ന്യൂഡല്‍ഹി: സത്യ നികേതനില്‍ കെട്ടിടം തകര്‍ന്നുവീണ് ഏഴ് പേര്‍ മരിച്ച സംഭവത്തില്‍ ഡല്‍ഹി ഹൈക്കോടതി ഇടപെട്ടു. സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തിയ കോടതി ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (എം സി ഡി) ഉന്നത എക്‌സിക്യൂട്ടീവ് തലത്തില്‍ അന്വേഷണം നടത്തണമെന്ന് നിര്‍ദേശിച്ചു.
കെട്ടിടത്തിന് ആവശ്യമായ നിയമാനുസൃത അനുമതികള്‍ ഉണ്ടായിരുന്നോയെന്നും അധികൃതരുടെ ഭാഗത്തുനിന്ന് വീഴ്ചയോ അനാസ്ഥയോ ഉണ്ടായിട്ടുണ്ടെങ്കില്‍ ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ ആരൊക്കെയാണെന്നും അന്വേഷണത്തില്‍ കണ്ടെത്തണം. കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്കെതിരെ സ്വീകരിച്ചതോ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതോ ആയ നടപടികളും അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കണമെന്നും കോടതി നിര്‍ദേശിച്ചു.
എം സി ഡിയുടെ പരിധിയിലുള്ള എല്ലാ പേയിങ് ഗസ്റ്റ് (പി ജി) താമസസ്ഥലങ്ങളിലും ഒരാഴ്ചയ്ക്കകം സമഗ്ര പരിശോധന നടത്താനും കോടതി ഉത്തരവിട്ടു. ആവശ്യമായ അനുമതികളോടെയും കെട്ടിടനിര്‍മാണ ചട്ടങ്ങള്‍ പാലിച്ചുമാണോ ഇവ പ്രവര്‍ത്തിക്കുന്നതെന്ന് പരിശോധിക്കണം. ഓരോ പി ജിയിലും താമസിക്കുന്ന വിദ്യാര്‍ഥികളുടെ എണ്ണവും കണ്ടെത്തണം.
അധികൃതര്‍ ജാഗ്രത പുലര്‍ത്തുകയും നിയമപരമായ ചുമതലകള്‍ കൃത്യമായി നിര്‍വഹിക്കുകയും ചെയ്തിരുന്നെങ്കില്‍ ഇത്തരമൊരു ദുരന്തം പ്രാഥമികമായി ഒഴിവാക്കാനാകുമായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു.
ഡല്‍ഹിയിലെ പി ജി താമസസ്ഥലങ്ങളെയും ഹോട്ടലുകളെയും നിയന്ത്രിക്കുന്ന നിയമപരമോ ഭരണപരമോ ആയ ചട്ടങ്ങള്‍ നിലവിലുണ്ടോയെന്ന് വ്യക്തമാക്കുന്ന സത്യവാങ്മൂലം സമര്‍പ്പിക്കാനും എം സി ഡിക്ക് കോടതി നിര്‍ദേശം നല്‍കി. ഡല്‍ഹിക്ക് പുറത്തുനിന്നുള്ള എത്ര വിദ്യാര്‍ഥികളാണ് ഡല്‍ഹി സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളില്‍ പ്രവേശനം നേടിയിട്ടുള്ളതെന്നും സര്‍വകലാശാലയോ സര്‍ക്കാരോ നിലവില്‍ നടത്തുന്ന ഹോസ്റ്റലുകളുടെ എണ്ണമെത്രയെന്നും വ്യക്തമാക്കുന്ന സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഡല്‍ഹി സര്‍വകലാശാലയോടും കോടതി ആവശ്യപ്പെട്ടു.
അതിനിടെ, സത്യ നികേതനിലെ അഞ്ചുനില ആണ്‍കുട്ടികളുടെ പി ജി കെട്ടിടത്തിന്റെ ഉടമയെ പൊലീസ് പിടികൂടി. ഹരിറാം ബന്‍സാല്‍ എന്നയാളെയാണ് രാജസ്ഥാനിലെ ഭീവാഡിയില്‍നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഹരിയാന അതിര്‍ത്തിക്ക് സമീപത്തുനിന്നാണ് ഇയാളെ പിടികൂടിയത്.
സംഭവത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത മജിസ്ട്രേറ്റ്തല അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. അനധികൃത നിര്‍മാണത്തിനെതിരെ എം സി ഡിയും നടപടിയാരംഭിച്ചു.
കെട്ടിട ഉടമയ്ക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ (ബി എന്‍ എസ്) 105, 290, 125(എ) വകുപ്പുകള്‍ പ്രകാരമാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്. മനഃപൂര്‍വമല്ലാത്ത നരഹത്യ, കെട്ടിട നിര്‍മാണത്തിലോ അറ്റകുറ്റപ്പണിയിലോ ഉണ്ടായ അനാസ്ഥ, മനുഷ്യജീവനും വ്യക്തിസുരക്ഷയ്ക്കും ഭീഷണിയാകുന്ന പ്രവൃത്തികള്‍ എന്നിവയുമായി ബന്ധപ്പെട്ട വകുപ്പുകളാണിവ. ഹരിറാം ബന്‍സാലിനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.
