വിവേകമുള്ളവർ പോലും കടന്നുചെല്ലാൻ മടിക്കുന്ന അതീവ മയക്കുമരുന്ന് ഇനത്തിൽപ്പെട്ട സൈക്കഡെലിക്സുകളെ മുഖ്യധാരയിലെത്തിക്കാൻ ടെസ്‌ല (Tesla), സ്പേസ് എക്സ് (SpaceX) തുടങ്ങിയ പ്രമുഖ കമ്പനികളുടെ സി.ഇ.ഒ ആയ ഇലോൺ മസ്കും കൂട്ടാളികളും ശ്രമിക്കുന്നതായി റിപ്പോർട്ട്. സൈക്കഡെലിക്സുകളെ മുഖ്യധാരയിലെത്തിക്കാൻ ഇലോൺ മസ്കിന്റെ അടുത്ത വൃത്തങ്ങൾ വൻതോതിൽ പണം നിക്ഷേപിക്കുന്നതായി വാൾ സ്ട്രീറ്റ് ജേർണലാണ് റിപ്പോർട്ട് ചെയ്തത്.
ഇലോൺ മസ്കിന്റെ അടുത്ത വൃത്തങ്ങളും ബിസിനസ്സ് പങ്കാളികളും സൈക്കഡെലിക് (Psychedelic) മരുന്നുകളെ മുഖ്യധാരയിലെത്തിക്കാനും അവയ്ക്ക് നിയമസാധുത നേടിക്കൊടുക്കാനുമായി ദശലക്ഷക്കണക്കിന് ഡോളർ നിക്ഷേപിക്കുന്നതായി വാൾ സ്ട്രീറ്റ് ജേർണൽ പുറത്തുവിട്ട പുതിയ റിപ്പോർട്ടിൽ പറയുന്നു. മസ്കിന്റെ കമ്പനികളായ സ്പേസ് എക്സ് (SpaceX), ടെസ്‌ല (Tesla) എന്നിവയിലെ പ്രമുഖ ഡയറക്ടർമാരും നിക്ഷേപകരുമാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത്.
സ്പേസ് എക്സ് ബോർഡ് അംഗവും മസ്കിന്റെ അടുത്ത സുഹൃത്തുമായ അന്റോണിയോ ഗ്രേഷ്യസ്, എംഡിഎംഎ അധിഷ്ഠിത ചികിത്സകൾ വികസിപ്പിക്കുന്ന 'ലൈക്കോസ് തെറാപ്യൂട്ടിക്സ്' എന്ന ഫാർമസ്യൂട്ടിക്കൽ കമ്പനിക്ക് പ്രതിസന്ധി ഘട്ടത്തിൽ 25 ദശലക്ഷം ഡോളർ (ഏകദേശം 210 കോടി രൂപ) ധനസഹായം നൽകിയെന്ന് റിപ്പോർട്ടിൽ പറയുന്നു. ഈ നിക്ഷേപത്തിന് ശേഷം ലൈക്കോസ് കമ്പനിയുടെ പേര് 'റെസിലിയന്റ് ഫാർമസ്യൂട്ടിക്കൽസ്' എന്ന് മാറ്റുകയും അതിന്റെ ആസ്ഥാനം ഗ്രേഷ്യസിന്റെ നിക്ഷേപ സ്ഥാപനം സ്ഥിതി ചെയ്യുന്ന ചിക്കാഗോയിലേക്ക് മാറ്റുകയും ചെയ്തു. മറ്റൊരു പ്രമുഖ സ്പേസ് എക്സ് ഡയറക്ടറായ സ്റ്റീവ് ജുർവെറ്റ്സണും ഭാര്യ ജനീവീവും സൈക്കഡെലിക് മരുന്നുകളെക്കുറിച്ചുള്ള പഠനങ്ങൾക്കായി വലിയ തോതിൽ പണം ചെലവഴിക്കുന്നുണ്ടെന്നും റിപ്പോർട്ടിലുണ്ട്. അന്റോണിയോ ഗ്രേഷ്യസും സ്റ്റീവ് ജുർവൈറ്റ്സും ഇതിലൂടെ കോടിക്കണക്കിന് ഡോളർ സമ്പാദിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.
എന്താണ് സൈക്കഡെലിക്സുകൾ?
മനുഷ്യന്റെ ബോധതലങ്ങളിലും ചിന്തകളിലും കാഴ്ചപ്പാടുകളിലും പെട്ടെന്ന് വലിയ മാറ്റങ്ങൾ വരുത്താൻ ശേഷിയുള്ള ഒരു കൂട്ടം രാസവസ്തുക്കളാണ് സൈക്കഡെലിക്സുകൾ. ഇവ തലച്ചോറിലെ സെറോട്ടോണിൻ (Serotonin) റിസപ്റ്ററുകളെ ഉത്തേജിപ്പിച്ചാണ് പ്രവർത്തിക്കുന്നത്. ഇതുവഴി താൽക്കാലികമായി യാഥാർത്ഥ്യത്തിൽ നിന്നും വ്യത്യസ്തമായ ദൃശ്യങ്ങളും (Hallucinations) വികാരങ്ങളും അനുഭവപ്പെടാൻ കാരണമാകുന്നു. പണ്ടുകാലത്ത് ഇവ വെറുമൊരു ലഹരിവസ്തുവായി മാത്രമാണ് കണ്ടിരുന്നതെങ്കിൽ, നിലവിൽ മാനസികാരോഗ്യ ചികിത്സകളിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്താൻ സൈക്കഡെലിക്സിന് കഴിയുമെന്ന് ഗവേഷണങ്ങൾ തെളിയിക്കുന്നു. കൃത്യമായ മെഡിക്കൽ മേൽനോട്ടത്തിൽ നൽകുന്ന സൈക്കഡെലിക് അസിസ്റ്റഡ് തെറാപ്പി (Psychedelic-Assisted Therapy) വിഷാദം, പിടിഎസ്ഡി, ആങ്ക്സൈറ്റി രോഗങ്ങൾ ഭേദമാക്കാൻ ഉപയോഗപ്രദമെന്നാണ് ഇവരുടെ വാദം. പോസ്റ്റ്-ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ (PTSD), കടുത്ത വിഷാദരോഗം (Depression) എന്നിവ ബാധിച്ച രോഗികളെ ചികിത്സിക്കാൻ MDMA, കെറ്റമിൻ (Ketamine) തുടങ്ങിയ സൈക്കഡെലിക് മരുന്നുകൾ ഉപയോഗിച്ച് തെറാപ്പി നടത്താനാണ് ഇവർ ശ്രമിക്കുന്നത്.
വിഷാദരോഗ ചികിത്സയ്ക്കായി താൻ ഡോക്ടറുടെ നിർദ്ദേശപ്രകാരം ചെറിയ അളവിൽ കെറ്റമിൻ ഉപയോഗിക്കാറുണ്ടെന്ന് ഇലോൺ മസ്ക് മുൻപ് പരസ്യമായി സമ്മതിച്ചിട്ടുണ്ട്. പരമ്പരാഗത ആന്റീഡിപ്രസന്റ് മരുന്നുകളേക്കാൾ ഇത്തരം സൈക്കഡെലിക് മരുന്നുകൾ ഫലപ്രദമാണെന്നാണ് മസ്കിന്റെയും സിലിക്കൺ വാലിയിലെ മറ്റ് പ്രമുഖരുടെയും (ഉദാഹരണത്തിന് ഗൂഗിൾ സഹസ്ഥാപകൻ സെർജി ബ്രിൻ) അഭിപ്രായം. എന്നാൽ, ഇത്തരം മരുന്നുകൾ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയും ശാസ്ത്രീയമായ സുരക്ഷാ ആശങ്കകളും ഇപ്പോഴും വലിയ തർക്കങ്ങൾക്ക് കാരണമാകുന്നുണ്ട്.
എംഡിഎംഎയേക്കാൾ മാരക മയക്കുമരുന്ന് വിപണിയിലെത്തിക്കാൻ ഇലോൺ മസ്കും? സൈക്കഡെലിക്സുകളെ മുഖ്യധാരയിലെത്തിക്കാനുള്ള ഇലോൺ മസ്കിന്റെയും കൂട്ടാളികളുടെയും നീക്കം എന്തിനുവേണ്ടി?
