ഹെഗ്‌സെത്തിനുമായി ഭിന്നത രൂക്ഷം: യുഎസ് കരസേനാ സെക്രട്ടറി ഡാൻ ഡ്രിസ്‌കോൾ രാജിവച്ചു

ഹെഗ്‌സെത്തിനുമായി ഭിന്നത രൂക്ഷം: യുഎസ് കരസേനാ സെക്രട്ടറി ഡാൻ ഡ്രിസ്‌കോൾ രാജിവച്ചു


വാഷിങ്ടൺ: യുഎസ് കരസേനാ സെക്രട്ടറി ഡാൻ ഡ്രിസ്‌കോൾ രാജിവച്ചു. പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിനുമായുള്ള അഭിപ്രായവ്യത്യാസങ്ങളും സംഘർഷവും രൂക്ഷമായ സാഹചര്യത്തിലാണ് രാജി. പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഡ്രിസ്‌കോളിന്റെ രാജി തിങ്കളാഴ്ച വൈകിട്ട് അംഗീകരിച്ചതായി യുഎസ് ഉദ്യോഗസ്ഥൻ അറിയിച്ചു.

കരസേനയുടെ പരിശീലനം, സജ്ജീകരണം, യുദ്ധസന്നദ്ധത എന്നിവയുടെ മേൽനോട്ടം വഹിക്കുന്ന പ്രധാന ചുമതലയുള്ള ഉദ്യോഗസ്ഥനായിരുന്നു ഡ്രിസ്‌കോൾ. ട്രംപ് ഭരണകൂടത്തിന്റെ സൈനിക നയങ്ങൾ നടപ്പാക്കുന്നതിൽ അദ്ദേഹം കാര്യക്ഷമമായ നേതൃത്വം നൽകിയതായി വൈറ്റ് ഹൗസ് വിശേഷിപ്പിച്ചു.

'ചരിത്രപരമായ സൈനിക നടപടികൾക്കിടെ മികച്ച നേതൃത്വം നൽകി, സൈന്യത്തിന്റെ സജ്ജതയ്ക്കും യുദ്ധശേഷിക്കും കൂടുതൽ പ്രാധാന്യം നൽകി, റഷ്യ-യുക്രെയ്ൻ ചർച്ചകൾക്ക് സഹായം നൽകി' തുടങ്ങിയ പ്രവർത്തനങ്ങൾ ഡ്രിസ്‌കോളിന്റെ നേട്ടങ്ങളായി വൈറ്റ് ഹൗസ് ചൂണ്ടിക്കാട്ടി.

ഉന്നത സൈനിക ഉദ്യോഗസ്ഥരുടെ മാറ്റത്തിൽ ഭിന്നത

2025ൽ ചുമതലയേറ്റതിനു പിന്നാലെ തന്നെ ഡ്രിസ്‌കോളും ഹെഗ്‌സെത്തും തമ്മിൽ വിവിധ വിഷയങ്ങളിൽ അഭിപ്രായവ്യത്യാസമുണ്ടായിരുന്നുവെന്നാണ് യുഎസ് ഉദ്യോഗസ്ഥർ നൽകുന്ന സൂചന. സൈനിക ജനറൽ പദവിയിലേക്ക് സ്ഥാനക്കയറ്റത്തിന് പരിഗണിച്ചിരുന്ന നിരവധി മുതിർന്ന ഉദ്യോഗസ്ഥരെ ഹെഗ്‌സെത്ത് പുറത്താക്കുകയോ ചുമതലകളിൽനിന്ന് മാറ്റിനിർത്തുകയോ ചെയ്തതാണ് പ്രധാന ഭിന്നതകളിലൊന്ന്.

മുൻ കരസേനാ മേധാവി ജനറൽ റാൻഡി ജോർജിനെ ഏപ്രിലിൽ ഹെഗ്‌സെത്ത് അപ്രതീക്ഷിതമായി പുറത്താക്കിയതും ബന്ധത്തിൽ വിള്ളൽ വർധിപ്പിച്ച സംഭവമായി. പുറത്താക്കലിന്റെ കാരണം തനിക്കറിയില്ലെന്ന് ഡ്രിസ്‌കോൾ കോൺഗ്രസ് ഹിയറിങ്ങിൽ വ്യക്തമാക്കിയിരുന്നു. ജോർജുമായി ഡ്രിസ്‌കോളിന് അടുത്ത പ്രവർത്തനബന്ധമുണ്ടായിരുന്നു.

റഷ്യ-യുക്രെയ്ൻ സമാധാനനീക്കത്തിലും പങ്ക്

കരസേനാ സെക്രട്ടറിയുടെ ഔദ്യോഗിക ചുമതലകളിൽനിന്ന് വ്യത്യസ്തമായ ഉത്തരവാദിത്തവും ഡ്രിസ്‌കോളിന് ട്രംപ് നൽകിയിരുന്നു. കഴിഞ്ഞ വർഷം റഷ്യ-യുക്രെയ്ൻ സമാധാന ചർച്ചകൾ പുനരാരംഭിക്കുന്നതിനുള്ള നയതന്ത്ര നീക്കത്തിന് നേതൃത്വം നൽകാൻ ട്രംപ് അദ്ദേഹത്തെ നിയോഗിച്ചു.

