കെട്ടിപ്പടുക്കുമോ പൊട്ടിത്തകരുമോ ബ്രിക്‌സില്‍ ഇന്ത്യയും ബംഗ്ലാദേശും

കെട്ടിപ്പടുക്കുമോ പൊട്ടിത്തകരുമോ ബ്രിക്‌സില്‍ ഇന്ത്യയും ബംഗ്ലാദേശും


സെപ്റ്റംബര്‍ 12, 13 തിയ്യതികളില്‍ ന്യൂഡല്‍ഹിയില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാന്‍ പങ്കെടുക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ബ്രിക്‌സ് അംഗമല്ലാത്ത ബംഗ്ലാദേശിന് പ്രത്യേക അതിഥിയായി പങ്കെടുക്കാനുള്ള ക്ഷണം ഇന്ത്യ നല്‍കിയിട്ടുണ്ട്. എന്നാല്‍ പ്രധാനമന്ത്രി താരീഖ് റഹ്മാന്‍ ഡല്‍ഹിയിലെത്തുമോ എന്ന കാര്യത്തില്‍ ധാക്ക ഇതുവരെ അന്തിമ തീരുമാനം പ്രഖ്യാപിച്ചിട്ടില്ല.

ബിംസ്റ്റെക് അധ്യക്ഷന്‍ എന്ന നിലയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാനെ ബ്രിക്‌സ് ഉച്ചകോടിയുടെ ഔട്ട്‌റീച്ച് സമ്മേളനത്തിലേക്ക് ക്ഷണിച്ചത്. ഇന്ത്യ- ബംഗ്ലാദേശ് ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായി ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനൊപ്പം ഉഭയകക്ഷി സന്ദര്‍ശനത്തിനും ഇന്ത്യ താരീഖ് റഹ്മാനെ ക്ഷണിച്ചിരുന്നു.

മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ഇന്ത്യയിലെ സാന്നിധ്യവും അവരെ തിരിച്ചയക്കണമെന്ന ധാക്കയുടെ ആവശ്യവുമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലെ പ്രധാന തര്‍ക്കവിഷയം. ഇതിനിടെ ചൈനയുമായും പാകിസ്താനുമായും ബംഗ്ലാദേശ് ബന്ധം ശക്തിപ്പെടുത്തുന്നതും ഇന്ത്യയെ ആശങ്കപ്പെടുത്തുന്നുണ്ട്.

റഹ്മാന്‍ വരുമോ? ഡല്‍ഹിക്കും ഉറപ്പില്ല

റഹ്മാന്‍ ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കുമോ എന്ന കാര്യത്തില്‍ ഇന്ത്യക്കും ഇതുവരെ വ്യക്തമായ വിവരം ലഭിച്ചിട്ടില്ല. അദ്ദേഹം എത്തിയില്ലെങ്കില്‍ ബംഗ്ലാദേശിനെ പ്രതിനിധീകരിക്കാന്‍ മറ്റാരെങ്കിലും ഉണ്ടാകുമോ എന്നതിലും വ്യക്തതയില്ല.

ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ വെള്ളിയാഴ്ചത്തെ വാര്‍ത്താസമ്മേളനത്തില്‍ ഇതുസംബന്ധിച്ച ചോദ്യത്തിന് വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പുതിയ വിവരങ്ങളൊന്നും ലഭ്യമല്ലെന്ന് വ്യക്തമാക്കി.

ധാക്കയുടെ നിലപാടും സമാനമാണ്. സെപ്റ്റംബര്‍ 12, 13 തിയ്യതികളിലെ ബ്രിക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി റഹ്മാന്‍ ഡല്‍ഹി സന്ദര്‍ശിക്കാനുള്ള സാധ്യത വളരെ കുറവാണെന്ന് ബംഗ്ലാദേശ് വിദേശകാര്യ സഹമന്ത്രി ഹുമയൂണ്‍ കബീര്‍ വ്യക്തമാക്കി.

എന്നിരുന്നാലും ഇന്ത്യയുമായി നല്ല ബന്ധം നിലനിര്‍ത്താനാണ് ബംഗ്ലാദേശ് ആഗ്രഹിക്കുന്നതെന്നും സംഭാഷണത്തിനുള്ള വാതില്‍ എപ്പോഴും തുറന്നുകിടക്കുമെന്നും അദ്ദേഹം പറഞ്ഞു. ഐക്യരാഷ്ട്ര പൊതുസഭാ സമ്മേളനത്തില്‍ പങ്കെടുക്കാനിരിക്കുന്നതിനാല്‍ അതിന് മുമ്പ് പ്രധാനമന്ത്രി ഇന്ത്യ സന്ദര്‍ശിക്കാനുള്ള സാധ്യത വളരെ കുറവാണെന്നും അദ്ദേഹം വ്യക്തമാക്കി.

