'ഡിജിറ്റൽ അറസ്റ്റ്' തട്ടിപ്പ് സംഘങ്ങൾക്കെതിരേ വലവിരിച്ച് സിബിഐ: 20 സംസ്ഥാനങ്ങളിലെ 89 ഇടങ്ങളിൽ റെയ്ഡ്; മൂന്ന് പേർ പിടിയിൽ

'ഡിജിറ്റൽ അറസ്റ്റ്' തട്ടിപ്പ് സംഘങ്ങൾക്കെതിരേ വലവിരിച്ച് സിബിഐ: 20 സംസ്ഥാനങ്ങളിലെ 89 ഇടങ്ങളിൽ റെയ്ഡ്; മൂന്ന് പേർ പിടിയിൽ


ഡിജിറ്റൽ അറസ്റ്റ് സംഘങ്ങൾക്കെതിരേ രാജ്യവ്യാപകമായി സിബിഐ വിരിച്ച വലയിൽ മൂന്ന് പേർ അകത്ത്. 20 സംസ്ഥാനങ്ങളിലായി 89 ഇടങ്ങളിലാണ് സിബിഐ റെയ്ഡ് നടത്തിയത്. ഓപ്പറേഷൻ ചക്ര- VI എന്ന പേരിൽ നടത്തിയ റെയ്ഡിൽ ഹരിയാന, കോൽക്കത്ത സ്വദേശികളാണ് പിടിയിലായത്. 42.36 കോടി രൂപയുടെ മൂന്ന് തട്ടിപ്പ് കേസുകളുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ രണ്ടുപേരെ മൂന്ന് മാസത്തോളം ഡിജിറ്റൽ അറസ്റ്റിൽ വച്ചാണ് 27 കോടി തട്ടിയെടുത്തതെന്നും സിബിഐ വെളിപ്പെടുത്തി. 

തട്ടിപ്പിലൂടെ ലഭിച്ച പണം കണ്ടെത്താനും, ഈ സംഘങ്ങൾക്ക് പിന്നിലുള്ള ഗുണഭോക്താക്കളെയും സൂത്രധാരന്മാരെയും തിരിച്ചറിയാനുമാണ് ഒരേസമയം 20 സംസ്ഥാനങ്ങളിലും റെയ്ഡുകൾ നടത്തിയതെന്ന് സിബിഐ പറഞ്ഞു. "ബാങ്ക് അക്കൗണ്ടുകളുടെയും ഓൺലൈൻ അക്കൗണ്ട് ആക്സസ് വിവരങ്ങളുടെയും പരിശോധന ഉൾപ്പെടെയുള്ള വിശദമായ സാമ്പത്തിക-സാങ്കേതിക വിശകലനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ നടപടികൾ ആസൂത്രണം ചെയ്തത്," ഏജൻസി വ്യക്തമാക്കി.

ബിറ്റ്സ് പിലാനി (BITS Pilani), ഗുജറാത്ത്, കർണാടക എന്നിവിടങ്ങളിലായി രജിസ്റ്റർ ചെയ്ത മൂന്ന് പ്രധാന തട്ടിപ്പ് കേസുകളുമായി ബന്ധപ്പെട്ടാണ് സിബിഐ ഈ നടപടി സ്വീകരിച്ചത്. പോലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേന എത്തിയ തട്ടിപ്പുകാർ ബിറ്റ്സ് പിലാനി പ്രൊഫസറെ മൂന്ന് മാസത്തോളം 'ഡിജിറ്റൽ അറസ്റ്റി'ൽ പാർപ്പിച്ചതിനു ശേഷം 7.67 കോടി രൂപ തട്ടിയെടുക്കുകയായിരുന്നു. മറ്റൊരു കേസിൽ ​ഗുജറാത്ത് സ്വദേശിയെയും മൂന്ന് മാസത്തോളം 'ഡിജിറ്റൽ അറസ്റ്റി'ൽ പാർപ്പിച്ച് 19.24 കോടി രൂപ തട്ടിയെടുത്തു. മൂന്നാമത്തെ കേസിൽ, കർണാടകയിലെ ഒരു വ്യക്തിയെ ഒരു മാസം അറസ്റ്റിൽ പാർപ്പിച്ച് 15.45 കോടി രൂപ കൈക്കലാക്കി. 

