ഹോർമുസിൽ സമാധാന ചർച്ചകൾ അട്ടിമറിക്കാൻ വീണ്ടും നീക്കം, സ്ഥിതി വഷളാക്കാൻ നീക്കങ്ങൾ ആസൂത്രിതമോ?

ഹോർമുസിൽ സമാധാന ചർച്ചകൾ അട്ടിമറിക്കാൻ വീണ്ടും നീക്കം, സ്ഥിതി വഷളാക്കാൻ നീക്കങ്ങൾ ആസൂത്രിതമോ?


കുറേനാളായി പ്രശ്‌നങ്ങളില്ലാതിരുന്ന ഹോർമുസ് കടലിടുക്കിൽ വീണ്ടും സ്ഥിതി വഷളാക്കാൻ നീക്കം. ഒമാൻ തീരത്തിന് സമീപം പേർഷ്യൻ ഉൾക്കടലിൽ ഒരു ടാങ്കറിനു നേരെ ആക്രമണം നടത്തുകയും അതിന് തീപിടിപ്പിക്കുകയും ചെയ്തതായി റിപ്പോർട്ട്. യുഎഇയുടെ എണ്ണക്കപ്പലിന് നേരെ ഇറാൻ മിസൈലാക്രമണം നടത്തിയതായി അബുദാബി നാഷണൽ ഓയിൽ കമ്പനി (അഡ്‌നോക്) സ്ഥിരീകരിച്ചു. 

ഇന്ന് പുലർച്ചെയായിരുന്നു ആക്രമണം. ഇതോടെ ഇറാനെതിരേ ഗൾഫ് രാജ്യങ്ങളുടെ പ്രതിഷേധം രൂക്ഷമായിട്ടുണ്ട്. ഇറാൻ- യുഎസ് യുദ്ധം അവസാനിപ്പിക്കാൻ ഒമാന്റെ മദ്ധ്യസ്ഥതയിൽ നടത്തുന്ന നീക്കം അന്തിമഘട്ടത്തിലേക്ക് കടക്കുന്നതിനിടെ പ്രതിസന്ധി രൂക്ഷമാക്കാൻ ആസൂത്രിതമായി നടത്തിയ ആക്രമണമാണിതെന്ന് ആരോപണമുയർന്നിട്ടുണ്ട്. 


തീപിടിച്ച ഒരു കപ്പലിന്റെ ദൃശ്യങ്ങൾ സഹിതം സോഷ്യൽ മീഡിയയിലാണ് ഈ വിവരം ആദ്യം പുറത്തുവന്നത്. ഓഗസ്റ്റ് 8-ന് ഇറാൻ മറ്റൊരു ടാങ്കറിനു നേരെ ആക്രമണം നടത്തിയെന്ന റോയിട്ടേഴ്‌സിന്റെയും അസോസിയേറ്റഡ് പ്രസിന്റെയും നേരത്തെയുള്ള റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് പുതിയ സംഭവവും ഉണ്ടായിരിക്കുന്നത്. യുഎഇയുടെ ഉടമസ്ഥതയിലുള്ള കപ്പലായിരുന്നു നേരത്തെയും ആക്രമിക്കപ്പെട്ടത്. ഈ ആക്രമണം അഡ്നോക്കും (ADNOC), യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസും സ്ഥിരീകരിച്ചിരുന്നു.

പുതിയ റിപ്പോർട്ടുകൾ പ്രകാരം യുഎഇ കപ്പലിന് നേരെ ഒന്നിലധികം ആന്റി-ഷിപ്പ് ക്രൂയിസ് മിസൈലുകൾ പതിച്ചതായി 'ഗൾഫ് ന്യൂസ്' റിപ്പോർട്ട് ചെയ്തു. ഹോർമുസ് കടലിടുക്ക് വഴി സഞ്ചരിക്കുമ്പോൾ തങ്ങളുടെ 15 ടാങ്കറുകൾക്കെങ്കിലും നേരെ ആക്രമണമുണ്ടായതായി അഡ്നോക് വ്യക്തമാക്കിയിരുന്നു. 


