ഒക്ടോബര്‍ 27നാണ് ഇസ്രായേലില്‍ ദേശീയ തെരഞ്ഞെടുപ്പ് നടക്കുക. 2023 ഒക്ടോബര്‍ 7ന് ഹമാസ് നടത്തിയ ആക്രമണത്തിന് ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. പ്രസ്തുത ആക്രമണം രാജ്യത്തെ നടുക്കിയെങ്കിലും തുടര്‍ന്ന് ഇസ്രായേല്‍ ഗാസ, ലെബനന്‍, ഇറാന്‍ എന്നിവിടങ്ങളിലേക്ക് യുദ്ധം വ്യാപിപ്പിക്കുകയും മധ്യപൂര്‍വദേശത്തെ സംഘര്‍ഷത്തിലേക്ക് തള്ളിവിടുകയും ചെയ്തു.
പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് വ്യക്തമായ തോല്‍വി പ്രവചിക്കുന്നതാണ് അഭിപ്രായ സര്‍വേകളെങ്കിലും ഇസ്രായേലിലെ തെരഞ്ഞെടുപ്പ് അത് ലളിതമല്ല. രാഷ്ട്രീയ സംവിധാനം വിഭജിക്കപ്പെട്ട അവസ്ഥയിലുള്ളതായതിനാല്‍ ആര് വേണമെങ്കിലും അധികാര രൂപീകരണത്തില്‍ നിര്‍ണായക പങ്കുവഹിക്കുന്ന 'കിംഗ്മേക്കര്‍' ആയി മാറാന്‍ സാധ്യതയുണ്ട്.
അഭിപ്രായ സര്‍വേകള്‍ കാണിക്കുന്നത്
തുടര്‍ച്ചയായി പുറത്തുവരുന്ന വിവിധ സര്‍വേകള്‍ നെതന്യാഹുവിന് തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിടാനുള്ള സാധ്യതയാണ് സൂചിപ്പിക്കുന്നത്. ഒക്ടോബര്‍ 7ലെ ആക്രമണം അദ്ദേഹത്തിന്റെ സുരക്ഷാ വിഷയങ്ങളിലെ വിശ്വാസ്യതയ്ക്ക് കനത്ത ആഘാതമാണ് ഏല്‍പ്പിച്ചത്. ഹമാസ്, ഹിസ്ബുല്ല, ഇറാന്‍ എന്നിവര്‍ക്കെതിരായ യുദ്ധങ്ങള്‍ക്ക് പൊതുജനങ്ങളില്‍ വലിയൊരു വിഭാഗം പിന്തുണ നല്‍കിയിട്ടുണ്ടെങ്കിലും, നെതന്യാഹുവിന്റെ നേതൃത്വത്തില്‍ വിശ്വാസം കുറവാണെന്നാണ് സര്‍വേകള്‍ വ്യക്തമാക്കുന്നത്.
മതവും ഭരണകൂടവും തമ്മില്‍ ബന്ധപ്പെട്ട വിഷയങ്ങളില്‍ നെതന്യാഹു സര്‍ക്കാരിന്റെ നയങ്ങളും നിരവധി ഇസ്രായേലികള്‍ക്കിടയില്‍ ജനപ്രീതി ഇല്ലാതാക്കിയിട്ടുണ്ട്. എന്നാല്‍ ഇസ്രായേലില്‍ ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രിയായിരുന്ന നേതാവ് രാഷ്ട്രീയ പ്രതിസന്ധികളെ അതിജീവിക്കുന്നതില്‍ അസാധാരണമായ കഴിവുകള്‍ പ്രകടിപ്പിക്കാറുണ്ടെന്നത് അദ്ദേഹത്തിനെതിരെയുള്ള സര്‍വേകളെ എത്രമാത്രം വിശ്വാസത്തിലെടുക്കാമെന്ന ചിന്തയും ഉളവാക്കുന്നുണ്ട്. മാത്രമല്ല, നെതന്യാഹുവിന്റെ എതിരാളികള്‍ക്ക് അധികാരത്തിലെത്താന്‍ വ്യക്തമായൊരു വഴി തുറന്നുകിട്ടിയെന്ന അവസ്ഥകളൊന്നും ഇതുവരെയുള്ള സര്‍വേകള്‍ കാണിച്ചിട്ടുമില്ല.
