താന്‍ ഖത്തറില്‍ ബോംബിട്ടുവെന്ന് നെതന്യാഹു; ഇസ്രായേല്‍- ഖത്തര്‍ രാഷ്ട്രീയ പശ്ചാതലം തെരഞ്ഞെടുപ്പ് സ്റ്റണ്ടിലേക്ക്

താന്‍ ഖത്തറില്‍ ബോംബിട്ടുവെന്ന് നെതന്യാഹു; ഇസ്രായേല്‍- ഖത്തര്‍ രാഷ്ട്രീയ പശ്ചാതലം തെരഞ്ഞെടുപ്പ് സ്റ്റണ്ടിലേക്ക്


ഖത്തറിനെ ആക്രമിച്ചതിന്റെ ഉത്തരവാദിത്തം പരസ്യമായി ഏറ്റെടുത്ത് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നടത്തിയ പുതിയ പരാമര്‍ശം പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തിലെ മറ്റൊരു വിവാദ അധ്യായത്തിന് വഴിതുറക്കുന്നു. ഗാസയിലെ യുദ്ധത്തിനിടെ ദോഹയില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തെക്കുറിച്ച് 'ഞാന്‍ ഖത്തറിനെ ആക്രമിച്ചു, ബോംബിട്ടു' എന്ന നെതന്യാഹുവിന്റെ പരാമര്‍ശം ഖത്തറിനെതിരായ ഇസ്രായേല്‍ നടപടിയുടെ രാഷ്ട്രീയ പശ്ചാത്തലമാണ് വീണ്ടും ചര്‍ച്ചയാക്കുന്നത്.

ഐ24ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് നെതന്യാഹു ഖത്തറിനെ 'ശത്രുതാപരമായ രാഷ്ട്രം' എന്ന് വിശേഷിപ്പിച്ചത്. ഗാസാ യുദ്ധത്തില്‍ ഖത്തര്‍ ഇസ്രായേല്‍ നയങ്ങളെ നിര്‍ണയിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ദോഹയിലെ ആക്രമണം: മധ്യസ്ഥനെ ലക്ഷ്യമിട്ട നടപടി

2025 സെപ്റ്റംബര്‍ 9ന് ദോഹയില്‍ നടന്ന ഇസ്രായേല്‍ ആക്രമണം പശ്ചിമേഷ്യന്‍ നയതന്ത്രത്തില്‍ വലിയ ആശങ്ക സൃഷ്ടിച്ച സംഭവമായിരുന്നു. അമേരിക്കയുടെ പിന്തുണയോടെ മുന്നോട്ടുവച്ച ഗാസാ വെടിനിര്‍ത്തല്‍ നിര്‍ദേശത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനിടെയാണ് ഹമാസ് പ്രതിനിധികള്‍ക്കെതിരെ ആക്രമണമുണ്ടായത്. അഞ്ച് ഹമാസ് അംഗങ്ങള്‍ക്കും ഒരു ഖത്തര്‍ സുരക്ഷാ ഉദ്യോഗസ്ഥനും ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടു.

മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് വേദിയൊരുക്കിയിരുന്ന ഖത്തറിന്റെ തലസ്ഥാനത്തെ തന്നെ ലക്ഷ്യമിട്ട ആക്രമണം എന്ന നിലയിലാണ് സംഭവം കൂടുതല്‍ ഗൗരവമായത്.

ഖത്തര്‍ ആക്രമണത്തെ ശക്തമായി അപലപിച്ചു. എല്ലാ അന്താരാഷ്ട്ര നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും നഗ്നമായ ലംഘനമാണിതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസും ഖത്തറിന്റെ പരമാധികാരത്തിന്റെയും ഭൗമിക അഖണ്ഡതയുടെയും ഗുരുതരമായ ലംഘനമാണ് ആക്രമണമെന്ന് പ്രതികരിച്ചു.

ഖത്തറിന് പിന്തുണ പ്രഖ്യാപിച്ച് ഇറാനും പാകിസ്താനും ഉള്‍പ്പെടെ നിരവധി രാജ്യങ്ങളും രംഗത്തെത്തി. ജോര്‍ദാന്‍, യു എ ഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലെ നേതാക്കള്‍ ആക്രമണത്തിന് പിന്നാലെ ദോഹ സന്ദര്‍ശിച്ചതും ശ്രദ്ധേയമായി.

ഹമാസിന്റെ രാഷ്ട്രീയ ഓഫിസ്: അമേരിക്കയുടെ അഭ്യര്‍ഥന

ഖത്തറിനെതിരായ ഇസ്രായേല്‍ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ഹമാസുമായുള്ള ദോഹയുടെ ബന്ധവും വീണ്ടും ചര്‍ച്ചയാകുന്നു.

