അമിത് ഷാ സംസാരിക്കും; പ്രതിപക്ഷം വാ തുറക്കരുതെന്ന് കേന്ദ്രം, തീരുമോ പ്രതിപക്ഷത്തിന്റെ പ്രശ്നം?

അമിത് ഷാ സംസാരിക്കും; പ്രതിപക്ഷം വാ തുറക്കരുതെന്ന് കേന്ദ്രം, തീരുമോ പ്രതിപക്ഷത്തിന്റെ പ്രശ്നം?


പരീക്ഷാ തട്ടിപ്പിനെതിരേ പ്രതിഷേധിച്ച വിദ്യാർത്ഥികളെ ക്രൂരമായി തല്ലിച്ചതയ്ക്കുകയും പെല്ലറ്റ് ​ഗൺ പ്രയോ​ഗിക്കുകയും ചെയ്ത പോലീസ് അതിക്രമത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് പാർലമെന്റിൽ സംസാരിക്കും. പ്രതിപക്ഷം ഇക്കാര്യം ഉന്നയിച്ച് ദിവസങ്ങളായി പാർലമെന്റ് സ്തംഭിപ്പിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ സമവായ നീക്കം. എന്നാല്‍ ആഭ്യന്തര മന്ത്രി പ്രസംഗിക്കുമ്പോള്‍ പ്രതിപക്ഷം തടസ്സപ്പെടുത്തരുതെന്ന ഉപാധിയാണ് സര്‍ക്കാര്‍ മുന്നോട്ടുവെച്ചിരിക്കുന്നത്.

പാര്‍ലമെന്റ് സമ്മേളനം അവസാനിക്കാന്‍ മൂന്ന് ദിവസം മാത്രം ബാക്കിനില്‍ക്കെ, സഭയിലെ സ്തംഭനാവസ്ഥ ഒഴിവാക്കാനാണ് സര്‍ക്കാരിന്റെ ഈ നീക്കം. വിദ്യാര്‍ത്ഥി മാര്‍ച്ചിന് നേരെ ഉണ്ടായ അതിക്രമത്തെക്കുറിച്ച് വിശദമായ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു ലോക്സഭയെ അറിയിച്ചു. സര്‍ക്കാരിന്റെ നിലപാട് വ്യക്തമാണെന്നും ആഭ്യന്തര മന്ത്രിയുടെ മറുപടി പ്രതിപക്ഷം ശാന്തമായി കേട്ടിരിക്കണമെന്നും റിജിജു ആവശ്യപ്പെട്ടു. മുന്‍പ് രാജ്യസഭാ അധ്യക്ഷന്‍ സി.പി. രാധാകൃഷ്ണനും പ്രതിപക്ഷത്തിന്റെ വികാരം ആഭ്യന്തര മന്ത്രിയെ അറിയിക്കാന്‍ സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരുന്നു.

എന്നാല്‍, ആഭ്യന്തര മന്ത്രിയുടെ ‘ഭാവനാത്മകമായ പ്രസംഗങ്ങള്‍’ കേള്‍ക്കാനല്ല, ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിയുതിര്‍ക്കാന്‍ ഉത്തരവിട്ടത് ആരാണെന്നാണ് അമിത് ഷാ വ്യക്തമാക്കേണ്ടതെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ആഞ്ഞടിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്‌ക്കൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് രാഹുല്‍ ഗാന്ധി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്.

