ചെക്ക് കേസില്‍ കുടുങ്ങി മാണി സി കാപ്പന്‍ എംഎല്‍എ; ഒരു വർഷം തടവും 5.30 കോടി പിഴയും വിധിച്ച് മുംബൈ കോടതി

ചെക്ക് കേസില്‍ കുടുങ്ങി മാണി സി കാപ്പന്‍ എംഎല്‍എ; ഒരു വർഷം തടവും 5.30 കോടി പിഴയും വിധിച്ച് മുംബൈ കോടതി


മുംബൈ: കണ്ണൂർ വിമാനത്താവളം ഓഹരി സാമ്പത്തിക തട്ടിപ്പ് കേസില്‍ പാലാ എംഎൽഎ മാണി സി കാപ്പന് ഒരു വർഷം തടവും 1.20 കോടി രൂപ പിഴയും. മുംബൈ ബോറിവലി മജിസ്ട്രേറ്റ് കോടതിയുടേതാണ് വിധി. ഒരു മാസത്തിനകം പണം നല്‍കണമെന്നാണ് കോടതി വിധിയില്‍ പറയുന്നത്. ഇല്ലെങ്കില്‍ മൂന്ന് മാസം കൂടി തടവ് ശിക്ഷ അനുഭവിക്കണം. കണ്ണൂര്‍ വിമാനത്താവളത്തില്‍ ഓഹരി പങ്കാളിത്തം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന് പ്രവാസി വ്യവസായിയുടെ പരാതിയിലടക്കം നാല് കേസുകളിലാണ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. മുംബൈ വ്യവസായി ദിനേശ് മേനോൻ നൽകിയ പരാതിയിലാണ് നടപടി. തടവ് ശിക്ഷ ഒരു വർഷമായതിനാല്‍ എംഎല്‍എ സ്ഥാനത്തിന് ഭീഷണിയില്ല.

2015 മുതല്‍ നടക്കുന്ന നിയമവ്യവഹാരത്തിന്റെ ഭാഗമാണിത്. ഓഹരി നല്‍കാമെന്ന് പറഞ്ഞ് മൂന്ന് കോടിയലധികം രൂപ തട്ടിയെടുത്തെന്നാണ് പരാതി. എറണാകുളം മജിസ്‌ട്രേറ്റ് കോടതിയിലുള്‍പ്പടെ നേരത്തെ കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും ഹൈക്കോടതിയിലെത്തിയ ശേഷം കേസിന്റെ നടപടി ക്രമങ്ങള്‍ മുന്നോട്ടുപോയിരുന്നില്ല. 

കേസില്‍ വിശദമായ വാദം കേട്ട ശേഷമാണ് മാണി സി കാപ്പന് ഒരുവര്‍ഷം തടവുശിക്ഷ വിധിച്ചിരിക്കുന്നത്. മാണി സി കാപ്പന്‍ കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. നാലുകേസുകളിലായി 5.3 കോടി രൂപ പലിശസഹിതം നഷ്ടപരിഹാരം ഒടുക്കണമെന്നും ഒരുമാസത്തിനകം പണം നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു. ഇല്ലെങ്കില്‍ മൂന്ന് മാസം അധികംശിക്ഷ അനുഭവിക്കണം

അതേസമയം, ശിക്ഷാവിധിക്കെതിരെ അപ്പീൽ പോകുമെന്ന് മാണി സി കാപ്പന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. തന്റെ ഭാഗം കേൾക്കാതെയാണ് വിധി. ഇന്ന് വാദത്തിനാണ് കേസ് വെച്ചത്. താൻ ഹാജരായിരുന്നില്ല. താൻ ഹാജരാകാതെ എങ്ങനെ വിധി പറയുമെന്നും മാണി സി കാപ്പന്‍ ചോദിക്കുന്നു. കേസ് തനിക്ക് എതിരായ ഗൂഢാലോചനയാണെന്നും ആർക്കും പണം കൊടുക്കാൻ ഇല്ലെന്നും മാണി സി കാപ്പൻ്റെ വാദിക്കുന്നു. തനിക്ക് ഉടൻ ലഭിക്കുന്ന പദവി തടയുകയാണ് ലക്ഷ്യമെന്നും മാണി സി കാപ്പൻ ആരോപിക്കുന്നു.