യുഎൻ രക്ഷാസമിതി പമേയം 2817-ന്റെ വ്യക്തമായ ലംഘനമാണ് കപ്പലാക്രമണമെന്ന് യുഎഇ ആരോപിച്ചു. സ്വതന്ത്ര സമുദ്രഗതാഗതം ഉറപ്പാക്കുന്നതിനും അന്താരാഷ്ട്രപാതകളിൽ വാണിജ്യക്കപ്പലുകളെ ലക്ഷ്യമിടുന്നത് എതിർക്കുന്നതുമാണ് ഈ പ്രമേയം. ഇറാന്റെ ഇസ്‌ലാമിക് റെവലൂണറി ഗാർഡ് വാണിജ്യക്കപ്പലുകളെ ആക്രമിക്കുകയും ഹോർമുസ് കടലിടുക്കിനെ സമ്മർദത്തിനും സാമ്പത്തികഭീഷണിക്കുമുള്ള ഉപാധിയായി ഉപയോഗിക്കുകയും ചെയ്യുന്നത് കടൽക്കൊള്ളയ്ക്ക് തുല്യമാണെന്ന് യുഎഇ പറഞ്ഞു. സംഭവത്തെക്കുറിച്ച് ഇറാൻ പ്രതികരിച്ചിട്ടില്ല. പശ്ചിമേഷ്യയിൽ ഇതുവരെ തങ്ങളുടെ 15 എണ്ണടാങ്കറുകൾ ആക്രമിക്കപ്പെട്ടെന്ന് 'അഡ്നോക്' അറിയിച്ചു. ഈയാഴ്ചമാത്രം മൂന്നെണ്ണം ആക്രമണത്തിനിരയായി. 

ഹോർമുസ് കടലിടുക്ക് സംയുക്തമായി കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഒമാനും ഇറാനും തമ്മിൽ ധാരണയിലെത്താൻ കഴിയുമെന്ന പ്രതീക്ഷ നിലനിൽക്കെയാണ് പുതിയ സംഭവവും ഉണ്ടായിരിക്കുന്നത്. ചെങ്കടലിൽ സൗദി എണ്ണ ടാങ്കറിനു നേരെ ആക്രമണം നടത്തിയെന്ന ഹൂതികളുടെ അവകാശവാദത്തെത്തുടർന്ന് കഴിഞ്ഞ ആഴ്ച ഹോർമുസ്, ബാബ് എൽ-മൻഡേബ് കടലിടുക്കുകളിലെ കപ്പൽ ഗതാഗതം താറുമാറായിരുന്നു.

ഗൾഫിലും ചെങ്കടലിലും കപ്പൽ ഗതാഗതത്തിനുനേരെയുള്ള ആക്രമണങ്ങൾ, ഇറാൻ- ഇറാഖ് യുദ്ധകാലത്തിന് ശേഷമുള്ള ഏറ്റവും ഗുരുതരമായ സുരക്ഷാ സാഹചര്യത്തിലേക്ക് മാറിയെന്ന് സുരക്ഷാ-കപ്പൽ നിരീക്ഷണ ഏജൻസികളിലെ വിദഗ്ധർ നൽകിയ മുന്നറിയിപ്പിൽ പറയുന്നു. 

യുഎസ്- ഇറാൻ സംഘർഷം അവസാനിപ്പിക്കുന്നതിന് സൗദിയുടെ നേതൃത്വത്തിൽ ഒരു സഖ്യം രൂപപ്പെടുകയും കൂടുതൽ രാജ്യങ്ങൾ പിന്തുണയുമായി രംഗത്തെത്തുകയും ചെയ്യുന്നതിനിടെയാണ് പ്രതിസന്ധി രൂക്ഷമാക്കാൻ വീണ്ടും ആക്രമണങ്ങൾ നടക്കുന്നത്. ഇത് ഇറാനിലെ വിമതരാണ് ആക്രമണങ്ങൾ നടത്തുന്നതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ടെങ്കിലും ആക്രമണങ്ങൾ തടയുന്നതിനോ സംഘർഷം അവസാനിപ്പിക്കുന്നതിന് ഇടപെടുന്നതിനോ ഇറാൻ ഭരണകൂടം ഒന്നും ചെയ്യാത്തത് ഗൾഫ് രാജ്യങ്ങൾക്കിടയിൽ കടുത്ത അതൃപ്തിക്ക് ഇടയാക്കിയിട്ടുണ്ട്.