വാഷിങ്ടൺ: ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി അമേരിക്ക. സ്വന്തം നയതന്ത്ര ബന്ധങ്ങൾ തീരുമാനിക്കാനുള്ള ഇന്ത്യയുടെ അവകാശത്തെ അംഗീകരിക്കുമ്പോഴും, ഇറാനെതിരായ ഉപരോധങ്ങളെ മറികടന്ന് ടെഹ്രാന്റെ വരുമാന സ്രോതസുകൾ പുനഃസ്ഥാപിക്കാൻ സഹായിക്കുന്ന രാജ്യങ്ങൾക്കെതിരെ ഉപരോധം ഏർപ്പെടുത്തുമെന്ന സന്ദേശമാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ നൽകിയത്.
മോഡി-പെസെഷ്‌കിയാൻ കൂടിക്കാഴ്ചയിൽ വ്യാപാരബന്ധം വിപുലീകരിക്കൽ, പശ്ചിമേഷ്യയിലെ സംഘർഷം, വാണിജ്യ കപ്പൽഗതാഗതത്തിന്റെ സുരക്ഷ എന്നിവ ചർച്ചയായെങ്കിലും ഔപചാരിക വ്യാപാര കരാറൊന്നും പ്രഖ്യാപിച്ചിട്ടില്ലെന്ന് റൂബിയോ ചൂണ്ടിക്കാട്ടി. അതേസമയം, ഇറാന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് പുതിയ വരുമാനമാർഗങ്ങൾ സൃഷ്ടിക്കാൻ സഹായിക്കുന്ന നടപടികൾ ഭീകരപ്രവർത്തനത്തിനോ ആണവപദ്ധതിക്കോ ധനസഹായമാകുന്നുവെങ്കിൽ അതിൽ പങ്കാളികളാകുന്ന രാജ്യങ്ങളും യുഎസ് ഉപരോധത്തിന്റെ പരിധിയിൽ വരാമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി.
ഇവിടെയാണ് ഇന്ത്യയുടെ വിദേശനയത്തിന് മുന്നിലുള്ള വെല്ലുവിളി. ഇറാൻ ഇന്ത്യയ്ക്ക് വെറുമൊരു നയതന്ത്ര പങ്കാളിയല്ല; ഭൗമരാഷ്ട്രീയമായി നിർണായകമായ ഒരു കവാടമാണ്. ഇറാനിലെ ചാബഹാർ തുറമുഖം വഴി പാകിസ്ഥാനെ മറികടന്ന് അഫ്ഗാനിസ്ഥാനിലേക്കും മധ്യേഷ്യയിലേക്കും എത്താനുള്ള അവസരം ഇന്ത്യയ്ക്കുണ്ട്. ഇന്ത്യ-ഇറാൻ-റഷ്യ എന്നീ രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന ഇന്റർനാഷണൽ നോർത്ത്-സൗത്ത് ട്രാൻസ്‌പോർട്ട് കോറിഡോറും യൂറേഷ്യൻ വ്യാപാരത്തിലേക്കുള്ള മറ്റൊരു പ്രധാന പാതയാണ്.
ഊർജമേഖലയിലും ഇറാനുമായുള്ള ബന്ധത്തിന് ഇന്ത്യയ്ക്ക് ചരിത്രപരമായ പ്രാധാന്യമുണ്ട്. അമേരിക്കൻ ഉപരോധങ്ങൾക്കിടയിലും ചാബഹാർ പദ്ധതിക്ക് പ്രത്യേക പരിഗണന ലഭിക്കണമെന്ന് ന്യൂഡൽഹി തുടർച്ചയായി ആവശ്യപ്പെട്ടത് ഈ തന്ത്രപരമായ താൽപര്യങ്ങളുടെ ഭാഗമായാണ്.
മറുവശത്ത്, മോഡി-പെസെഷ്‌കിയാൻ കൂടിക്കാഴ്ച നടന്നത് ഇറാൻ വലിയ സമ്മർദം നേരിടുന്ന ഘട്ടത്തിലാണ്. റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുടിനുമായും പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫുമായും പെസെഷ്‌കിയാൻ കൂടിക്കാഴ്ച നടത്തി. അമേരിക്കൻ ഏകപക്ഷീയതയ്‌ക്കെതിരെ സഹകരണം ശക്തമാക്കണമെന്ന സന്ദേശമാണ് ഇറാൻ നൽകുന്നത്.
എന്നാൽ ടെഹ്രാന്റെ നിലപാട് പൂർണമായ ഏറ്റുമുട്ടലിന്റേതുമല്ല. ജൂണിൽ ഉണ്ടായ ഇടക്കാല ധാരണയിലെ വ്യവസ്ഥകൾ വാഷിങ്ടൺ പാലിച്ചാൽ ഇറാനും അതിന് അനുസൃതമായി നീങ്ങാൻ തയ്യാറാണെന്നും ചർച്ചകൾക്ക് വാതിൽ തുറന്നിട്ടുണ്ടെന്നും പെസെഷ്‌കിയാൻ സൂചിപ്പിച്ചു. ഹോർമുസ് കടലിടുക്കിലൂടെയുള്ള സ്വതന്ത്ര കപ്പൽഗതാഗതവും ഈ ധാരണയുടെ നടപ്പാക്കലുമായി ബന്ധിപ്പിച്ചതോടെ പശ്ചിമേഷ്യയിലെ സംഘർഷത്തിന് സാമ്പത്തികവും ആഗോളവുമായ പ്രത്യാഘാതങ്ങൾ കൂടുതൽ വ്യക്തമായി.
