'എന്റെ ഭാര്യയുടെ പേര് നിന്റെ നാവിൽ നിന്ന് മാറ്റിനിർത്തുക': ഡെമോക്രാറ്റിക് സെനറ്റ് സ്ഥാനാർത്ഥി അബ്ദുൾ എൽ-സയദിനെതിരെ ജെ.ഡി. വാൻസ്

'എന്റെ ഭാര്യയുടെ പേര് നിന്റെ നാവിൽ നിന്ന് മാറ്റിനിർത്തുക': ഡെമോക്രാറ്റിക് സെനറ്റ് സ്ഥാനാർത്ഥി അബ്ദുൾ എൽ-സയദിനെതിരെ ജെ.ഡി. വാൻസ്


അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും മിഷിഗൺ സെനറ്റ് സ്ഥാനാർത്ഥി അബ്ദുൾ എൽ-സയീദും തമ്മിൽ വാക്പോര് രൂക്ഷമാകുന്നു. കടുത്ത സെനറ്റ് മത്സരത്തിനിടെ ഇരുവരും തമ്മിലുണ്ടായ വാക്പോര് 'സെക്കൻഡ് ലേഡി'യായ ഉഷ വാൻസിന്റെ പേര് കൂടി പരാമർശിക്കപ്പെട്ടതോടെയാണ് വാക്പോര് രൂക്ഷമായത്. 

"അബ്ദുൾ, നീ എന്തിനെക്കുറിച്ച് വേണമെങ്കിലും സംസാരിച്ചോളൂ, പക്ഷേ എന്റെ ഭാര്യയുടെ പേര് നിന്റെ നാവിൽ നിന്ന് മാറ്റിനിർത്തുക. കാരണം അവൾ നിന്റെ നിലവാരത്തിലുള്ള ആളല്ല" എന്നായിരുന്നു വാൻസിന്റെ വാക്കുകൾ. മിഷിഗണിലെ സ്റ്റെർലിംഗ് ഹൈറ്റ്സിൽ നടന്ന ഒരു തെരഞ്ഞെടുപ്പ് റാലിയിലാണ് വാൻസ് വിവാദ പ്രസ്താവന നട‌ത്തിയത്.

എൽ-സയീദ് "വളരെയധികം ദുഷ്ടനായ" ഒരാളാണെന്ന് വിശേഷിപ്പിച്ച വാൻസ്, "മറ്റുള്ളവരെ ദോഷകരമായി ബാധിക്കുന്ന രീതിയിൽ ഒരു വിഭാഗത്തിന് വേണ്ടി മാത്രം നിലകൊള്ളുന്ന" അമേരിക്കയിലെ വർദ്ധിച്ചുവരുന്ന പ്രവണതയുടെ പ്രതിഫലനമാണ് ഈ ഡെമോക്രാറ്റിക് സെനറ്റ് സ്ഥാനാർത്ഥിയെന്നും അദ്ദേഹം ആരോപിച്ചു. വാൻസിന്റെ പരാമർശങ്ങളെ രൂക്ഷമായി വിമർശിച്ച എൽ-സയീദ്, യഥാർത്ഥത്തിൽ ദുഷ്ടത പ്രവർത്തിക്കുന്നത് ട്രംപ് ഭരണകൂടവും റിപ്പബ്ലിക്കൻമാരുമാണെന്ന് തിരിച്ചടിച്ചു.

എൽ-സയദിന്റെ ഈ പോസ്റ്റ് ഉഷാ വാൻസിന്റെ ഇന്ത്യൻ പാരമ്പര്യത്തെ ലക്ഷ്യം വെച്ചുള്ളതാണെന്ന് റിപ്പബ്ലിക്കൻ പാർട്ടി നേതാക്കൾ ആരോപിച്ചു. എന്നാൽ, ചില ആളുകൾ മറ്റുള്ളവരേക്കാൾ കൂടുതൽ 'അമേരിക്കക്കാരാണ്' എന്ന് വരുത്തിതീർക്കാനുള്ള വാൻസിന്റെ ശ്രമങ്ങളെ ചോദ്യം ചെയ്യുക മാത്രമാണ് താൻ ചെയ്തതെന്നായിരുന്നു എൽ-സയദിന്റെ വിശദീകരണം. 

തന്റെ മുത്തശ്ശനെക്കുറിച്ച് ജെ.ഡി. വാൻസ് മുൻപ് നടത്തിയ ഒരു പരാമർശത്തിന് മറുപടിയായി അബ്ദുൾ എൽ-സയദ് എക്സ് (ട്വിറ്റർ) പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച കുറിപ്പാണ് വാൻസിനെ ചൊടിപ്പിച്ചത്. ഇന്ത്യൻ വംശജയായ ഉഷാ വാൻസിനെ വാൻസ് തന്റെ മുത്തശ്ശന് ("പാപ്പാവ്")  പരിചയപ്പെടുത്തി കൊടുക്കുമോ എന്ന തരത്തിലായിരുന്നു എൽ-സയദിന്റെ പരിഹാസം. ഇന്ത്യൻ കുടിയേറ്റക്കാരുടെ മകളായ ഉഷ ഹിന്ദു മതവിശ്വാസപ്രകാരമാണ് വളർന്നത്. "അപ്പോൾ, ജെ.ഡി. ഉഷയെയും കൂട്ടി 'പാപ്പാവിനെ' കാണാൻ ഭൂതകാലത്തേക്ക് പോകുകയാണെന്നാണോ നമ്മൾ കരുതേണ്ടത്, അതോ...?" എന്ന് എൽ സയീദ് 'എക്സ്' പ്ലാറ്റ്‌ഫോമിൽ കുറിച്ചു. ഇതിന് മറുപടിയായാണ് "എന്റെ ഭാര്യയുടെ പേര് നിങ്ങളുടെ നാവിൽ നിന്ന് തീർത്തും ഒഴിവാക്കുക" എന്ന് വാൻസ് പ്രതികരിച്ചത്. 

