വാഷിംഗ്ടണ്‍: അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷം വീണ്ടും രൂക്ഷമാകുന്നതിനിടെ ഇറാനുമേല്‍ സാമ്പത്തിക സമ്മര്‍ദം ശക്തമാക്കാന്‍ സമുദ്രഗതാഗത മേഖല, ഡിജിറ്റല്‍ ആസ്തികള്‍, ഇറാനുമായി വ്യാപാരബന്ധം പുലര്‍ത്തുന്ന സ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരെയും നടപടിയെടുക്കാന്‍ അമേരിക്ക തയ്യാറെടുക്കുന്നതായി യു എസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് വ്യക്തമാക്കി.
ഇറാന്റെ എയര്‍ലൈന്‍ മേഖലയുമായി ബന്ധപ്പെട്ട വിമാന ലീസിംഗ് കമ്പനികള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളും അമേരിക്കയുടെ നിരീക്ഷണ പരിധിയില്‍ വരാമെന്ന് അദ്ദേഹം ഫോക്‌സ് ന്യൂസിനോട് പറഞ്ഞു.
ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡ്‌സ് കോര്‍പ്‌സുമായി വ്യാപാരബന്ധം പുലര്‍ത്തുന്നവര്‍ക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് ബെസന്റ് മുന്നറിയിപ്പ് നല്‍കി. ഐ ആര്‍ ജി സിയുടെ ആസ്തികള്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
ബ്രിട്ടീഷ് വെര്‍ജിന്‍ ഐലന്‍ഡ്‌സിലെ ട്രസ്റ്റ് കമ്പനികളിലുള്ള ബാങ്ക് അക്കൗണ്ടുകള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അമേരിക്കയ്ക്ക് അറിയാമെന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കോടിക്കണക്കിന് ഡോളര്‍ വിലമതിക്കുന്ന ആസ്തികള്‍ മരവിപ്പിക്കുമെന്നും ബെസന്റ് മുന്നറിയിപ്പ് നല്‍കി.
'ഇറാനെ പിന്തുണയ്ക്കരുത്'
ഇറാനെ പിന്തുണയ്ക്കുന്നതില്‍ നിന്ന് റഷ്യ ഉള്‍പ്പെടെ എല്ലാവരും വിട്ടുനില്‍ക്കണമെന്ന് യു എസ് ട്രഷറി സെക്രട്ടറി ആവശ്യപ്പെട്ടു. സംഘര്‍ഷം അവസാനിപ്പിക്കണമെന്നാണ് എല്ലാവരുടെയും ആഗ്രഹമെന്നും ഇറാന്‍ ഭരണകൂടത്തിന് പുറത്തുനിന്നുള്ള പിന്തുണ അവസാനിപ്പിക്കുകയാണ് അതിവേഗം സംഘര്‍ഷം അവസാനിപ്പിക്കാനുള്ള മാര്‍ഗമെന്നും അദ്ദേഹം വ്യക്തമാക്കി.
റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ഇറാനെ പിന്തുണച്ച് രംഗത്തെത്തിയതിന് തൊട്ടുപിന്നാലെയാണ് ബെസന്റിന്റെ പരാമര്‍ശം.
ഇറാനെതിരായ സാമ്പത്തിക സമ്മര്‍ദ നടപടികള്‍ ശക്തമാക്കുമെന്ന് ട്രംപ് ഭരണകൂടം നേരത്തെ പ്രഖ്യാപിച്ചിരുന്നു. രണ്ടാം ലോകമഹായുദ്ധകാലത്ത് നാസി ജര്‍മനിക്കെതിരെ സഖ്യകക്ഷികള്‍ നടത്തിയ വന്‍ സൈനിക നീക്കത്തെ സൂചിപ്പിക്കുന്ന രീതിയില്‍ ഇതിനെ 'സാമ്പത്തിക ഡി-ഡേ' എന്നാണ് ഭരണകൂടം വിശേഷിപ്പിച്ചത്.
ചൈനയുമായും ചര്‍ച്ചകള്‍
ഇറാനെക്കുറിച്ചുള്ള വിഷയത്തില്‍ ചൈനയുമായി അമേരിക്കയ്ക്ക് ചില പൊതുനിലപാടുകളുണ്ടെന്നും ബെസന്റ് പറഞ്ഞു. ഇറാന്‍ ആണവായുധം സ്വന്തമാക്കരുതെന്ന കാര്യത്തില്‍ ചൈനയും യോജിക്കുന്നുണ്ടെന്നും ഹോര്‍മുസ് കടലിടുക്കില്‍ നാവിഗേഷന്‍ സ്വാതന്ത്ര്യം ഉറപ്പാക്കണമെന്നും ചൈന പിന്തുണയ്ക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതുമായി ബന്ധപ്പെട്ട് ചൈനയുമായി സ്വകാര്യതല ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെന്നും ബെസന്റ് ഫോക്‌സ് ന്യൂസിനോട് പറഞ്ഞു.
അമേരിക്ക- ഇസ്രായേല്‍ ആക്രമണങ്ങളെത്തുടര്‍ന്ന് ആരംഭിച്ച പശ്ചിമേഷ്യന്‍ യുദ്ധം ഏഴാം മാസത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് പുതിയ സംഭവവികാസങ്ങള്‍. പ്രതികാര നടപടിയുടെ ഭാഗമായി ഇറാന്‍ നിര്‍ണായകമായ ഹോര്‍മുസ് കടലിടുക്ക് അടച്ചതോടെ ആഗോള സമ്പദ്വ്യവസ്ഥയ്ക്കും സമ്മര്‍ദം ശക്തമായിട്ടുണ്ട്.
ഇറാനെതിരായ സൈനിക സംഘര്‍ഷത്തിനൊപ്പം സാമ്പത്തിക സമ്മര്‍ദ നടപടികളും അമേരിക്ക ശക്തമാക്കിയിട്ടുണ്ട്. ഇറാനെതിരെയും ഐ ആര്‍ ജി സിയുമായി ബന്ധമുള്ള സ്ഥാപനങ്ങള്‍ക്കെതിരെയും ഉപരോധ നടപടികള്‍ ഏര്‍പ്പെടുത്തുകയും നാവിക ഉപരോധം നടപ്പാക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
