ന്യൂയോർക്ക്: ഇന്ത്യന്‍ ശതകോടീശ്വരന്‍ ഗൗതം അദാനിക്കെതിരെ ചുമത്തിയിരുന്ന സാമ്പത്തിക തട്ടിപ്പ്, കൈക്കൂലി കേസുകള്‍ അമേരിക്കന്‍ കോടതി തള്ളി. കേസ് തുടര്‍ന്നു കൊണ്ടുപോകാന്‍ താല്പര്യമില്ലെന്നും നടപടികള്‍ അവസാനിപ്പിക്കുകയാണെന്നും യുഎസ് നീതിന്യായ വകുപ്പ് അറിയിച്ചതിന് പിന്നാലെ ബ്രൂക്ലിന്‍ ജില്ലാ ജഡ്ജി നിക്കോളാസ് ഗരാഫിസാണ് കേസ് തള്ളിയത്. രണ്ടാം ഡോണള്‍ഡ് ട്രംപ് ഭരണകൂടം വന്‍കിട കോര്‍പ്പറേറ്റുകൾക്കെതിരായ കേസുകള്‍ യുഎസ് നീതിന്യായ വകുപ്പ് പിന്‍വലിക്കുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഈ നടപടി.
സോളാര്‍ ഊര്‍ജ്ജ പദ്ധതിയുടെ അനുമതിക്കായി ഇന്ത്യന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കാന്‍ ധാരണയാകുകയും, അഴിമതിവിരുദ്ധ നയങ്ങളെക്കുറിച്ച് വ്യാജ വിവരങ്ങള്‍ നല്‍കി യുഎസ് നിക്ഷേപകരെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തുവെന്നാരോപിച്ച് 2024-ലാണ് ഗൗതം അദാനിക്കെതിരെ അമേരിക്കയിൽ കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ ആരോപണങ്ങള്‍ തുടക്കം മുതലേ അദാനി ഗ്രൂപ്പ് പൂര്‍ണ്ണമായും നിഷേധിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് അദാനി യുഎസ് കോടതിയില്‍ നേരിട്ട് ഹാജരായിരുന്നില്ല. മേയ് 18-നാണ് കേസ് ഇനി മുന്നോട്ടുകൊണ്ടുപോകില്ലെന്ന കാര്യം നീതിന്യായ വകുപ്പ് പരസ്യമായി പ്രഖ്യാപിച്ചത്.
നിയമവിദഗ്ദ്ധരുടെ അഭിപ്രായത്തില്‍, പ്രോസിക്യൂഷന്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ച ഒരു ക്രിമിനല്‍ കേസ് തുടരാന്‍ നിര്‍ബന്ധിക്കാന്‍ യു.എസ് ന്യായാധിപന്മാര്‍ക്ക് പരിമിതമായ അധികാരമേയുള്ളൂവെങ്കിലും, ഔദ്യോഗികമായി കേസ് റദ്ദാക്കാന്‍ കോടതിയുടെ അനുമതി അത്യാവശ്യമാണ്. അതിനാല്‍, കേസ് പെട്ടെന്ന് ഉപേക്ഷിക്കാനുള്ള നീതിന്യായ വകുപ്പിന്റെ തീരുമാനത്തില്‍ വ്യക്തത തേടി ജഡ്ജി ഗരാഫിസ് ചോദ്യങ്ങള്‍ ഉയര്‍ത്തിയിരുന്നു.
കേസിലെ ആരോപണങ്ങള്‍ പ്രധാനമായും വിദേശ രാജ്യവുമായി ബന്ധപ്പെട്ടതാണെന്നും, തെളിയിക്കാന്‍ പ്രയാസമുള്ളതാണെന്നും നിലവിലെ ഏജന്‍സിയുടെ മുന്‍ഗണനകള്‍ക്ക് ചേര്‍ന്നതല്ലെന്നുമാണ് നീതിന്യായ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥൻ ട്രെന്റ് മക്കോട്ടര്‍ ജൂലൈ 4-ന് നല്‍കിയ മറുപടിയില്‍ വ്യക്തമാക്കിയത്. കൂടാതെ, അമേരിക്കയില്‍ 10 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്താമെന്ന് അദാനി നല്‍കിയ വാഗ്ദാനത്തിന്റെ പുറത്താണ് കേസ് പിന്‍വലിക്കുന്നതെന്ന മാധ്യമ വാര്‍ത്തകള്‍ തെറ്റാണെന്നും മക്കോട്ടര്‍ കോടതിയെ അറിയിച്ചു.
തുടര്‍ന്ന്, കേസ് ഒഴിവാക്കുന്നതിന് പകരമായി ഏതെങ്കിലും തരത്തിലുള്ള ഒത്തുതീര്‍പ്പ് കരാറുകളെക്കുറിച്ച് അറിവുണ്ടോ എന്ന് ജഡ്ജി ഗരാഫിസ് അദാനിയോട് ആരാഞ്ഞിരുന്നു. കേസ് ഒഴിവാക്കാന്‍ പകരമായി യാതൊരു കരാറുകളും ഉണ്ടായിട്ടില്ലെന്ന് ജൂലൈ 15-ന് നല്‍കിയ സത്യവാങ്മൂലത്തില്‍ അദാനി വ്യക്തമാക്കി. മുന്‍പ് യു.എസില്‍ 10 ശതകോടി ഡോളര്‍ നിക്ഷേപിക്കാമെന്ന് വാഗ്ദാനം ചെയ്തിരുന്നതായി സമ്മതിച്ച അദാനി, കേസ് ചര്‍ച്ചകളില്‍ അഭിഭാഷകര്‍ ഇത് പരാമര്‍ശിച്ചിട്ടുണ്ടാകാമെങ്കിലും നിക്ഷേപ വാഗ്ദാനം കേസ് അവസാനിപ്പിക്കാനുള്ള മാനദണ്ഡമായി പരിഗണിക്കില്ലെന്ന് നീതിന്യായ വകുപ്പ് വ്യക്തമാക്കിയതായി അദാനിയുടെ അഭിഭാഷകന്‍ റോബര്‍ട്ട് ഗിയുഫ്രയും കോടതിയെ അറിയിച്ചു. വിശദമായ പരിശോധനകള്‍ക്കൊടുവിലാണ് കോടതി കേസ് പൂര്‍ണ്ണമായും തള്ളിയത്.
ഗൗതം അദാനിക്കെതിരായ ക്രിമിനൽ കുറ്റാരോപണങ്ങൾ യുഎസ് കോടതി ഒഴിവാക്കി
