വാഷിങ്ടൺ: സുരക്ഷാ അനുമതി (സെക്യൂരിറ്റി ക്ലിയറൻസ്) റദ്ദാക്കിയതിനെതിരെ ട്രംപ് ഭരണകൂടത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് മുൻ യുഎസ് വ്യോമസേനാ സെക്രട്ടറി ഫ്രാങ്ക് കെൻഡൽ. ഖത്തർ സമ്മാനിച്ച പുതിയ ഔദ്യോഗിക വിമാനത്തെക്കുറിച്ചുള്ള രഹസ്യ വിവരങ്ങൾ പുറത്തുവിട്ടെന്ന ആരോപണത്തെ തുടർന്നാണ് വെള്ളിയാഴ്ച കെൻഡലിന്റെ സുരക്ഷാ അനുമതി റദ്ദാക്കിയത്.
എന്നാൽ താൻ രഹസ്യവിവരങ്ങൾ പുറത്തുവിട്ടിട്ടില്ലെന്ന് കെൻഡൽ വ്യക്തമാക്കി. തിങ്കളാഴ്ച സിഎൻഎന്നിനോട് സംസാരിക്കവെയാണ് ഭരണകൂടത്തിന്റെ നടപടി ചോദ്യം ചെയ്ത് നിയമനടപടി സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചത്. വിമർശകരെ ലക്ഷ്യമിട്ട് സുരക്ഷാ അനുമതി റദ്ദാക്കുന്ന പതിവ് ട്രംപ് ഭരണകൂടത്തിനുണ്ടെന്നും കെൻഡൽ ആരോപിച്ചു.
ദേശീയ സുരക്ഷാ നിയമവിദഗ്ധൻ മാർക്ക് സെയ്ഡാണ് കെൻഡലിനുവേണ്ടി ഹാജരാകുക. ട്രംപ് ഭരണകൂടം തന്റെ സുരക്ഷാ അനുമതിയും റദ്ദാക്കിയതിനെതിരെ നേരത്തെ നിയമപോരാട്ടം നടത്തിയ അഭിഭാഷകനാണ് സെയ്ഡ്.
ട്രംപ് അധികാരത്തിലെത്തിയശേഷം നിരവധി മുൻ ദേശീയ സുരക്ഷാ ഉദ്യോഗസ്ഥരുടെയും, നിലവിലെ ദേശീയ സുരക്ഷാ ഉദ്യോഗസ്ഥരുടെ സുരക്ഷാ അനുമതികൾ റദ്ദാക്കിയിട്ടുണ്ട്. ട്രംപിന്റെ നയങ്ങളെ വിമർശിച്ചവരെയാണ് നടപടിക്ക് വിധേയരാക്കിയതെന്ന വിമർശനവും ഉയർന്നിരുന്നു.
അതേസമയം, ഖത്തർ സമ്മാനിച്ച വിമാനത്തെക്കുറിച്ചുള്ള സുരക്ഷാ ആശങ്കകൾ നേരത്തെയും വിവാദമായിരുന്നു. നിലവിലെ എയർഫോഴ്‌സ് വണ്ണിനേക്കാൾ ആധുനിക മിസൈൽ പ്രതിരോധ സംവിധാനങ്ങൾ പുതിയ വിമാനത്തിലില്ലെന്ന റിപ്പോർട്ടുകളാണ് പ്രധാനമായും പുറത്തുവന്നത്. ഇതുമായി ബന്ധപ്പെട്ട വാർത്തകൾ പ്രസിദ്ധീകരിച്ച ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടർമാർക്കെതിരെ നീതിന്യായ വകുപ്പ് സമൻസ് അയച്ചതും വിവാദമായിരുന്നു. കോടതിയുടെ വിമർശനത്തിന് പിന്നാലെ സമൻസ് പിൻവലിക്കുകയായിരുന്നു.
കെൻഡലിന്റെ നിയമപോരാട്ടം സുരക്ഷാ അനുമതികളുടെ റദ്ദാക്കൽ രാഷ്ട്രീയ പ്രതികാരത്തിനായി ഉപയോഗിക്കുന്നുണ്ടോ എന്ന ചർച്ച വീണ്ടും സജീവമാക്കാനാണ് സാധ്യത.
സുരക്ഷാ അനുമതി റദ്ദാക്കി; ട്രംപ് ഭരണകൂടത്തിനെതിരെ കേസുമായി മുൻ വ്യോമസേനാ സെക്രട്ടറി