 "അബ്ദുൾ എൽ-സയീദിൽ വളരെ ദുഷിച്ച എന്തോ ഒന്ന് അന്തർലീനമായിട്ടുണ്ട്; അമേരിക്കയിൽ ഇന്ന് അത് വളർന്നുവരികയാണ്. ഒരു പൊതുരാജ്യത്തിന്റെ പൗരന്മാരെന്ന നിലയിൽ എല്ലാവർക്കും വേണ്ടി നിലകൊള്ളുന്നതിന് പകരം, മറ്റുള്ളവരെ തഴഞ്ഞ് ഒരു പ്രത്യേക വിഭാഗത്തിന് വേണ്ടി മാത്രം പോരാടുന്നവരാണ് ഇത്തരക്കാർ," അദ്ദേഹം പറഞ്ഞു. "തന്റെ മതവിശ്വാസം പങ്കിടുന്നവരോട് മാത്രം സഹാനുഭൂതിയും കരുണയും കാണിക്കുകയും, അല്ലാത്തവരോട് ഒട്ടും പരിഗണനയില്ലാതിരിക്കുകയും ചെയ്യുന്ന ഒരാളെയാണ് ഞാൻ കാണുന്നത്. ശരിയായ രീതിയിലുള്ള രൂപഭാവങ്ങളുള്ള കൊലയാളിയാണെങ്കിൽ അയാൾക്ക് വേണ്ടി ക്ഷമ ചോദിക്കാൻ തയ്യാറാവുകയും, എന്നാൽ തെറ്റായ വിശ്വാസമുള്ള നിരപരാധിയായ ഒരു കുട്ടിയുടെ ദുരവസ്ഥ മനസ്സിലാക്കാൻ കൂട്ടാക്കാതിരിക്കുകയും ചെയ്യുന്ന ഒരാളാണദ്ദേഹം," വാൻസ് പറഞ്ഞു. അതിനാൽ, നവംബറിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ ഇതിനെ തള്ളിക്കളഞ്ഞ് റോജേഴ്‌സിനെ പിന്തുണയ്ക്കണമെന്ന് അദ്ദേഹം വോട്ടർമാരോട് ആഹ്വാനം ചെയ്തു.

എൽ-സയദ് ഇപ്രകാരം പ്രതികരിച്ചു: "കോടീശ്വരന്മാർക്ക് നികുതിയിളവ് നൽകുന്നതിനായി സാധാരണക്കാരായ തൊഴിലാളികളിൽ നിന്ന് ആരോഗ്യപരിരക്ഷാ സൗകര്യങ്ങൾ എടുത്തുമാറ്റുന്നത് തിന്മയാണ്. വ്യാപാരയുദ്ധങ്ങൾക്കും യഥാർത്ഥ യുദ്ധങ്ങൾക്കും വഴിയൊരുക്കുന്നതിനൊപ്പം, പലചരക്ക് സാധനങ്ങൾക്കും ഇന്ധനത്തിനും ജനങ്ങളെക്കൊണ്ട് കൂടുതൽ പണം മുടക്കിക്കുന്നത് തിന്മയാണ്. സ്വന്തം നേട്ടത്തിനായി ജനങ്ങളെ തമ്മിലടിപ്പിക്കുന്നത് തിന്മയാണ്. അല്പം അധികാരത്തിനുവേണ്ടി സ്വന്തം ധാർമ്മികതയെ അടിയറവെക്കുന്നതും തിന്മയാണ്." അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. "ഒഹായോയിൽ നിന്നും ഫ്ലോറിഡയിൽ നിന്നുമുള്ള, മറ്റുള്ളവരുടെ കൈയ്യിലെ പാവകളായവരുടെ ഉപദേശങ്ങൾ കേൾക്കേണ്ട ഗതികേടിലല്ല മിഷിഗൺ. എന്താണ് പണയത്തിലുള്ളതെന്ന് ഞങ്ങൾക്ക് ബോധ്യമുണ്ട്, ഈ നവംബറിൽ മൈക്ക് റോജേഴ്സിനെ പരാജയപ്പെടുത്തി തിരിച്ചയക്കുമ്പോൾ മിഷിഗൺ നിവാസികൾ അത് തെളിയിച്ചുതരും," അദ്ദേഹം കൂട്ടിച്ചേർത്തു.