നെതന്യാഹുവിന്റെ പ്രധാന എതിരാളികള്‍
ഗാദി ഐസന്‍കോട്ട്: ഗാസയില്‍ മകനെ നഷ്ടപ്പെട്ട ഐസന്‍കോട്ടിന് സര്‍വേകളില്‍ പിന്തുണ വര്‍ധിക്കുന്നുണ്ട്. മുന്‍ സൈനിക മേധാവിയായ അദ്ദേഹം രാഷ്ട്രീയത്തിന് പുറത്തുനിന്നെത്തിയ വ്യക്തി, സൈനികന്‍, ശക്തമായ സുരക്ഷാ നിലപാടുള്ള നേതാവ് തുടങ്ങിയ പ്രതിച്ഛായ ഉയര്‍ത്തിപ്പിടിക്കുന്നുമുണ്ട്. ദീര്‍ഘകാലം ഉന്നത രാഷ്ട്രീയ പദവികളിലിരുന്ന നെതന്യാഹുവിന്റെ പശ്ചാത്തലത്തില്‍ നിന്നും ഇപ്പോഴും തുടരുന്ന അഴിമതി കേസുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് ലളിതമായ കുടുംബപശ്ചാത്തലവും കുടുംബം സഹിച്ച ത്യാഗങ്ങളുമുള്ള ഗാദി ഐസന്‍കോട്ടിന്റേത്.
നഫ്താലി ബെനെറ്റും യായര്‍ ലാപിഡും: രാഷ്ട്രീയ നിലപാടുകളില്‍ എതിര്‍ ധ്രുവങ്ങളില്‍ നിന്നുള്ളവരാണെങ്കിലും 2021ലെ തെരഞ്ഞെടുപ്പിന് ശേഷം നഫ്താലി ബെനെറ്റും യായര്‍ ലാപിഡും ചേര്‍ന്ന സഖ്യം നെതന്യാഹുവിനെ അധികാരത്തില്‍ നിന്ന് പുറത്താക്കിയിരുന്നു. ലിബറല്‍, യാഥാസ്ഥിതിക പാര്‍ട്ടികളെ ഉള്‍പ്പെടുത്തി അവര്‍ കൂട്ടുകക്ഷി സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്തു. ഇസ്രായേലിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു ഇസ്ലാമിസ്റ്റ് അറബ് പാര്‍ട്ടിയും പ്രസ്തുത സര്‍ക്കാരിന്റെ ഭാഗമാവുകയും ചെയ്തു. എന്നാല്‍ സര്‍ക്കാറിന്റെ നിലനില്‍പ്പ് കേവലം 18 മാസം മാത്രമായിരുന്നു.
അവിഗ്‌ദോര്‍ ലിബര്‍മാന്‍: ഒരുകാലത്ത് നെതന്യാഹുവിന്റെ സഹായി കൂടിയായിരുന്ന മുന്‍ പ്രതിരോധമന്ത്രി ലിബര്‍മാന്‍ അദ്ദേഹത്തിന്റെ സഖ്യകക്ഷിയുമായിരുന്നു. മുന്‍ മേധാവിയേക്കാള്‍ കടുത്ത നിലപാടുള്ള ലിബര്‍മാന്‍, 2018ല്‍ നെതന്യാഹു സര്‍ക്കാരില്‍ നിന്ന് രാജിവെച്ചു. ഗാസയിലെ പാലസ്തീന്‍ സായുധ സംഘങ്ങള്‍ക്കെതിരെ പ്രധാനമന്ത്രി വേണ്ടത്ര ശക്തമായ നിലപാട് സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു രാജി. പിന്നീട് നെതന്യാഹുവിന്റെ ഏറ്റവും കടുത്ത വിമര്‍ശകരില്‍ ഒരാളായി അദ്ദേഹം മാറി.
