് സര്‍വീസസ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ മധ്യപൂര്‍വദേശ സുരക്ഷാ വിഭാഗം സീനിയര്‍ റിസര്‍ച്ച് ഫെലോ ബുര്‍കു ഓസ്‌ചെലിക്കും ഈ കരാറിനെ 'അമേരിക്കാനന്തര മധ്യപൂര്‍വദേശം രൂപപ്പെടുന്നതിന്റെ തെളിവായി' കാണുന്നതില്‍ ജാഗ്രത വേണമെന്ന് പറഞ്ഞു. അമേരിക്കന്‍ പങ്കാളികള്‍ തമ്മിലുള്ള ശക്തമായ പ്രാദേശിക സുരക്ഷാ സഹകരണം അമേരിക്കന്‍ തന്ത്രത്തിന്റെ ദിശയുമായി പൂര്‍ണമായും പൊരുത്തപ്പെടുന്നതാണെന്നും ഓസ്‌ചെലിക്ക് പറയുന്നു. 

പരസ്പര പ്രതിരോധ കരാര്‍ സമീപഭാവിയില്‍ അമേരിക്കയുടെ സൈനിക തന്ത്രത്തില്‍ വലിയ മാറ്റമുണ്ടാക്കില്ലെങ്കിലും അബ്രഹാം കരാറുകള്‍ക്ക് കീഴില്‍ ഇസ്രയേലുമായുള്ള പ്രാദേശിക ബന്ധങ്ങള്‍ സാധാരണ നിലയിലാക്കാനുള്ള ശ്രമങ്ങളെക്കുറിച്ച് ശക്തമായ സന്ദേശമാണ് ഇത് നല്‍കുന്നതെന്ന് വിലയിരുത്തപ്പെടുന്നു. ട്രംപിന്റെ ആദ്യ ഭരണകാലത്ത് യു എ ഇ, ബഹ്‌റൈന്‍, മൊറോക്കോ എന്നീ രാജ്യങ്ങള്‍ അബ്രഹാം കരാറുകളില്‍ ഒപ്പുവെക്കുന്നതിന് അദ്ദേഹം നേതൃത്വം നല്‍കിയിരുന്നു. എന്നാല്‍ ഗാസയിലെ ഇസ്രയേലിന്റെ വംശഹത്യാ യുദ്ധം ഈ ശ്രമത്തിലെ സമീപകാല പുരോഗതിക്ക് തിരിച്ചടിയായി. പാലസ്തീന്‍ സമാധാനത്തിന്റെയും പാലസ്തീന്‍ രാഷ്ട്രപദവിയുടെയും പ്രശ്‌നങ്ങളെ അവഗണിച്ചുകൊണ്ടുള്ള നീക്കമാണിതെന്ന വിമര്‍ശനവും നേരത്തെ തന്നെ ഉയര്‍ന്നിരുന്നു.

സൗദി അറേബ്യയും ഇസ്രയേലും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കുകയെന്നത് ട്രംപ് ഭരണകൂടത്തിന്റെ ഏറെക്കാലമായുള്ളതും ഇതുവരെ കൈവരിക്കാനാകാത്തതുമായ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. പാകിസ്ഥാന്‍- തുര്‍ക്കി- സൗദി അറേബ്യ പ്രതിരോധ കരാര്‍ അബ്രഹാം കരാറുകള്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള സാധ്യതയെ കൂടുതല്‍ അകലെയാക്കുന്നതായി വിദഗ്ധര്‍ പറയുന്നു. ഒരുപക്ഷേ ഈ ശ്രമത്തിന് അന്ത്യം കുറിക്കുന്ന തരത്തിലുള്ള തിരിച്ചടിയായും ഇത് മാറാം.

സൗദി അറേബ്യ അബ്രഹാം കരാറുകളില്‍ ചേരുന്നതിനെ സൗദിക്ക് ആണവ റിയാക്ടറുകള്‍ വില്‍ക്കുന്നതിനുള്ള വ്യവസ്ഥയായി അമേരിക്കന്‍ പ്രസിഡന്റ് നിശ്ചയിച്ചതിന് പിന്നാലെ ഈ കരാറിന് കൂടുതല്‍ പ്രാധാന്യമുണ്ടെന്നാണ് പ്രതിരോധ വിദഗ്ധന്‍ അലക്‌സ് അല്‍ഫിറാസ് ഷീര്‍സ് പറയുന്നത്.

'സൗദി അറേബ്യയുമായുള്ള ആണവ സഹകരണ കരാര്‍ അബ്രഹാം കരാറുകളില്‍ സൗദി ചേരുന്നതിനെ ആശ്രയിച്ചായിരിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് വ്യക്തമാക്കിയ വസ്തുത തന്നെ ഗള്‍ഫ് മേഖലയിലുടനീളം ആശങ്ക ഉയര്‍ത്തി. അബ്രഹാം കരാറുകള്‍ ഇപ്പോള്‍ സമ്മര്‍ദം ചെലുത്താനുള്ള ഉപാധിയായി ഉപയോഗിക്കപ്പെടുകയാണെന്ന സന്ദേശമാണ് ഇതിലൂടെ ലഭിച്ചത്'- അദ്ദേഹം പറഞ്ഞു.

'പാലസ്തീന്‍ പ്രശ്‌നത്തിന് പരിഹാരം കാണാത്തിടത്തോളം സൗദി അറേബ്യ അബ്രഹാം കരാറുകളില്‍ ചേരില്ലെന്ന കാര്യം ഇതോടെ പൂര്‍ണമായും വ്യക്തമായി' എന്നാണ് ബ്രൂക്കിംഗ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഐഡിന്റ്‌സബാസിന്റെ വിലയിലുത്തല്‍.