അനിശ്ചിതത്വത്തിനിടയിലും പുതിയ വഴികള്‍ തേടി സ്റ്റാര്‍ട്ടപ്പുകള്‍
2016-ല്‍ ഇന്ത്യയിലേക്കുള്ള യാത്രയ്ക്കിടെ ഡല്‍ഹിയിലെ കൊടുംചൂടില്‍ തെരുവിലൂടെ നടന്നുപോകുമ്പോഴാണ് ഹനീഫ് മൊണ്ടസേരിയുടെ ജീവിതചിന്തയില്‍ നിര്‍ണായകമായ മാറ്റമുണ്ടായത്. ഉച്ചസമയത്തെ താപനില 43 ഡിഗ്രി സെല്‍ഷ്യസിനടുത്തെത്തിയിരുന്നു.
ചൂട് സഹിക്കാനാകാതെ തല വിറയ്ക്കുന്നതുപോലെയും ചിന്തിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലേക്കും താന്‍ എത്തിയെന്ന് പിന്നീട് അദ്ദേഹം ഓര്‍ത്തെടുത്തു. അന്നാണ് കാലാവസ്ഥാ വ്യതിയാനത്തിന്റെ കാലത്ത് തണുപ്പിക്കല്‍ ഒരു ആഡംബരമല്ലെന്നും അതൊരു അടിസ്ഥാന ആവശ്യമായി മാറുകയാണെന്നും അദ്ദേഹത്തിന് കൂടുതല്‍ വ്യക്തമായത്.
ഇന്ന് ടൊറന്റോ ആസ്ഥാനമായ ക്ലീന്‍ടെക് സ്റ്റാര്‍ട്ടപ്പായ എനര്‍ഷന്റെ സി ഇ ഒയാണ് ഇറാനില്‍ ജനിച്ച മൊണ്ടസേരി. യൂണിവേഴ്‌സിറ്റി ഓഫ് ടൊറന്റോയില്‍ ഗവേഷണം നടത്തിക്കൊണ്ടിരിക്കെ അദ്ദേഹം വികസിപ്പിച്ച സാങ്കേതികവിദ്യയാണ് കമ്പനിയുടെ വളര്‍ച്ചയ്ക്ക് അടിത്തറയായത്.
താപം വിവിധ ഊര്‍ജസ്രോതസുകളില്‍നിന്ന് ശേഖരിച്ച് കെട്ടിടങ്ങള്‍ ചൂടാക്കാനും തണുപ്പിക്കാനും ഉപയോഗിക്കുന്ന നാനോ മെറ്റീരിയല്‍ അധിഷ്ഠിത സംവിധാനമാണ് എനര്‍ഷന്‍ വികസിപ്പിക്കുന്നത്. നിലവിലെ മികച്ച ഹീറ്റ് പമ്പുകള്‍ ഉപയോഗിക്കുന്ന വൈദ്യുതിയുടെ ചെറിയൊരു ഭാഗം മാത്രം ഉപയോഗിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന സംവിധാനമാണിതെന്നാണ് കമ്പനിയുടെ അവകാശവാദം.
വിജയപാതയില്‍ പുതിയ പ്രതിസന്ധി
ഒരു ദശാബ്ദത്തിനിടെ എനര്‍ഷന്‍ വാണിജ്യരംഗത്ത് ശ്രദ്ധേയമായ മുന്നേറ്റം കൈവരിച്ചു. ന്യൂയോര്‍ക്കിലെ യൂട്ടിലിറ്റി സ്ഥാപനമായ കോണ്‍ എഡിസണുമായി പ്രധാന കരാറിന്റെ അവസാനഘട്ടത്തിലാണ് കമ്പനി. ജര്‍മന്‍ വ്യവസായ ഭീമനായ സീമെന്‍സുമായും മോണ്‍ട്രിയല്‍ ആസ്ഥാനമായ എന്‍ജിനീയറിങ് സ്ഥാപനമായ ഡബ്ല്യു എസ് പിയുമായും സഹകരണ പദ്ധതികള്‍ രൂപംകൊള്ളുകയാണ്.
