വീണ്ടും പ്രളയ ഭീതിയില്‍ നേപ്പാള്‍

വീണ്ടും പ്രളയ ഭീതിയില്‍ നേപ്പാള്‍


കാഠ്മണ്ഡു: ആയിരത്തിലേറെ പേരുടെ മരണത്തിനിടയാക്കിയ പ്രളയത്തിന് പിന്നാലെ നേപ്പാളില്‍ വീണ്ടും കനത്ത മഴയ്ക്ക് സാധ്യത. രാജ്യത്ത് മണ്‍സൂണ്‍ കാറ്റിന്റെ സ്വാധീനം തുടരുന്നതിനിടെ കാലാവസ്ഥാ പ്രവചന വിഭാഗം ശക്തമായ കാലാവസ്ഥാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു.

കോശി, ബാഗ്മതി, ഗണ്ഡകി, ലുംബിനി, കര്‍ണാലി, സുദൂര്‍പശ്ചിം പ്രവിശ്യകളുടെ വിവിധ ഭാഗങ്ങളിലാണ് പുതിയ മുന്നറിയിപ്പ് ബാധകമാക്കിയിരിക്കുന്നത്. ബാഗ്മതി, ഗണ്ഡകി പ്രവിശ്യകളിലെ ഹിമാലയ, മലയോര മേഖലകളിലും കോശിയിലെ ഹിമാലയന്‍ മേഖലയിലും ഒന്നോ രണ്ടോ സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

മലയോര മേഖലകളില്‍ പല ഭാഗങ്ങളിലും ഇടിമിന്നലോടുകൂടിയ മിതമായ മഴയ്‌ക്കോ മഞ്ഞുവീഴ്ചയ്‌ക്കോ സാധ്യതയുണ്ട്. ലുംബിനി, സുദൂര്‍പശ്ചിം പ്രവിശ്യകളിലെ ടെറായ് മേഖലയില്‍ മിതമായ മഴ ലഭിക്കാനും സാധ്യതയുണ്ട്.

ഭൈരഹവ, സിമറ, ജനക്പൂര്‍ എന്നിവിടങ്ങളില്‍ പരമാവധി താപനില 33 മുതല്‍ 35 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കും. കാഠ്മണ്ഡുവില്‍ 28 മുതല്‍ 30 ഡിഗ്രി സെല്‍ഷ്യസ് വരെയായിരിക്കും താപനില. ദാദെല്‍ധുരയില്‍ 20 മുതല്‍ 22 ഡിഗ്രി സെല്‍ഷ്യസ് വരെ മാത്രമായിരിക്കും താപനില പ്രതീക്ഷിക്കുന്നത്.

കാഠ്മണ്ഡുവിലും പൊഖാറയിലും മഴയ്ക്ക് 60 ശതമാനം സാധ്യതയുണ്ട്. ദാദെല്‍ധുരയിലും ധന്‍ഗഡിയിലും മഴയ്ക്കുള്ള സാധ്യത 70 ശതമാനമാണ്. ജിരിയില്‍ 60 ശതമാനം സാധ്യതയും പ്രവചിച്ചിട്ടുണ്ട്.

രാജ്യത്തിന്റെ മുഴുവന്‍ പ്രദേശങ്ങളിലും മണ്‍സൂണ്‍ കാറ്റിന്റെ സ്വാധീനമുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പടിഞ്ഞാറന്‍ നേപ്പാളില്‍ മണ്‍സൂണ്‍ അച്ചുതണ്ട് സാധാരണ നിലയേക്കാള്‍ അല്‍പം വടക്കായും കിഴക്കന്‍ മേഖലയില്‍ സാധാരണ നിലയ്ക്ക് സമീപവുമാണ് സ്ഥിതി ചെയ്യുന്നത്. 

അതിനിടെ, പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം ബുധനാഴ്ച 1,127 ആയി ഉയര്‍ന്നു. ദുരന്തബാധിത ജില്ലകളില്‍ നിന്ന് രക്ഷാപ്രവര്‍ത്തകര്‍ നൂറുകണക്കിന് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയതോടെയാണ് മരണസംഖ്യ ഉയര്‍ന്നത്.

1,113 മൃതദേഹങ്ങളുടെ പോസ്റ്റ്‌മോര്‍ട്ടവും നിയമപരമായ തിരിച്ചറിയല്‍ നടപടികളും പൂര്‍ത്തിയായതായി നേപ്പാള്‍ പൊലീസ് അറിയിച്ചു. ഇതില്‍ 95 മൃതദേഹങ്ങള്‍ മാത്രമാണ് ബന്ധുക്കള്‍ക്ക് കൈമാറിയത്.

തിരിച്ചറിയാത്ത 911 മൃതദേഹങ്ങളുടെ വിവരങ്ങള്‍ നേപ്പാള്‍ പൊലീസ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മരിച്ചവരെ തിരിച്ചറിയുന്നതിനായി ബന്ധുക്കളുടെയും കുടുംബാംഗങ്ങളുടെയും സഹായം തേടുകയാണ് അധികൃതര്‍.

ടിബറ്റ് മേഖലയിലുണ്ടായ ഹിമാനി തകര്‍ച്ചയാണ് പ്രളയത്തിന് കാരണമായതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. നിരവധി പേര്‍ ഇപ്പോഴും കാണാതായതിനാല്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.