"റെയ്ഡുകളിൽ കുറ്റകൃത്യം തെളിയിക്കുന്ന ബാങ്കിംഗ് രേഖകൾ, അക്കൗണ്ട് സംബന്ധമായ വിവരങ്ങൾ, ഡിജിറ്റൽ ഉപകരണങ്ങൾ, മറ്റ് നിർണായക തെളിവുകൾ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. സംസ്ഥാന അതിർത്തികൾ കടന്ന് പ്രവർത്തിക്കുന്ന 'ഡിജിറ്റൽ അറസ്റ്റ്' തട്ടിപ്പ് സംഘങ്ങളുടെ വിപുലമായ സാമ്പത്തിക-സാങ്കേതിക ശൃംഖലയെക്കുറിച്ച് മനസ്സിലാക്കാൻ ഇവ ഇപ്പോൾ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കുകയാണ്," ഏജൻസി അറിയിച്ചു.

പിടിയിലായത് തട്ടിപ്പ് ശൃംഖലയിലെ മൂന്ന് കണ്ണികൾ

രാജ്യവ്യാപക ശൃംഖലയിലുള്ള മൂന്ന് പേരെയാണ് റെയ്ഡിനിടെ സിബിഐ പിടികൂടിയത്. തട്ടിപ്പിലൂടെ ലഭിച്ച പണം സ്വീകരിക്കുന്നതിലും, അത് പല അക്കൗണ്ടുകളിലൂടെ മാറ്റിമറിച്ച് ഉറവിടം മറയ്ക്കുന്നതിലും, തുടർന്ന് വിതരണം ചെയ്യുന്നതിലും ഇവർക്ക് കൃത്യമായ പങ്കുണ്ടെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായതായി സിബിഐ ഉദ്യോ​ഗസ്ഥർ പറയുന്നു. 

ഹരിയാന സ്വദേശിയായ ആകാശിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് തട്ടിയെടുത്ത പണത്തിൽ നിന്ന് 1.95 കോടി രൂപ എത്തിയതായി കണ്ടെത്തി. ഇയാൾ സ്വന്തമായാണ് ഈ അക്കൗണ്ട് തുടങ്ങിയതെന്നും, പണം ലഭിച്ച ദിവസം തന്നെ മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റിയെന്നും സിബിഐ അറിയിച്ചു; തട്ടിപ്പിലൂടെ ലഭിച്ച പണം വെളുപ്പിക്കുന്നതിൽ ഇയാൾക്ക് നേരിട്ടുള്ളതും അറിഞ്ഞുകൊണ്ടുള്ളതുമായ പങ്കുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

കൊൽക്കത്ത സ്വദേശിയായ രാജ കർമ്മകാർ, തട്ടിപ്പിലൂടെ ലഭിച്ച തുകയിൽ 1.5 കോടി രൂപ തന്റെ സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്ക് സ്വീകരിച്ചതായി കണ്ടെത്തിയിട്ടുണ്ട്. മൂന്നാം പ്രതിയായ ജ്യോതി റാണിയും തട്ടിപ്പ് പണത്തിന്റെ ഒരു ഭാഗം തന്റെ അക്കൗണ്ടിലേക്ക് സ്വീകരിച്ചതായി വ്യക്തമായിട്ടുണ്ട്. സിബിഐയുടെ റിപ്പോർട്ട് പ്രകാരം, ഇവർ പണത്തിന്റെ ഒരു ഭാഗം പിൻവലിക്കുകയും ബാക്കി തുക മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റുകയും ചെയ്തു; പണത്തിന്റെ ഉറവിടം മറച്ചുവെക്കുന്നതിനായി അത് വിവിധ അക്കൗണ്ടുകളിലേക്ക് വിതരണം ചെയ്യുന്നതിൽ ഇവർ പങ്കാളികളായി. ഈ വലിയ ശൃംഖലയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന മറ്റ് പ്രതികളെ കണ്ടെത്താനും പിടികൂടാനുമുള്ള ശ്രമങ്ങൾ ഏജൻസി തുടരുകയാണ്.

സുപ്രീം കോടതിയുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് സിബിഐ ഇത്തരം ഡിജിറ്റൽ അറസ്റ്റ് മാഫിയകൾക്കെതിരെ രാജ്യവ്യാപകമായി അന്വേഷണം ശക്തമാക്കിയത്.