എന്നാല്‍ സ്വകാര്യ നിക്ഷേപവും സര്‍ക്കാര്‍ ഗ്രാന്റുകളും കണ്ടെത്താനുള്ള വെല്ലുവിളികള്‍ക്കിടയില്‍ കമ്പനികള്‍ക്ക് പുതിയൊരു പ്രതിസന്ധിയായി മാറിയിരിക്കുന്നത് അമേരിക്കന്‍ തീരുവകളാണ്.
2025 ജനുവരില്‍ ആരംഭിച്ച ആദ്യഘട്ട തീരുവ നടപടികള്‍ക്ക് പിന്നാലെ കനേഡിയന്‍ ഉത്പന്നങ്ങള്‍ക്ക് മേല്‍ കൂടുതല്‍ തീരുവ ചുമത്തിയതോടെ ക്ലീന്‍ടെക് മേഖലയിലെ കമ്പനികള്‍ക്ക് മുന്നിലുള്ള സാഹചര്യം കൂടുതല്‍ സങ്കീര്‍ണമായി.
'എല്ലാ ദിവസവും കാര്യങ്ങള്‍ മാറുന്നതുപോലെയാണ്. അതിനാല്‍ ഭാവി പദ്ധതികള്‍ തയ്യാറാക്കാന്‍ പോലും കഴിയുന്നില്ല,' എന്നാണ് മൊണ്ടസേരിയുടെ പ്രതികരണം. ഇന്ന് നിലവിലുള്ള തീരുവ അടുത്ത മാസം കുറയുമോ പൂര്‍ണമായും ഒഴിവാകുമോ എന്നുപോലും പ്രവചിക്കാന്‍ കഴിയാത്ത സാഹചര്യമാണ് വ്യവസായരംഗം നേരിടുന്നത്.
ഒരേ തീരുവ, വ്യത്യസ്ത ആഘാതം
കനേഡിയന്‍ ക്ലീന്‍ടെക് മേഖലയെ തീരുവകള്‍ ഒരേ രീതിയില്‍ ബാധിക്കുന്നില്ലെന്നതാണ് പ്രധാന പ്രത്യേകത. ഒരു കമ്പനിയുടെ ഉത്പാദന ശൃംഖല എവിടെയാണ്, അസംസ്‌കൃത വസ്തുക്കള്‍ എവിടെനിന്നാണ് ലഭിക്കുന്നത്, ഉത്പന്നങ്ങള്‍ ഏത് വിപണിയിലാണ് വില്‍ക്കുന്നത് എന്നിവയെ ആശ്രയിച്ചാണ് ആഘാതത്തിന്റെ തോത് മാറുന്നത്.
ബാറ്ററി സംഭരണം, കാറ്റാടി, ജലവൈദ്യുതി, ഹീറ്റ് പമ്പുകള്‍, നിര്‍ണായക ധാതുക്കളുടെ സംസ്‌കരണം, കാര്‍ബണ്‍ പിടിച്ചെടുക്കല്‍ സാങ്കേതികവിദ്യ, ട്രാന്‍സ്‌ഫോര്‍മറുകള്‍, പമ്പുകള്‍, കംപ്രസറുകള്‍ തുടങ്ങിയ മേഖലകളിലേക്കെല്ലാം തീരുവ പ്രതിസന്ധി വ്യാപിക്കാമെന്നാണ് വ്യവസായ സംഘടനകളുടെ വിലയിരുത്തല്‍.
അമേരിക്കയില്‍നിന്ന് അസംസ്‌കൃത വസ്തുക്കള്‍ ഇറക്കുമതി ചെയ്യുന്ന കമ്പനികള്‍ക്ക് കനേഡിയന്‍ പ്രതിതീരുവ കാരണം ചെലവ് വര്‍ധിക്കും. അതേസമയം കാനഡയില്‍ നിര്‍മ്മിക്കുന്ന ഉത്പന്നങ്ങള്‍ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുമ്പോള്‍ യു എസ് തീരുവ മറ്റൊരു തിരിച്ചടിയാകും.
അങ്ങനെ നോക്കുമ്പോള്‍ ചില കമ്പനികള്‍ക്ക് പ്രതിസന്ധി രണ്ടു ദിശകളില്‍നിന്നുള്ള പ്രഹരമായി മാറുകയാണ്.