ഒരു സൈനിക വിഭാഗത്തിന്റെ പരിശീലനവും സജ്ജീകരണവും ഉറപ്പാക്കുക എന്നതാണ് സാധാരണയായി കരസേനാ സെക്രട്ടറിയുടെ പ്രധാന ചുമതല. അതിനപ്പുറമുള്ള നയതന്ത്ര ദൗത്യം ഡ്രിസ്‌കോളിന് ലഭിച്ചത് വൈറ്റ് ഹൗസിന്റെ അദ്ദേഹത്തിലുള്ള വിശ്വാസത്തിന്റെ സൂചനയായിരുന്നു.

വൈറ്റ് ഹൗസിൽ സ്വാധീനം

കോൺഗ്രസിലും ഡ്രിസ്‌കോളിന് ശക്തമായ സ്വീകാര്യതയുണ്ടായിരുന്നു. വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസുമായുള്ള നേരത്തെയുള്ള ബന്ധവും അദ്ദേഹത്തിന് വൈറ്റ് ഹൗസിലേക്ക് നേരിട്ടുള്ള പ്രവേശനം ഉറപ്പാക്കുന്നതിൽ സഹായകമായി.

യേൽ ലോ സ്‌കൂളിൽ പഠിക്കുന്ന കാലത്താണ് ഡ്രിസ്‌കോൾ വാൻസിനെ പരിചയപ്പെടുന്നത്. അതിനു മുൻപ് പത്താം മൗണ്ടൻ ഡിവിഷനിൽ കുതിരപ്പട ഉദ്യോഗസ്ഥനായി സൈനിക സേവനം നടത്തിയിരുന്നു.

രാജി ഉയർത്തുന്ന ചോദ്യങ്ങൾ

ഡ്രിസ്‌കോളിന്റെ രാജി ട്രംപ് ഭരണകൂടത്തിലെ പ്രതിരോധ നയത്തിലും സൈനിക നേതൃത്വത്തിലും നിലനിൽക്കുന്ന ഭിന്നതകളെക്കുറിച്ച് പുതിയ ചർച്ചകൾക്ക് വഴിയൊരുക്കുകയാണ്. പ്രത്യേകിച്ച് മുതിർന്ന സൈനിക ഉദ്യോഗസ്ഥരുടെ സ്ഥാനചലനങ്ങളും സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട തീരുമാനങ്ങളും സൈന്യത്തിനുള്ളിൽ അസ്വസ്ഥത സൃഷ്ടിക്കുന്നണ്ടോ എന്ന ചോദ്യമാണ് ഉയരുന്നത്.

 ഡ്രിസ്‌കോളിന്റെ രാജി വ്യക്തിപരമായ അഭിപ്രായവ്യത്യാസം മാത്രമായി കാണേണ്ടതില്ലെന്നാണ് സംഭവവികാസങ്ങൾ നൽകുന്ന സൂചന. ട്രംപ് ഭരണകൂടം സൈന്യത്തിന്റെ നേതൃത്വത്തിലും പ്രവർത്തനരീതിയിലും വരുത്തുന്ന മാറ്റങ്ങളെക്കുറിച്ചുള്ള വലിയ നയതർക്കത്തിന്റെ ഭാഗമായാണ് ഇതിനെ കാണുന്നത്. പ്രത്യേകിച്ച് ഹെഗ്‌സെത്ത് മുതിർന്ന സൈനിക ഉദ്യോഗസ്ഥർക്കെതിരെ സ്വീകരിച്ച നടപടികളോട് ഡ്രിസ്‌കോൾ പുലർത്തിയിരുന്ന വ്യത്യസ്ത സമീപനം ശ്രദ്ധേയമാണ്.

അതേസമയം, റഷ്യ-യുക്രെയ്ൻ സമാധാനനീക്കത്തിൽ ഡ്രിസ്‌കോളിനെ നിയോഗിച്ചതും കോൺഗ്രസിലും വൈറ്റ് ഹൗസിലും അദ്ദേഹത്തിനുണ്ടായിരുന്ന സ്വാധീനവും കണക്കിലെടുക്കമ്പോൾ, രാജി ട്രംപ് ഭരണകൂടത്തിന് നഷ്ടമായത് പരിചയസമ്പന്നനായ ഒരു ഉദ്യോഗസ്ഥനെ മാത്രമല്ല, സൈനിക നേതൃത്വത്തിനും രാഷ്ട്രീയ നേതൃത്വത്തിനുമിടയിലെ ഒരു പ്രധാന കണ്ണിയെയുമാണ് എന്ന വിലയിരുത്തലും ശക്തമാകുന്നു.