ഷാങ്ഹായ് സഹകരണ സംഘടനാ (SCO) ഉച്ചകോടിയിലും ഇറാന് നയതന്ത്ര പിന്തുണ ലഭിച്ചു. ഇറാനെതിരായ സൈനിക ആക്രമണങ്ങളെയും ഏകപക്ഷീയ ഉപരോധങ്ങളെയും സംഘടനയിലെ രാജ്യങ്ങൾ വിമർശിക്കുകയും സമാധാനപരമായ ആണവപ്രവർത്തനത്തിനുള്ള ഇറാന്റെ അവകാശം ആവർത്തിക്കുകയും ചെയ്തു. ഊർജം, വ്യാപാരം, ധനകാര്യം തുടങ്ങിയ മേഖലകളിൽ സഹകരണം ശക്തമാക്കാനും ആഹ്വാനമുണ്ടായി.
ഇന്ത്യയുടെ എസ് സി ഒ പങ്കാളിത്തമാണ് വാഷിങ്ടണിലെ അസ്വസ്ഥതയുടെ മറ്റൊരു കാരണം. എന്നാൽ ഇന്ത്യ ടഇഛയിൽ പങ്കെടുക്കുന്നത് ചൈന-റഷ്യ അച്ചുതണ്ടിനൊപ്പം ചേരുന്നതിന്റെ സൂചനയായി കാണാനാകില്ല. അമേരിക്ക, ജപ്പാൻ, ഓസ്‌ട്രേലിയ എന്നിവരോടൊപ്പമുള്ള ക്വാഡ്, ബ്രിക്‌സ്, എസ് സി ഒ , ജി20 തുടങ്ങി പരസ്പരം വ്യത്യസ്തമായ വേദികളിൽ ഒരേസമയം സജീവമായി ഇടപെടുന്നതിലൂടെ സ്വന്തം തന്ത്രപരമായ ഇടം പരമാവധി വികസിപ്പിക്കുകയാണ് ഇന്ത്യ.
ഇതാണ് ഇന്ത്യ-അമേരിക്ക ബന്ധത്തിലെ അടിസ്ഥാന വൈരുധ്യം. ചൈനയെ നേരിടുന്നതിൽ ഇന്ത്യയെ നിർണായക പങ്കാളിയായി കാണുന്ന വാഷിങ്ടണിന് ന്യൂഡൽഹി ഏറെ പ്രധാനമാണ്. എന്നാൽ അമേരിക്കയുടെ പരമ്പരാഗത സഖ്യകക്ഷിയെപ്പോലെ റഷ്യയോടോ ഇറാനോടോ ചൈനയോടോ ബന്ധം വിച്ഛേദിക്കാൻ ഇന്ത്യ തയ്യാറല്ല. അമേരിക്കയുമായുള്ള തന്ത്രപരമായ പങ്കാളിത്തം മറ്റ് രാജ്യങ്ങളോടുള്ള ശത്രുതയായി മാറേണ്ടതില്ലെന്നാണ് ഇന്ത്യയുടെ നിലപാട്.
എന്നാൽ അമേരിക്കൻ ഉപരോധങ്ങൾ കൂടുതൽ കടുപ്പിക്കുന്ന സാഹചര്യത്തിൽ ഈ 'ബഹുസഖ്യ' നയത്തിന്റെ സാമ്പത്തിക ചെലവ് വർധിക്കുകയാണ്. ഇറാനുമായി ഇടപെടുന്ന ഇന്ത്യൻ കമ്പനികൾക്കും ബാങ്കുകൾക്കും കപ്പൽഗതാഗത സ്ഥാപനങ്ങൾക്കും യുഎസ് ഉപരോധത്തിന്റെ ഭീഷണി നേരിടേണ്ടിവരും. അതോടെ നയതന്ത്ര തലത്തിൽ ഇന്ത്യയ്ക്ക് നിലനിർത്താൻ കഴിയുന്ന സ്വാതന്ത്ര്യം അതേപടി വ്യാപാരരംഗത്തും നിലനിർത്താനാകുമോ എന്നതാണ് നിർണായക ചോദ്യം.
മോഡിക്ക് വാഷിങ്ടണുമായും ടെഹ്രാനുമായും ഒരേസമയം സംസാരിക്കാൻ കഴിയുന്നിടത്തോളം ഇന്ത്യയുടെ തന്ത്രപരമായ സ്വാതന്ത്ര്യം ശക്തമായി തുടരും. പക്ഷേ, അമേരിക്കൻ ഉപരോധത്തിന്റെ സമ്മർദം നയതന്ത്രബന്ധങ്ങളിൽ നിന്ന് ഇന്ത്യൻ ബിസിനസ് മേഖലയിലേക്ക് കൂടി നീളുമ്പോൾ, ഈ സമതുലിത വിദേശനയം പ്രായോഗികമായി എത്രത്തോളം മുന്നോട്ടുകൊണ്ടുപോകാനാകും എന്നതാണ് ഇനി പരീക്ഷണം.
മോഡി-ഇറാൻ കൂടിക്കാഴ്ചയിൽ അമേരിക്കയുടെ 'ചുവപ്പുവര'; ഇന്ത്യയുടെ തന്ത്രസ്വാതന്ത്ര്യത്തിന് മുന്നിൽ പുതിയ സമ്മർദം