വിപണി മാറുന്നു, വഴികളും മാറുന്നു
പ്രതിസന്ധിക്കിടയിലും കനേഡിയന്‍ സ്റ്റാര്‍ട്ടപ്പുകള്‍ കൈവിടുന്നില്ല. അമേരിക്കന്‍ വിപണിയെ മാത്രം ആശ്രയിക്കുന്നതിന് പകരം പുതിയ രാജ്യങ്ങളിലേക്കും ആഭ്യന്തര വിപണിയിലേക്കും ശ്രദ്ധ തിരിക്കുകയാണ് പലരും.
ദീര്‍ഘകാല ഊര്‍ജസംഭരണത്തിനുള്ള സിങ്ക് അധിഷ്ഠിത ബാറ്ററി വികസിപ്പിക്കുന്ന ഇ-സിങ്ക് അമേരിക്കന്‍ വിപണിയിലുള്ള വാണിജ്യശ്രമങ്ങള്‍ 2025 മുതല്‍ ക്രമേണ കുറച്ചതായി കമ്പനി നേതൃത്വം പറയുന്നു. പകരം കാനഡയിലെ പദ്ധതികളിലും ഓസ്‌ട്രേലിയ ഉള്‍പ്പെടെയുള്ള പുതിയ അന്താരാഷ്ട്ര വിപണികളിലുമാണ് കൂടുതല്‍ ശ്രദ്ധ നല്‍കുന്നത്. ആഭ്യന്തര വിതരണക്കാരെ കൂടുതല്‍ ഉപയോഗിക്കാനുള്ള സാധ്യതയും കമ്പനി പരിശോധിക്കുന്നു.
അതുപോലെ മേല്‍ക്കൂരകളില്‍ സ്ഥാപിക്കാവുന്ന കാറ്റാടി സാങ്കേതികവിദ്യ വികസിപ്പിക്കുന്ന വിന്‍ഡ്ക്രെസ്റ്റ് പവര്‍ യൂറോപ്യന്‍ വിപണിയിലേക്ക് ശ്രദ്ധ തിരിക്കുകയാണ്. ബ്രിട്ടനിലും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലുമുള്ള ഉത്പാദന സാധ്യതകള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായി കമ്പനി പറയുന്നു.
പുനരുപയോഗ ഊര്‍ജം, ഊര്‍ജസ്വാതന്ത്ര്യം, പ്രാദേശിക വൈദ്യുതി ഉത്പാദനം എന്നിവയില്‍ യൂറോപ്പ് വലിയ നിക്ഷേപങ്ങള്‍ നടത്തുന്ന സാഹചര്യത്തില്‍ പുതിയ അവസരങ്ങള്‍ തുറക്കുമെന്ന പ്രതീക്ഷയിലാണ് കമ്പനി.
പ്രതിസന്ധിയില്‍നിന്ന് പുതിയ ബിസിനസ് മാതൃകകള്‍
മോണ്‍ട്രിയല്‍ ആസ്ഥാനമായ റീലോക്കലൈസ് എന്ന സ്റ്റാര്‍ട്ടപ്പിന്റെ അനുഭവം വ്യത്യസ്തമാണ്. ഭക്ഷ്യ വിതരണ സ്ഥാപനങ്ങള്‍ക്കായി മൊബൈല്‍ കൂളിങ് മൈക്രോ ഫാക്ടറികള്‍ വികസിപ്പിക്കുന്ന കമ്പനി, അതിര്‍ത്തി കടന്നുള്ള കയറ്റുമതി രീതികളില്‍ മാറ്റം വരുത്തുകയാണ്.
കനേഡിയന്‍ സാങ്കേതികവിദ്യ അമേരിക്കയിലെ ഉപഭോക്താക്കളുടെ വിതരണ കേന്ദ്രങ്ങള്‍ക്ക് സമീപം സ്ഥാപിക്കുന്ന രീതിയിലൂടെ ഉത്പാദന- ലോജിസ്റ്റിക്‌സ് സംവിധാനങ്ങള്‍ പുനഃക്രമീകരിക്കുകയാണ് കമ്പനി.