2012 മുതല്‍ ഹമാസിന്റെ രാഷ്ട്രീയ ഓഫിസിന് ഖത്തര്‍ ആതിഥേയത്വം വഹിച്ചുവരുന്നുണ്ട്. അമേരിക്കയുടെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് ഈ നീക്കമെന്നാണ് ദോഹയുടെ നിലപാട്. ഗാസാ യുദ്ധവുമായി ബന്ധപ്പെട്ട് തടവുകാരുടെ കൈമാറ്റം, വെടിനിര്‍ത്തല്‍, മാനുഷിക സഹായം തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ക്ക് വേദിയൊരുക്കുന്നതില്‍ ഖത്തര്‍ നിര്‍ണായക മധ്യസ്ഥപങ്കാണ് വഹിച്ചിട്ടുള്ളത്.

അതുകൊണ്ടുതന്നെ ദോഹയിലെ ആക്രമണം ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട ഒരു സൈനിക നടപടി മാത്രമല്ല, മധ്യസ്ഥ ശ്രമങ്ങളുടെ സുരക്ഷയെയും വിശ്വാസ്യതയെയും ബാധിക്കുന്ന സംഭവമായും വിലയിരുത്തപ്പെട്ടു.

ഗാസാ ഫണ്ടില്‍ വീണ്ടും ആരോപണവും പ്രതിരോധവും

ഖത്തറിനെതിരായ വിമര്‍ശനങ്ങള്‍ക്കൊപ്പം ഗാസയിലേക്ക് കൈമാറിയ ഖത്തര്‍ ധനസഹായത്തെക്കുറിച്ചും നെതന്യാഹു പുതിയ വാദമുന്നയിച്ചു.

ഗാസയിലേക്ക് കൈമാറിയ ദശലക്ഷക്കണക്കിന് ഡോളര്‍ മാനുഷിക ആവശ്യങ്ങള്‍ക്കായിരുന്നുവെന്നും ഇസ്രായേല്‍ സുരക്ഷാ ഏജന്‍സികളായ മൊസാദിന്റെയും ഷിന്‍ ബെറ്റിന്റെയും ശുപാര്‍ശപ്രകാരമാണ് പണം കൈമാറിയതെന്നും നെതന്യാഹു പറഞ്ഞു.

ഗാസയിലേക്ക് എത്തിയ ആകെ പണത്തിന്റെ രണ്ട് ശതമാനം മാത്രമാണ് ഈ തുകയെന്നും അദ്ദേഹം അവകാശപ്പെട്ടു.

എന്നാല്‍, നെതന്യാഹുവിന്റെ രാഷ്ട്രീയ എതിരാളികളില്‍ ചിലര്‍ ഖത്തര്‍ ഫണ്ട് ഹമാസിന് 2023 ഒക്ടോബര്‍ 7ലെ ആക്രമണത്തിനുള്ള തയ്യാറെടുപ്പില്‍ സഹായകമായെന്ന ആരോപണം ഉന്നയിച്ചിട്ടുണ്ട്. ഖത്തര്‍ ഈ ആരോപണം ശക്തമായി നിഷേധിക്കുന്നു.

ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ബിന്‍ ജാസിം അല്‍താനി, ഖത്തര്‍ ഹമാസിന് ധനസഹായം നല്‍കിയെന്ന ആരോപണത്തിന് അടിസ്ഥാനമില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ഖത്തറിന്റെ മുഴുവന്‍ സഹായവും ഗാസയിലെ ജനങ്ങളിലേക്കാണ് എത്തിച്ചതെന്നും അമേരിക്കയ്ക്ക് പൂര്‍ണമായി അറിയാവുന്ന സുതാര്യമായ നടപടിക്രമങ്ങളിലൂടെയാണ് സഹായം കൈമാറിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്കിടയിലെ വിരോധാഭാസം

ഇവിടെയാണ് പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തിലെ വലിയ വിരോധാഭാസം തെളിയുന്നത്. ഒരു വശത്ത് ഹമാസുമായി ബന്ധമുള്ള രാജ്യമായി ഖത്തറിനെ ഇസ്രായേല്‍ വിമര്‍ശിക്കുമ്പോള്‍, മറുവശത്ത് ഗാസാ യുദ്ധത്തില്‍ വെടിനിര്‍ത്തല്‍ സാധ്യമാക്കാനുള്ള ചര്‍ച്ചകളില്‍ ഖത്തറിന്റെ മധ്യസ്ഥപങ്ക് അനിവാര്യമായി തുടരുന്നു.

ഹമാസുമായി ആശയവിനിമയം നടത്താനുള്ള ചാനല്‍ നിലനിര്‍ത്തുന്നതും ഇസ്രായേലും ഹമാസും തമ്മിലുള്ള പരോക്ഷ ചര്‍ച്ചകള്‍ക്ക് വേദിയൊരുക്കുന്നതുമാണ് ഖത്തറിന്റെ പ്രധാന നയതന്ത്ര പങ്ക്.

അതിനാല്‍ ദോഹയിലെ ആക്രമണം ഒരു രാജ്യത്തിന്റെ അതിര്‍ത്തിക്കുള്ളിലെ സൈനിക നടപടിയെന്നതിലുപരി, മധ്യസ്ഥതയുടെ രാഷ്ട്രീയ പരിധികളെക്കുറിച്ചുള്ള ചോദ്യങ്ങളും ഉയര്‍ത്തി.

തെരഞ്ഞെടുപ്പ് രാഷ്ട്രീയം കൂടി പശ്ചാത്തലത്തില്‍

നെതന്യാഹുവിന്റെ പുതിയ പരാമര്‍ശങ്ങള്‍ ആഭ്യന്തര രാഷ്ട്രീയ സമ്മര്‍ദം ശക്തമായ സാഹചര്യത്തിലാണ് പുറത്തുവരുന്നത്. ഒക്ടോബര്‍ 27ന് ഇസ്രായേലില്‍ പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഗാസാ യുദ്ധം, സമ്പദ്വ്യവസ്ഥ, ഇറാനുമായുള്ള സംഘര്‍ഷം എന്നിവയാണ് പ്രധാന തെരഞ്ഞെടുപ്പ് വിഷയങ്ങളായി മാറുന്നത്.

യുദ്ധവുമായി ബന്ധപ്പെട്ട സര്‍ക്കാരിന്റെ നിലപാടിനെതിരെ ആഭ്യന്തര വിമര്‍ശനം ശക്തമാകുന്ന സാഹചര്യത്തില്‍ ദേശീയ സുരക്ഷയും ശക്തമായ വിദേശനയവും ഉയര്‍ത്തിക്കാട്ടുന്നത് നെതന്യാഹുവിന്റെ രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമാണെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്.

തെരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി മറ്റ് രാജ്യങ്ങളുമായുള്ള സംഘര്‍ഷങ്ങള്‍ ശക്തമാക്കി ദേശീയവാദ പിന്തുണ ഉറപ്പാക്കാന്‍ നെതന്യാഹു ശ്രമിക്കുന്നതായി ചില രാഷ്ട്രീയ നിരീക്ഷകരും ആരോപിക്കുന്നു.

ഖത്തറിന്റെ പങ്ക് വീണ്ടും നിര്‍ണായകമാകുമോ?

ദോഹയിലെ ആക്രമണത്തെക്കുറിച്ചുള്ള നെതന്യാഹുവിന്റെ വീമ്പുപറച്ചിലും ഗാസാ ഫണ്ടിനെച്ചൊല്ലിയുള്ള പുതിയ വാദങ്ങളും ഖത്തറും ഇസ്രായേലും തമ്മിലുള്ള സംഘര്‍ഷത്തിന്റെ രാഷ്ട്രീയ ആഴം വ്യക്തമാക്കുന്നു. എന്നാല്‍ യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്ര ശ്രമങ്ങള്‍ മുന്നോട്ടുപോകുമ്പോള്‍ ഖത്തറിന്റെ മധ്യസ്ഥപങ്ക് ഒഴിവാക്കാനാകുമോ എന്നതാണ് പ്രധാന ചോദ്യം.

ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ സൈനിക നടപടികളില്‍ മാത്രം ഒതുങ്ങുന്നില്ല. പരസ്പരം സംസാരിക്കാന്‍ കഴിയാത്ത കക്ഷികള്‍ക്കിടയില്‍ ആശയവിനിമയത്തിന്റെ വാതില്‍ തുറന്നുവയ്ക്കുന്ന മധ്യസ്ഥരുടെ പങ്കും അതില്‍ നിര്‍ണായകമാണ്.

അതിനാല്‍ ദോഹയ്ക്കെതിരായ ആക്രമണവും അതിനെക്കുറിച്ചുള്ള നെതന്യാഹുവിന്റെ പുതിയ പരാമര്‍ശങ്ങളും ഒരു പഴയ സംഘര്‍ഷത്തിന്റെ ഓര്‍മ്മ മാത്രമല്ല ഗാസയിലെ സമാധാനശ്രമങ്ങളില്‍ മധ്യസ്ഥത, വിശ്വാസ്യത, പ്രാദേശിക രാഷ്ട്രീയം എന്നിവ എത്രത്തോളം പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു എന്നതിന്റെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്.