ബന്ധത്തില്‍ വീണ്ടും 'ഹസീന' പ്രശ്‌നം

ഇന്ത്യ- ബംഗ്ലാദേശ് ബന്ധത്തിലെ ഏറ്റവും വലിയ വെല്ലുവിളിയായി തുടരുന്നത് ഷെയ്ഖ് ഹസീന തന്നെയാണ്. അധികാരത്തില്‍നിന്ന് പുറത്തായശേഷം ഇന്ത്യയില്‍ കഴിയുന്ന ഹസീന അടുത്തിടെ ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖങ്ങളില്‍ തന്റെ രാഷ്ട്രീയ ഭാവിയെക്കുറിച്ചും ബംഗ്ലാദേശിലേക്ക് തിരിച്ചുപോകാനുള്ള സാധ്യതയെക്കുറിച്ചും താരിഖ് റഹ്മാന്‍ പ്രധാനമന്ത്രിയായശേഷമുള്ള രാജ്യത്തെ സാഹചര്യങ്ങളെക്കുറിച്ചും സംസാരിച്ചിരുന്നു.

ഹസീനയുടെ ഈ പരസ്യ ഇടപെടലുകളില്‍ ധാക്ക അസംതൃപ്തരാണ്. അഭിമുഖങ്ങള്‍ പുറത്തുവന്ന സമയത്തെക്കുറിച്ച് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തോട് ചോദിച്ചപ്പോള്‍ പ്രതികരിക്കാനില്ലെന്നായിരുന്നു ജയ്സ്വാളിന്റെ മറുപടി. ഇന്ത്യയിലേക്ക് തിരിച്ചുവരുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഹസീന പങ്കുവെച്ചിട്ടുണ്ടോയെന്നും ഏതെങ്കിലും സഹായം ആവശ്യപ്പെട്ടിട്ടുണ്ടോയെന്നും ചോദിച്ചപ്പോഴും തങ്ങള്‍ക്ക് വിവരമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

ഓഗസ്റ്റ് അഞ്ചിന് ഹസീന നടത്തിയ വെര്‍ച്വല്‍ വാര്‍ത്താസമ്മേളനവും ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ വലിയ നയതന്ത്ര തര്‍ക്കത്തിന് വഴിവെച്ചിരുന്നു. ധാക്ക ശക്തമായി പ്രതിഷേധിച്ചപ്പോള്‍ ന്യൂഡല്‍ഹി പരിപാടിയില്‍നിന്ന് അകലം പാലിക്കുകയായിരുന്നു.

ഹസീനയെ ഔദ്യോഗികമായി കൈമാറണമെന്ന ആവശ്യം ബംഗ്ലാദേശ് കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്. 2013ലെ ഇന്ത്യ- ബംഗ്ലാദേശ് കൈമാറ്റ ഉടമ്പടി പ്രകാരം ഹസീനയെ തിരിച്ചയക്കണമെന്നാണ് ധാക്കയുടെ ആവശ്യം. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ ഭാവി പോലും ഈ വിഷയവുമായി ബന്ധിപ്പിച്ചാണ് ബംഗ്ലാദേശ് നിലപാട് വ്യക്തമാക്കിയിട്ടുള്ളത്.

അതേസമയം, ഇന്ത്യയില്‍ തുടരുന്നതിനിടെ വാര്‍ത്താസമ്മേളനങ്ങള്‍ നടത്താനും അവാമി ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്താനുമുള്ള അവകാശം തനിക്കുണ്ടെന്ന് ഹസീന 'ദ ഹിന്ദു'വിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ഇന്ത്യ- ബംഗ്ലാദേശ് ബന്ധം തകര്‍ക്കാന്‍ തനിക്ക് ഉദ്ദേശ്യമില്ലെന്നും അവര്‍ പറഞ്ഞു.

ഇന്ത്യയില്‍നിന്ന് അകലുകയാണോ ധാക്ക?

ഹസീന വിഷയം ഇരു രാജ്യങ്ങളുടെയും ബന്ധത്തെ വലക്കുന്നതിനിടെ, ബംഗ്ലാദേശ് പുതിയ വിദേശനയത്തിന്റെ ഭാഗമായി ചൈന, പാകിസ്താന്‍, തുര്‍ക്കി, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളുമായുള്ള തന്ത്രപ്രധാന ബന്ധം ശക്തിപ്പെടുത്തുകയാണ്.

സൗദി അറേബ്യ, തുര്‍ക്കി, പാകിസ്താന്‍ എന്നിവര്‍ ചേര്‍ന്ന് രൂപീകരിച്ചുവരുന്ന 'മക്ക ജോയിന്റ് ഡിഫന്‍സ് എഗ്രിമെന്റ്' എന്ന പരസ്പര പ്രതിരോധ സഹകരണ സംവിധാനത്തില്‍ ചേരാന്‍ ബംഗ്ലാദേശ് താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ക്ഷണം ലഭിച്ചാല്‍ അനുകൂലമായി പരിഗണിക്കുമെന്ന് വിദേശകാര്യ മന്ത്രി ഖലീലുര്‍ റഹ്മാന്‍ ബംഗ്ലാദേശ് പാര്‍ലമെന്റിനെ അറിയിച്ചിരുന്നു.