ഒരു വലിയ സംയോജിത സംവിധാനം അതിര്‍ത്തി കടത്തി അയക്കുന്നതിന് പകരം അതിനെ ചെറിയ മോഡുലാര്‍ യൂണിറ്റുകളായി വിഭജിക്കുന്ന രീതിയും സ്വീകരിച്ചിട്ടുണ്ട്. ഉയര്‍ന്ന തീരുവ ബാധിക്കുന്ന ഘടകങ്ങള്‍ സാമ്പത്തികമായി പ്രയോജനകരമാണെങ്കില്‍ അമേരിക്കയില്‍നിന്ന് തന്നെ കണ്ടെത്താനും പ്രധാന സാങ്കേതിക- ഉത്പാദന അടിത്തറ കാനഡയില്‍ നിലനിര്‍ത്താനും ഇതിലൂടെ സാധിക്കുന്നു.
എല്ലാവര്‍ക്കും തിരിച്ചടിയല്ല
തീരുവ പ്രതിസന്ധി എല്ലാ കമ്പനികളെയും ഒരുപോലെ ബാധിച്ചിട്ടില്ല. കാല്‍ഗറി ആസ്ഥാനമായ കത്തൈറോസ് സൊല്യൂഷന്‍സ് വികസിപ്പിച്ച മീഥേന്‍ പിടിച്ചെടുക്കല്‍ സംവിധാനം വടക്കേ അമേരിക്കയിലെ ആയിരക്കണക്കിന് എണ്ണപ്പാടങ്ങളില്‍ ഉപയോഗിക്കുന്നുണ്ട്.
കമ്പനിയുടെ പ്രത്യേക വ്യവസായ മേഖലയും മത്സരരംഗത്തെ സവിശേഷതയും തീരുവയുടെ ആഘാതത്തില്‍നിന്ന് ഒരു പരിധിവരെ സംരക്ഷണം നല്‍കിയതായി കമ്പനി വ്യക്തമാക്കുന്നു. ആവശ്യകതയില്‍ കാര്യമായ കുറവുണ്ടായിട്ടില്ലെന്നും അവര്‍ പറയുന്നു.
സഹായപാക്കേജും കടലാസുകെട്ടുകളും
തീരുവയുടെ ആഘാതം നേരിടാന്‍ കനേഡിയന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക സഹായപദ്ധതികള്‍ ക്ലീന്‍ടെക് മേഖലയ്ക്ക് ആശ്വാസമാണെങ്കിലും ചെറുകിട സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അത് എളുപ്പത്തില്‍ ലഭ്യമാകുമോയെന്ന ആശങ്കയുണ്ട്.
സഹായം നേടുന്നതിനുള്ള നടപടിക്രമങ്ങളും രേഖാപരമായ ആവശ്യങ്ങളും സമയക്കുറവും ജീവനക്കാരുടെ പരിമിതിയും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വലിയ വെല്ലുവിളിയാകുന്നുവെന്നാണ് വ്യവസായരംഗത്തിന്റെ വിമര്‍ശനം.
മാസങ്ങളും വര്‍ഷങ്ങളും കാത്തിരിക്കേണ്ട സഹായമല്ല, ആഴ്ചകള്‍ക്കുള്ളില്‍ ലഭിക്കുന്ന പിന്തുണയാണ് ഇപ്പോഴത്തെ സാഹചര്യത്തില്‍ ആവശ്യമെന്നാണ് നിക്ഷേപ മേഖലയിലെ വിദഗ്ധരുടെ അഭിപ്രായം.
അമേരിക്കയ്ക്കപ്പുറമുള്ള ലോകം
ഇപ്പോള്‍ കാനഡയുടെ ക്ലീന്‍ടെക് മേഖലയ്ക്ക് മുന്നിലുള്ള ഏറ്റവും വലിയ പാഠങ്ങളിലൊന്ന് വിപണി വൈവിധ്യവത്ക്കരണത്തിന്റെ ആവശ്യകതയാണ്.
അമേരിക്കന്‍ വിപണിയെ മാത്രം ആശ്രയിക്കുന്നതിനു പകരം യൂറോപ്പ്, ഏഷ്യ, ഓസ്‌ട്രേലിയ തുടങ്ങിയ പുതിയ വിപണികളിലേക്ക് സാങ്കേതികവിദ്യ എത്തിക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.
വ്യാപാര വൈവിധ്യവത്ക്കരണം ഇനി കേവലം കയറ്റുമതി വര്‍ധിപ്പിക്കാനുള്ള തന്ത്രമല്ലെന്നും സാമ്പത്തിക പ്രതിരോധശേഷിയുടെയും മത്സരക്ഷമതയുടെയും ഭാഗമാണെന്നും വ്യവസായ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.
