ഖാര്‍ഗ് ദ്വീപിന് സമീപം ഇറാനിയന്‍ എണ്ണക്കപ്പലിന് അമേരിക്കന്‍ ആക്രമണമെന്ന് റിപ്പോര്‍ട്ട്

ഖാര്‍ഗ് ദ്വീപിന് സമീപം ഇറാനിയന്‍ എണ്ണക്കപ്പലിന് അമേരിക്കന്‍ ആക്രമണമെന്ന് റിപ്പോര്‍ട്ട്


ദുബായ്: ഇറാന്റെ പ്രധാന എണ്ണക്കയറ്റുമതി കേന്ദ്രങ്ങളിലൊന്നായ ഖാര്‍ഗ് ദ്വീപിന് സമീപം ഇറാനിയന്‍ എണ്ണക്കപ്പലിന് അമേരിക്കന്‍ സേനയുടെ മിസൈല്‍ ആക്രമണമുണ്ടായതായി ഇറാനിയന്‍ വാര്‍ത്താ ഏജന്‍സിയായ തസ്‌നീം റിപ്പോര്‍ട്ട് ചെയ്തു.

ഖാര്‍ഗ് ദ്വീപിന്റെ നങ്കൂര മേഖലയ്ക്ക് സമീപം കപ്പലിന് നേരെ നാല് അമേരിക്കന്‍ മിസൈലുകള്‍ പ്രയോഗിച്ചതായാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ ആളപായമൊന്നും ഉണ്ടായിട്ടില്ലെന്നും കപ്പലിലുണ്ടായിരുന്ന ജീവനക്കാരെ ഒഴിപ്പിക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണെന്നും പ്രാദേശിക വൃത്തങ്ങളെ ഉദ്ധരിച്ച് തസ്‌നീം അറിയിച്ചു.

അതേസമയം, ആക്രമണവുമായി ബന്ധപ്പെട്ട് ഇറാന്‍ അധികൃതരില്‍ നിന്ന് ഉടന്‍ ഔദ്യോഗിക പ്രതികരണമുണ്ടായിട്ടില്ല. പ്രതികരണം തേടിയെങ്കിലും യു എസ് സെന്‍ട്രല്‍ കമാന്‍ഡും മറുപടി നല്‍കിയിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഖാര്‍ഗ് ദ്വീപ് ഇറാന്റെ എണ്ണക്കയറ്റുമതിയില്‍ നിര്‍ണായക പങ്കുവഹിക്കുന്ന കേന്ദ്രമാണ്. മേഖലയിലെ സ്ഥിതിഗതികള്‍ ഇതിനകം സംഘര്‍ഷഭരിതമായിരിക്കെ, എണ്ണക്കപ്പലിന് നേരെയുണ്ടായതായി പറയപ്പെടുന്ന ആക്രമണം ഇറാന്റെ എണ്ണമേഖലയ്ക്കും സമ്പദ്വ്യവസ്ഥയ്ക്കും കൂടുതല്‍ സമ്മര്‍ദം സൃഷ്ടിച്ചേക്കുമെന്നാണ് വിലയിരുത്തല്‍.