ഫുക്കറ്റ്-ഡൽഹി എയര്‍ ഇന്ത്യ വിമാനാപകടം; ലഹരി ഉപയോഗം തെളിഞ്ഞതിന് പിന്നാലെ പൈലറ്റിനെ പിരിച്ചുവിട്ടു

ഫുക്കറ്റ്-ഡൽഹി എയര്‍ ഇന്ത്യ വിമാനാപകടം; ലഹരി ഉപയോഗം തെളിഞ്ഞതിന് പിന്നാലെ പൈലറ്റിനെ പിരിച്ചുവിട്ടു


ന്യൂഡൽഹി: അപകടത്തില്‍പ്പെട്ട ഫുക്കറ്റ്–ഡൽഹി വിമാനത്തിന്‍റെ പൈലറ്റ് ഇൻ കമാൻഡൻ്റിനെ എയർ ഇന്ത്യ പിരിച്ചുവിട്ടു. അപകട സമയം പൈലറ്റ് ലഹരി ഉപയോഗിച്ചിരുന്നുവെന്ന് എയർക്രാഫ്റ്റ് അക്സിഡൻ്റ് ഇൻവസ്റ്റിഗേഷൻ ബ്യൂറോ അന്വേഷണ റിപ്പോർട്ടിൽ സ്ഥിരീകരിച്ചിരുന്നു. വിമാനത്തിലെ മൂന്ന് ഹൈഡ്രോളിക് സംവിധാനം ഒന്നിച്ച് നിലച്ചുവെന്ന റിപ്പോർട്ടുകളും അന്വേഷണ സംഘം ശരിവച്ചു.

ഓഗസ്റ്റ് നാലിന് തായ്‌ലന്‍ഡിലെ ഫുക്കറ്റില്‍ നിന്ന് ഡൽഹിയിലേക്ക് പറന്ന എയർ ഇന്ത്യ വിമാനത്തിലെ പൈലറ്റ് ലഹരിമരുന്ന് ഉപയോഗിച്ചതായി എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് സ്ഥിരീകരിച്ച് മണിക്കൂറുകൾക്ക് ഉള്ളിലാണ് പൈലറ്റിനെ എയർ ഇന്ത്യ പുറത്താക്കിയത്. സുരക്ഷയാണ് എയർ ഇന്ത്യയുടെ ഏറ്റവും ഉയർന്ന മുൻഗണന വ്യക്തമാക്കിയാണ് നടപടി. പൈലറ്റ് ലഹരി ഉപയോഗിച്ചിരുന്നു എന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കിയ എഎഐബി പൈലറ്റിനെതിരെ കർശന നടപടിയെടുക്കാൻ ഡിജിസിഎയോട് ശുപാർശ ചെയ്തിരുന്നു. ലഹരി പരിശോധനാഫലം പോസിറ്റീവായതിന് പിന്നാലെ പൈലറ്റിനെ ജോലിയില്‍ നിന്ന് മാറ്റിനിര്‍ത്തിയിരിക്കുകയായിരുന്നു.

137 യാത്രക്കാരും എട്ട് ജീവനക്കാരുമടക്കം 145 പേരുമായി സഞ്ചരിച്ച എയർ ഇന്ത്യയുടെ AI 2379 നമ്പർ എയർബസ് A320 നിയോ വിമാനമാണ് അപകടത്തിൽപ്പെട്ടത്. 36,000 അടി ഉയരത്തിൽ സഞ്ചരിക്കവെ വെറും അഞ്ച് സെക്കൻഡിന്റെ വ്യത്യാസത്തിൽ വിമാനത്തിന്റെ മൂന്ന് പ്രധാന ഹൈഡ്രോളിക് സംവിധാനങ്ങളുടെയും (ഗ്രീൻ, ബ്ലൂ, യെല്ലോ) സമ്മർദം പൂർണ്ണമായി നഷ്ടപ്പെടുകയായിരുന്നു. ഇതോടെ ഓട്ടോപൈലറ്റ് സംവിധാനം തനിയെ വിച്ഛേദിക്കപ്പെടുകയും, തുടർച്ചയായ അപായമണി മുഴങ്ങുകയും ചെയ്തു. രണ്ട് സെക്കൻഡ് നേരം 'സ്റ്റാൾ വാണിംഗും' പ്രവർത്തിച്ചു. ഈ നിമിഷങ്ങളിൽ നിയന്ത്രണം വിട്ട വിമാനം പൊടുന്നനെ 372 അടി മുകളിലേക്ക് കുതിച്ചുയരുകയും, തൊട്ടടുത്ത നിമിഷം 292 അടി താഴേക്ക് കുത്തനെ പതിക്കുകയുമായിരുന്നു. ആദ്യം കോ-പൈലറ്റും തുടർന്ന് പ്രധാന പൈലറ്റും ഇടപെട്ട് ഏതാനും സെക്കൻഡുകൾക്കകം ഹൈഡ്രോളിക് സംവിധാനങ്ങൾ സാധാരണ നിലയിലാക്കി വിമാനം നിയന്ത്രണത്തിൽ കൊണ്ടുവരികയായിരുന്നു.