ഇസ്രായേലിലെ തെരഞ്ഞെടുപ്പ് രീതി
പാര്‍ലമെന്ററി രീതിയിലാണ് ഇസ്രായേലിലെ തെരഞ്ഞെടുപ്പ് നടക്കുന്നത്. 120 അംഗങ്ങളുള്ള പാര്‍ലമെന്റായ നെസറ്റിലേക്കുള്ള തെരഞ്ഞെടുപ്പ് നാല് വര്‍ഷത്തിലൊരിക്കലാണ് നടക്കേണ്ടത്. എന്നാല്‍ പ്രായോഗികമായി വളരെ കുറച്ച് നെസറ്റുകള്‍ക്കു മാത്രമാണ് പൂര്‍ണ കാലാവധി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടുള്ളത്.
2019 മുതല്‍ 2022 വരെ ഇസ്രായേലില്‍ ഹ്രസ്വകാല സര്‍ക്കാരുകളുടെയും തുടര്‍ച്ചയായ തെരഞ്ഞെടുപ്പുകളുടെയും കാലമായിരുന്നു. 2022ല്‍ നെതന്യാഹു പാര്‍ലമെന്റില്‍ ശക്തമായ ഭൂരിപക്ഷം ഉറപ്പിക്കുകയും ഇസ്രായേലിന്റെ ചരിത്രത്തിലെ ഏറ്റവും വലതുപക്ഷ സ്വഭാവമുള്ള സര്‍ക്കാരിന് നേതൃത്വം നല്‍കി വീണ്ടും അധികാരത്തിലെത്തുകയും ചെയ്തു. നെസറ്റിന് പൂര്‍ണ കാലാവധി തികക്കാന്‍ സാധിച്ച അപൂര്‍വ അവസരങ്ങളിലൊന്നാണ് പുതിയ തെരഞ്ഞെടുപ്പ്.
കൂട്ടുകക്ഷി സര്‍ക്കാരുകളുടെ സാധ്യത
ദേശീയതലത്തില്‍ ലഭിക്കുന്ന വോട്ടിന്റെ അനുപാതമനുസരിച്ചാണ് നെസറ്റിലെ സീറ്റുകള്‍ അനുവദിക്കുന്നത്. ദേശീയ വോട്ടിന്റെ 3.25 ശതമാനം എന്ന തെരഞ്ഞെടുപ്പ് പരിധി മറികടക്കുന്ന പാര്‍ട്ടികള്‍ക്കാണ് സീറ്റുകള്‍ ലഭിക്കുക. ഇത് നാല് സീറ്റുകള്‍ക്ക് തുല്യമാണ്.
ഇസ്രായേലില്‍ ഒരു പാര്‍ട്ടിയും ഇതുവരെ ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടിയിട്ടില്ല. അതിനാല്‍ വിവിധ പാര്‍ട്ടികള്‍ ചേര്‍ന്നാണ് സര്‍ക്കാരുകള്‍ രൂപീകരിക്കുന്നത്. പാര്‍ട്ടികള്‍ക്കിടയില്‍ ഭിന്നതകള്‍ ഉടലെടുക്കുമ്പോള്‍ കൂട്ടുകക്ഷികള്‍ വളരെ വേഗത്തില്‍ തകരാനും സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ചെറിയ പാര്‍ട്ടികള്‍ക്ക് പ്രധാനമന്ത്രിയെ നിയമിക്കുന്നതിലും അദ്ദേഹം എത്രകാലം അധികാരത്തില്‍ തുടരണമെന്ന കാര്യത്തിലും വലിയ സ്വാധീനം ചെലുത്താന്‍ സാധിക്കും. സ്വന്തം സര്‍ക്കാറിന്റെ അധികാരം നിലനിര്‍ത്താന്‍ പ്രധാനമന്ത്രിമാര്‍ക്ക് പലപ്പോഴും വിവിധ വിഭാഗങ്ങളുടെ പ്രത്യേക ആവശ്യങ്ങള്‍ പരിഗണിക്കേണ്ടിവരാറുണ്ട്.