ചൈനയുമായുള്ള ബന്ധത്തിലും പുതിയ അധ്യായമാണ് തുറക്കുന്നത്. 2026 ജൂണില്‍ താരിഖ് റഹ്മാന്‍ ചൈന സന്ദര്‍ശിച്ചപ്പോള്‍ ഇരു രാജ്യങ്ങളും സമഗ്ര തന്ത്രപ്രധാന സഹകരണ പങ്കാളിത്തം കൂടുതല്‍ ഉയര്‍ന്ന തലത്തിലേക്ക് കൊണ്ടുപോകാന്‍ ധാരണയിലെത്തിയിരുന്നു.

പ്രതിരോധം, വ്യാപാരം, നിക്ഷേപം, ഗതാഗത ബന്ധം, കൃഷി, സാങ്കേതികവിദ്യ, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ സഹകരണം ശക്തിപ്പെടുത്താനും ധാരണയായി. ബ്രിക്‌സില്‍ ബംഗ്ലാദേശിന്റെ പങ്കാളിത്തത്തിനും ഷാങ്ഹായ് സഹകരണ സംഘടനയില്‍ പങ്കാളിയാകാനുള്ള ബംഗ്ലാദേശിന്റെ ശ്രമത്തിനും ചൈന പിന്തുണ പ്രഖ്യാപിച്ചു.

പ്രതിരോധ മേഖലയിലും ചൈനയുമായി ബംഗ്ലാദേശ് കൂടുതല്‍ അടുക്കുകയാണ്. ജെ-10സിഇ യുദ്ധവിമാനങ്ങള്‍ ഉള്‍പ്പെടെയുള്ള സൈനിക ഉപകരണങ്ങള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ബംഗ്ലാദേശിന്റെ ഏറ്റവും വലിയ സൈനിക ഉപകരണ വിതരണക്കാരും ചൈനയാണ്.

എന്തുകൊണ്ട് റഹ്മാന്റെ ഡല്‍ഹി സന്ദര്‍ശനം പ്രധാനമാകുന്നു?

താരിഖ് റഹ്മാന്‍ ന്യൂഡല്‍ഹിയിലെ ബ്രിക്‌സ് വേദിയിലെത്തുന്നത് ഇന്ത്യ- ബംഗ്ലാദേശ് ബന്ധത്തിന് പുതിയ തുടക്കത്തിനുള്ള അവസരമാകുമെന്നാണ് വിലയിരുത്തല്‍.

ഹസീന വിഷയം ബന്ധത്തില്‍ വലിയ അസ്വസ്ഥത സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ ഇരു രാജ്യങ്ങളിലെയും ഉന്നത രാഷ്ട്രീയ നേതൃത്വങ്ങള്‍ നേരിട്ട് സംസാരിക്കാനുള്ള അവസരമായിരിക്കും റഹ്മാന്റെ സന്ദര്‍ശനം. വ്യാപാരം, ഗതാഗത ബന്ധം, അതിര്‍ത്തി മാനേജ്‌മെന്റ്, സുരക്ഷ, പ്രാദേശിക സഹകരണം തുടങ്ങിയ വിഷയങ്ങളില്‍ പുതിയ ധാരണകള്‍ക്ക് ഇത് വഴിയൊരുക്കാനും സാധ്യതയുണ്ട്.

അതിലുപരി, ഡല്‍ഹിയിലെത്താനുള്ള റഹ്മാന്റെ തീരുമാനം ബംഗ്ലാദേശ് ഇന്ത്യയുമായുള്ള ബന്ധത്തിന്റെ വാതില്‍ പൂര്‍ണമായി അടച്ചിട്ടില്ലെന്ന ശക്തമായ രാഷ്ട്രീയ സന്ദേശമായിരിക്കും.

എന്നാല്‍ റഹ്മാന്‍ ഡല്‍ഹിയിലെത്താതിരുന്നാല്‍ അതിന്റെ സന്ദേശവും അത്രതന്നെ ശ്രദ്ധേയമായിരിക്കും. ചൈനയോടും പാകിസ്താനോടും കൂടുതല്‍ അടുക്കുന്ന ധാക്ക, ഇന്ത്യയുമായുള്ള ബന്ധത്തില്‍ പുതിയൊരു അകലം സൃഷ്ടിക്കുകയാണോ എന്ന ചോദ്യത്തിന് അതോടെ കൂടുതല്‍ പ്രസക്തിയാകും.