ക്ലീന്‍ ഇക്കോണമി ഇന്‍വെസ്റ്റ്‌മെന്റ് ടാക്‌സ് ക്രെഡിറ്റുകള്‍ ലളിതമാക്കുക, കനേഡിയന്‍ ഉത്പാദനത്തിന് കൂടുതല്‍ പ്രോത്സാഹനം നല്‍കുക, അമേരിക്കയ്ക്ക് പുറത്തുള്ള വിപണികളില്‍ പ്രവേശിക്കുന്ന കമ്പനികള്‍ക്ക് പിന്തുണ വര്‍ധിപ്പിക്കുക, പുതിയ സാങ്കേതികവിദ്യകള്‍ പ്രായോഗികമായി പരീക്ഷിക്കുന്ന പദ്ധതികള്‍ക്ക് ധനസഹായം നല്‍കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് മുന്നോട്ടുവയ്ക്കുന്നത്.
പ്രതിസന്ധി ഒരു പരീക്ഷണം
അമേരിക്കന്‍ തീരുവകള്‍ കാനഡയുടെ ക്ലീന്‍ടെക് മേഖലയെ തകര്‍ക്കുമോ, അതോ കൂടുതല്‍ ശക്തമായ പുതിയ വഴികളിലേക്ക് നയിക്കുമോ എന്ന ചോദ്യം ഇപ്പോഴും ഉയര്‍ന്നുനില്‍ക്കുന്നുണ്ട്.
കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനുള്ള സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്ന കമ്പനികള്‍ക്ക് ഇപ്പോള്‍ മറ്റൊരു വെല്ലുവിളിയുണ്ട്. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ആഗോള വ്യാപാരരംഗത്തെ അതിജീവിക്കുക എന്നതാണത്.
പണം മാത്രമല്ല പ്രശ്‌നമെന്നും മേഖലയില്‍ നിലനില്‍ക്കുന്ന ഘടനാപരവും നിയന്ത്രണപരവും പ്രവര്‍ത്തനപരവുമായ തടസ്സങ്ങളാണ് വലിയ വെല്ലുവിളിയെന്നും എനര്‍ഷന്‍ സി ഇ ഒ ഹനീഫ് മൊണ്ടസേരി പറയുന്നു.
സംവിധാനത്തില്‍ ധാരാളം പണമുണ്ടെങ്കിലും അത് ഫലപ്രദമായി വിതരണം ചെയ്യപ്പെടുന്നില്ലെന്ന വിമര്‍ശനവും അദ്ദേഹം ഉന്നയിക്കുന്നു.
ഡല്‍ഹിയിലെ കൊടുംചൂടില്‍ ഒരു യുവ ഗവേഷകന്റെ മനസ്സില്‍ രൂപപ്പെട്ട ആശയം ഇന്ന് ആഗോള വിപണിയിലേക്ക് വളര്‍ന്നിരിക്കുകയാണ്. എന്നാല്‍ കാലാവസ്ഥാ പ്രതിസന്ധിയെ നേരിടാനുള്ള സാങ്കേതികവിദ്യ വികസിപ്പിക്കുന്ന ആ കമ്പനികളും ഇപ്പോള്‍ മറ്റൊരു കൊടുങ്കാറ്റിനെ നേരിടുകയാണ്- തീരുവകളുടെയും വ്യാപാര അനിശ്ചിതത്വത്തിന്റെയും കൊടുങ്കാറ്റ്.
ആ കൊടുങ്കാറ്റിനെ മറികടക്കാന്‍ കാനഡയുടെ ക്ലീന്‍ടെക് സ്റ്റാര്‍ട്ടപ്പുകള്‍ പുതിയ വിപണികളും പുതിയ വിതരണ ശൃംഖലകളും പുതിയ ബിസിനസ് മാതൃകകളും തേടുകയാണ്. പ്രതിസന്ധി അവസാനിക്കുമോ എന്നറിയില്ല. എന്നാല്‍ മാറ്റത്തിനനുസരിച്ച് മാറുക എന്നതാണ് ഇപ്പോള്‍ അവരുടെ ഏറ്റവും വലിയ ആയുധം.
