ഇന്ത്യയിലെ ആഡംബര റിയൽ എസ്റ്റേറ്റ് വിപണിയിൽ സാന്നിധ്യം ശക്തമാക്കിയ ട്രംപ് കുടുംബത്തിന്റെ ബിസിനസ് ഇനി ദക്ഷിണേന്ത്യയിലേക്കും. ഹൈദരാബാദിലെ കോകാപേട്ടിൽ വരാനിരിക്കുന്ന ട്രംപ് ടവേഴ്‌സ് ഹൈദരാബാദ് ആണ് ദക്ഷിണേന്ത്യയിലെ ട്രംപ് ബ്രാൻഡിന്റെ ആദ്യ വലിയ പദ്ധതിയായി ഒരുങ്ങുന്നത്.
ട്രംപ് ഓർഗനൈസേഷനും ഇന്ത്യയിലെ പങ്കാളിയായ ട്രിബെക്ക ഡെവലപ്പേഴ്‌സും ഇറ റിയൽറ്റിയും ചേർന്നാണ് പദ്ധതി. നാല് ഏക്കറിൽ 65 നില വീതമുള്ള രണ്ട് ടവറുകളിലായി 450ലേറെ ആഡംബര വസതികളാണ് നിർമിക്കുന്നത്. ഏകദേശം 22 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള പദ്ധതിയുടെ വിൽപ്പനമൂല്യം 3,500-4,200 കോടി രൂപയാകുമെന്നാണ് പ്രതീക്ഷ. ഔദ്യോഗിക വിൽപ്പന ആരംഭിക്കുന്നതിന് മുമ്പുതന്നെ ഏകദേശം 250 കോടി രൂപയുടെ ബുക്കിങ് താൽപര്യം ലഭിച്ചതായും ഡെവലപ്പർമാർ പറയുന്നു.
ഹൈദരാബാദിലേക്കുള്ള ഈ നീക്കം ഒറ്റപ്പെട്ട വിപുലീകരണമല്ല. ഇന്ത്യയിൽ ട്രംപ് ബ്രാൻഡിന്റെ ആദ്യ പദ്ധതികൾ മുംബൈയിലും പൂനെയിലുമായിരുന്നു. പിന്നീട് ഗുരുഗ്രാമിലും കൊൽക്കത്തയിലും പദ്ധതികൾ എത്തി. ഇന്ത്യയിലെ ട്രംപ് ബ്രാൻഡഡ് റിയൽ എസ്റ്റേറ്റ് പദ്ധതികളുടെ എണ്ണം ഇതിനകം പല നഗരങ്ങളിലായി വ്യാപിച്ചിട്ടുണ്ട്.
മുംബൈയിലെ വേർളിയിലുള്ള ട്രംപ് ടവർ 75 നിലയിലേറെ ഉയരമുള്ള ആഡംബര റെസിഡൻഷ്യൽ പദ്ധതിയാണ്. പൂനെയിൽ 2025ൽ ട്രംപ് വേൾഡ് സെന്റർ എന്ന പേരിൽ ആദ്യ വാണിജ്യ പദ്ധതിയും പ്രഖ്യാപിച്ചു. 4.3 ഏക്കറിൽ 1.6 ദശലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള ഈ പദ്ധതിയുടെ പ്രതീക്ഷിക്കുന്ന വിൽപ്പനമൂല്യം 2,500 കോടി രൂപയിലേറെയാണ്.
ഗുരുഗ്രാമിലെ ട്രംപ് റെസിഡൻസസ് പദ്ധതിയും ബ്രാൻഡിന്റെ ഇന്ത്യയിലെ വിപണി ശക്തി വ്യക്തമാക്കുന്നതാണ്. 298 വീടുകളുള്ള പദ്ധതി 2025ൽ ലോഞ്ച് ദിനത്തിൽ തന്നെ 3,250 കോടി രൂപയുടെ ബുക്കിങ് നേടിയതായി ട്രംപ് ഓർഗനൈസേഷൻ അറിയിച്ചു.
ദക്ഷിണേന്ത്യയിൽ പുതിയ വിപണി
മുംബൈ-പൂനെ-ഗുരുഗ്രാം-കൊൽക്കത്ത എന്ന വടക്ക്, പടിഞ്ഞാറൻ ഇന്ത്യ കേന്ദ്രീകൃത സാന്നിധ്യത്തിൽനിന്ന് ബെംഗളൂരുവിലേക്കും ഹൈദരാബാദിലേക്കുമുള്ള നീക്കം ട്രംപ് ബ്രാൻഡിന്റെ അടുത്ത ഘട്ടമായാണ് വിലയിരുത്തപ്പെടുന്നത്. ആഡംബര ഭവനങ്ങളുടെ ആവശ്യകത, ഐ.ടി. മേഖലയുടെ വളർച്ച, ഉയർന്ന വരുമാനക്കാരുടെ വർധന എന്നിവയാണ് ദക്ഷിണേന്ത്യൻ നഗരങ്ങളെ ആകർഷകമാക്കുന്നത്.
അതേസമയം, ഇവിടെ പ്രധാനമായും ബ്രാൻഡ് ലൈസൻസിങ് മാതൃകയിലാണ് ട്രംപ് ഓർഗനൈസേഷന്റെ സാന്നിധ്യം. പ്രാദേശിക ഡെവലപ്പർമാരാണ് പദ്ധതികളുടെ നിർമാണവും വികസനവും ഏറ്റെടുക്കുന്നത്. അതിനാൽ 'ട്രംപ് ടവർ' എന്ന പേര് നേരിട്ട് ട്രംപ് കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടമെന്നതിലുപരി, ട്രംപ് ബ്രാൻഡിന്റെ ആഗോള ആഡംബര ഇമേജ് ഇന്ത്യൻ റിയൽ എസ്റ്റേറ്റ് വിപണിയിൽ വാണിജ്യവത്കരിക്കുന്ന മാതൃകയാണെന്നതും ശ്രദ്ധേയമാണ്. മുംബൈ പദ്ധതിയുടെ കാര്യത്തിൽ ട്രംപ് ഓർഗനൈസേഷൻ നേരിട്ട് ഉടമയോ ഡെവലപ്പറോ അല്ലെന്നും ഔദ്യോഗിക സൈറ്റ് വ്യക്തമാക്കുന്നു.
ട്രംപ് കുടുംബത്തിന്റെ അമേരിക്കയ്ക്ക് പുറത്തുള്ള പ്രധാന റിയൽ എസ്റ്റേറ്റ് വിപണികളിലൊന്നായി ഇന്ത്യ മാറിയ സാഹചര്യത്തിലാണ് ഹൈദരാബാദ് പ്രവേശനം. ഇനി ബെംഗളൂരു ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ നഗരങ്ങളിലേക്ക് ഈ ബ്രാൻഡിന്റെ വ്യാപനം എത്രത്തോളം നീളുമെന്നതാണ് വിപണി ഉറ്റുനോക്കുന്നത്.
ട്രംപ് കുടുംബത്തിന്റെ റിയൽ എസ്റ്റേറ്റ് ബിസിനസ് ദക്ഷിണേന്ത്യയിലേക്ക്; ഹൈദരാബാദിൽ വമ്പൻ ടവറുകൾ