തന്റെ രാഷ്ട്രീയ നിലനില്‍പ്പിനായി നെതന്യാഹു അള്‍ട്രാ- ഓര്‍ത്തഡോക്‌സ് ജൂത പാര്‍ട്ടികളെ ആശ്രയിച്ചിട്ടുണ്ട്. നിര്‍ബന്ധിത സൈനിക സേവനത്തില്‍ നിന്ന് തങ്ങളുടെ സമുദായത്തിലെ വലിയൊരു വിഭാഗം ഒഴിവാക്കപ്പെടണമെന്ന അവരുടെ ആവശ്യം ഇസ്രായേലില്‍ കടുത്ത വിവാദ വിഷയമാണ്. യുദ്ധകാലമായതിനാല്‍ ഈ വിഷയം കൂടുതല്‍ രൂക്ഷമാവുകയും ചെയ്തിട്ടുണ്ട്.
ഇസ്രായേലിലെ പ്രധാന പാര്‍ട്ടികള്‍
തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന പാര്‍ട്ടികള്‍ക്ക് തങ്ങളുടെ സ്ഥാനാര്‍ഥി പട്ടിക സമര്‍പ്പിക്കാനുള്ള സമയപരിധി സെപ്റ്റംബറിലാണ് അവസാനിക്കുക. അതുകൊണ്ടുതന്നെ രാഷ്ട്രീയ രംഗത്ത് ഇനിയും മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. കൂടുതല്‍ പാര്‍ട്ടികള്‍ മത്സരരംഗത്തേക്ക് വരികയും ചില പാര്‍ട്ടികള്‍ ലയിക്കുകയും ചിലത് മത്സരത്തില്‍ നിന്ന് പിന്മാറുകയും ചെയ്‌തേക്കാം.
നെതന്യാഹുവിന്റെ കൂട്ടുകക്ഷിയില്‍ അദ്ദേഹത്തിന്റെ സ്വന്തം വലതുപക്ഷ പാര്‍ട്ടിയായ ലിക്കുഡ്, ധനമന്ത്രി ബെസലേല്‍ സ്‌മോട്രിച്ചിന്റെ കുടിയേറ്റകേന്ദ്ര അനുകൂല റിലീജിയസ് സയണിസം, ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍-ഗ്വിറിന്റെ തീവ്ര വലതുപക്ഷ ജൂയിഷ് പവര്‍ എന്നിവ ഉള്‍പ്പെടുന്നു.
അള്‍ട്രാ-ഓര്‍ത്തഡോക്‌സ് ജൂത പാര്‍ട്ടികളായ യുണൈറ്റഡ് തോറാ ജൂതായിസം, ഷാസ് എന്നിവ 2024ല്‍ സര്‍ക്കാരില്‍ നിന്ന് പിന്മാറിയെങ്കിലും സര്‍ക്കാരിന് അവര്‍ പിന്തുണ നല്‍കുന്നുണ്ട്.
നെതന്യാഹുവിനെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ മത്സരിക്കുന്നവരില്‍ ഐസന്‍കോട്ടിന്റെ യാഷര്‍ (ഹീബ്രുവില്‍ 'സത്യസന്ധന്‍' അല്ലെങ്കില്‍ 'നേരുള്ളവന്‍' എന്നര്‍ഥം), ബെനെറ്റിന്റെയും ലാപിഡിന്റെയും ടുഗെദര്‍, ഇസ്രായേലിലെ മുന്‍ സോവിയറ്റ് യൂണിയന്‍ കുടിയേറ്റ സമൂഹത്തില്‍നിന്ന് പിന്തുണ നേടുന്ന ലിബര്‍മാന്റെ ഇസ്രായേല്‍ അവര്‍ ഹോം, രാജ്യത്തെ ഏകദേശം 20 ശതമാനം വരുന്ന അറബ് ന്യൂനപക്ഷത്തെ പ്രധാനമായും പ്രതിനിധീകരിക്കുന്ന നാല് പാര്‍ട്ടികളായ ഹദാഷ്, താല്‍, റാം, ബലദ്, മുന്‍ ജനറല്‍ യായര്‍ ഗോലന്‍ നയിക്കുന്ന ഇടതുപക്ഷ ഡെമോക്രാറ്റ്‌സ് എന്നിവ ഉള്‍പ്പെടുന്നു.