‘കേന്ദ്ര ആഭ്യന്തര മന്ത്രിയെന്ന നിലയില്‍ അമിത് ഷാ ഇക്കാര്യത്തില്‍ വ്യക്തത വരുത്തണം. നമ്മുടെ കുട്ടികള്‍ക്ക് നേരെ പെല്ലറ്റ് തോക്കുകള്‍ ഉപയോഗിച്ചു, ആണികള്‍ തറച്ച ലാത്തികള്‍ കൊണ്ട് അവരെ തല്ലിച്ചതച്ചു. ഇതിന് അമിത് ഷാ തന്നെയാണോ ഉത്തരവിട്ടത്? അതെ എന്നാണ് ഉത്തരമെങ്കില്‍ സ്വന്തം രാജ്യത്തെ കുട്ടികളെ വെടിവെക്കാന്‍ ഉത്തരവിട്ട ആള്‍ എന്ന നിലയില്‍ അദ്ദേഹം കുറ്റക്കാരനാണ്. ഇനി ഇതൊന്നും അറിഞ്ഞില്ലെന്നാണ് പറയുന്നതെങ്കില്‍ അദ്ദേഹം ആ സ്ഥാനത്തിരിക്കാന്‍ അയോഗ്യനാണ്. എങ്കില്‍ അദ്ദേഹം രാജി വെച്ച് പുറത്തുപോകണം,’ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. കഴിഞ്ഞ 15 ദിവസമായി പ്രതിപക്ഷം ഉന്നയിക്കുന്ന ചോദ്യം ഇതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ സാഹചര്യത്തിൽ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് അമിത് ഷാ വ്യക്തമായ മറുപടി നൽകുമോയെന്നാണ് ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്നത്. വിദ്യാർത്ഥികൾക്ക് നേരെ വെടിയുതിർത്തത് ഡൽഹി പോലീസിന് ഏതെങ്കിലും ഉത്തരവിന്റെ അടിസ്ഥാനത്തിലാണെങ്കിലും ആരുടെയും നിർദ്ദേശമില്ലാതെയാണെങ്കിലും അമിത് ഷായ്ക്ക് കുരുക്കാണ്. കലാപ സാഹചര്യം വിലയിരുത്തി ജില്ലാ മജിസ്ട്രേറ്റിന്റെ പദവിയിലുള്ളവർ മാത്രമേ വെടിവയ്ക്കാൻ ഉത്തരവ് പുറപ്പെടുവിക്കുകയുള്ളൂയെന്ന് കേന്ദ്രം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അങ്ങനെയൊരു സാഹചര്യമോ നടപടിയോ ഉണ്ടായിട്ടുണ്ടോയെന്നാണ് അമിത് ഷാ വ്യക്തമാക്കേണ്ടത്. അതല്ലാതെ വെടിയുതിർത്തിട്ടുണ്ടെങ്കിൽ അക്കാര്യത്തിൽ എന്തുകൊണ്ട് അന്വേഷണമോ നടപടിയോ ഉണ്ടായിട്ടില്ലെന്ന ചോദ്യം പ്രതിപക്ഷം ഉന്നയിക്കും. രണ്ടിലേത് സംഭവിച്ചാലും അമിത് ഷാ കുറ്റക്കാരനാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നുണ്ട്. അതുകൊണ്ടുതന്നെ പെല്ലറ്റ് ​ഗൺ പ്രയോ​ഗത്തിൽ കോൺ​ഗ്രസ് ഭരണകാലത്ത് ഉണ്ടായ സംഭവങ്ങൾ കോർത്തിണക്കി ഒരു പുകമറ സൃഷ്ടിച്ച് തലയൂരാനാകും അമിത് ഷാ ശ്രമിക്കുക. എല്ലാം ചർച്ച ചെയ്ത് കോംപ്ലിമെന്റ്സാക്കി എന്ന പ്രതീതിയുമുണ്ടാക്കും. 

രാഹുല്‍ ഗാന്ധിക്ക് ചര്‍ച്ചകളിലല്ല, രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുന്നതിലാണ് രാഹുൽ ​ഗാന്ധിക്ക് താല്പര്യമെന്ന് കുറ്റപ്പെടുത്തലുമായി കേന്ദ്രമന്ത്രി ജെ.പി നദ്ദ രം​ഗത്തെത്തിയിരുന്നു. ജന്തര്‍ മന്തറില്‍ വെടിവെപ്പൊന്നും നടന്നിട്ടില്ലെന്നും രാഹുല്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ചര്‍ച്ചകളില്‍ നിന്ന് രാഹുല്‍ ഗാന്ധി ഓടിയൊളിക്കുകയാണ്. പാര്‍ലമെന്റില്‍ വന്ന് മറുപടി കേള്‍ക്കാന്‍ അദ്ദേഹത്തെ വെല്ലുവിളിക്കുന്നുവെന്നും നദ്ദ കൂട്ടിച്ചേര്‍ത്തു. ഓഗസ്റ്റ് 13-ന് മണ്‍സൂണ്‍ സമ്മേളനം അവസാനിക്കാനിരിക്കെ, വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിലെ അമിത് ഷായുടെ മറുപടി പാര്‍ലമെന്റില്‍ വലിയ രാഷ്ട്രീയ കൊടുങ്കാറ്റിന് വഴിവെക്കുമെന്നുറപ്പാണ്.