ഉയരത്തിൽ ശാന്തമായി പറക്കുന്ന സമയമായിരുന്നതിനാൽ സീറ്റ് ബെൽറ്റ് ചിഹ്നങ്ങൾ ഓഫായിരുന്നു. വിമാനം പെട്ടെന്ന് മുകളിലേക്കും താഴേക്കും ആടിയുലഞ്ഞതോടെ യാത്രക്കാരും ക്യാബിൻ ക്രൂ ജീവനക്കാരും സീറ്റുകളിൽ നിന്ന് തെറിച്ച് ക്യാബിനകത്ത് വീണു. 20 യാത്രക്കാർക്കും നാല് ക്യാബിൻ ക്രൂ ജീവനക്കാർക്കുമടക്കം 24 പേർക്ക് പരിക്കേറ്റു. ഇതിൽ ഗുരുതരമായി പരിക്കേറ്റ നാല് പേരെ ഡൽഹിയിൽ വിമാനമിറങ്ങിയ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

യാത്രക്കാർ തെറിച്ചുവീണ ആഘാതത്തിൽ ക്യാബിൻ സീലിംഗ് പാനലുകൾ, ഓവർഹെഡ് ബിന്നുകൾ എന്നിവ തകർന്നു. എമർജൻസി എക്സിറ്റ് ഹാൻഡിൽ ഒടിയുകയും, ശൗചാലയത്തിലെ ക്ലോസറ്റ് ഇളകിമാറുകയും ജീവനക്കാരുടെ ഇരിപ്പിടങ്ങൾ തകരുകയും ചെയ്തു. ഇത്രയും വലിയ അപകടമുണ്ടായിട്ടും അടുത്തുള്ള വിമാനത്താവളത്തിലേക്ക് തിരിച്ചുവിടാതെ വിമാനം ഡൽഹിയിലേക്ക് തന്നെ പറത്താനാണ് പൈലറ്റുമാർ തീരുമാനിച്ചത്. പിന്നീട് ഡൽഹി എയർ ട്രാഫിക് കൺട്രോളുമായി ബന്ധപ്പെട്ട് മെഡിക്കൽ മുൻഗണന ആവശ്യപ്പെടുകയും വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യുകയുമായിരുന്നു.

ലാൻഡിംഗിന് ശേഷം നടത്തിയ ശ്വാസപരിശോധനയിൽ രണ്ട് പൈലറ്റുമാരും മദ്യപിച്ചിട്ടില്ലെന്ന് വ്യക്തമായിരുന്നു. എന്നാൽ തുടർന്ന് നടത്തിയ സൈക്കോ ആക്ടീവ് സബ്സ്റ്റൻസ് സ്ക്രീനിംഗിൽ മുഖ്യ പൈലറ്റിന്റെ സാമ്പിൾ പോസിറ്റീവായി. ഇതിനുപിന്നാലെ പതോളജിക്കൽ ലാബിലേക്ക് അയച്ച രക്തപരിശോധനയിലും പൈലറ്റ് ലഹരി ഉപയോഗിച്ചിരുന്നതായി സ്ഥിരീകരിച്ചു. അതേസമയം കോ-പൈലറ്റിന്റെ പരിശോധനാഫലങ്ങൾ നെഗറ്റീവായിരുന്നു. പൈലറ്റിന്റെ ലഹരി ഉപയോഗമാണ് ഹൈഡ്രോളിക് തകരാറിലേക്ക് നയിച്ചതെന്ന് പ്രാഥമിക റിപ്പോർട്ടിൽ പറയുന്നില്ലെങ്കിലും, ഇത്രയും യാത്രക്കാരുള്ള വിമാനം പറത്തുമ്പോൾ പൈലറ്റ് ലഹരി ഉപയോഗിച്ചത് ഗുരുതരമായ വീഴ്ചയാണെന്ന് അന്വേഷണ ഏജൻസി ചൂണ്ടിക്കാട്ടി. പൈലറ്റിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചയെക്കുറിച്ചും വിശദമായ അന്വേഷണം തുടരുകയാണെന്നും അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കുമെന്നും എഎഐബി വ്യക്തമാക്കി. വിമാന അപകട അന്വേഷണവുമായി സഹകരിക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചു.