അഫ്ഗാനിൽ അധികാരം പിടിച്ചെടുത്തതിന് ശേഷം ഇല്ലാതായ അമേരിക്കയുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമവുമായി താലിബാൻ സർക്കാർ. ഖനനം, അടിസ്ഥാന സൗകര്യ വികസനം, കൃഷി, വ്യാപാരം തുടങ്ങിയ മേഖലകളിൽ അമേരിക്കൻ നിക്ഷേപത്തെ സ്വാഗതം ചെയ്ത താലിബാൻ, നിക്ഷേപത്തിനുള്ള അവസരങ്ങൾ വിനിയോഗിച്ച് ഇപ്പോഴുള്ള കടുത്ത സാമ്പത്തിക ഉപരോധങ്ങളിൽ ഇളവ് നൽകണമെന്നും ആവശ്യപ്പെടുന്നു.
ഫിനാൻഷ്യൽ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് താലിബാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്താഖി ഈ വൻ ഓഫർ മുന്നോട്ടുവെച്ചത്. ഖനനം, അടിസ്ഥാന സൗകര്യ വികസനം, കൃഷി, വ്യാപാരം തുടങ്ങിയ മേഖലകളിൽ അമേരിക്കൻ നിക്ഷേപത്തെ സ്വാഗതം ചെയ്യാൻ അഫ്ഗാനിസ്ഥാൻ പൂർണ്ണമായും സജ്ജമാണെന്ന് അമീർ ഖാൻ മുത്തഖി പറഞ്ഞു.
അഫ്ഗാനിസ്ഥാനിൽ നിന്ന് യുഎസ് നേതൃത്വത്തിലുള്ള നാറ്റോ സേന പിൻമാറിയതിനെത്തുടർന്ന് താലിബാൻ വീണ്ടും അധികാരത്തിൽ വന്ന് അഞ്ച് വർഷത്തിന് ശേഷമാണ് ഈ നീക്കം നടക്കുന്നത്. സേനാ പിൻമാറ്റത്തെയും അമേരിക്കയുടെ പിന്തുണയുണ്ടായിരുന്ന സർക്കാർ തകർന്നതിനെയും "രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും ലജ്ജാകരമായ നിമിഷം" എന്നാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അന്ന് വിശേഷിപ്പിച്ചിരുന്നത്.
"അഫ്ഗാനിസ്ഥാനും അമേരിക്കയും തമ്മിലുള്ള ബന്ധത്തെ കഴിഞ്ഞ 20 വർഷത്തെ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ മാത്രം വിലയിരുത്തരുത്, മറിച്ച് ഭാവിയിലെ സഹകരണത്തിന്റെ അടിസ്ഥാനത്തിൽ വേണം കാണാൻ," കാബൂളിലെ ഓഫീസിൽ വെച്ച് 'ഫിനാൻഷ്യൽ ടൈംസി'നോട് സംസാരിക്കവെ മുത്തഖി പറഞ്ഞു. രാജ്യത്തിന്റെ സാമ്പത്തിക നയം നിക്ഷേപങ്ങൾക്ക് അനുകൂലമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അമേരിക്കയും മുൻപ് പാശ്ചാത്യ പിന്തുണയുണ്ടായിരുന്ന അഫ്ഗാൻ സർക്കാരും നടത്തിയ ഭൗമശാസ്ത്ര സർവേകൾ പ്രകാരം, കുറഞ്ഞത് 1 ട്രില്യൺ ഡോളർ മൂല്യമുള്ള ധാതുവിഭവങ്ങൾ അഫ്ഗാനിസ്ഥാനിലുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. കോപ്പർ, ലിഥിയം, ഇരുമ്പ് അയിര്, കൊബാൾട്ട്, സ്വർണം, നിയോബിയം, ലിഥിയം തുടങ്ങിയ വിലപിടിപ്പുള്ള ധാതുക്കൾ ഇതിൽ ഉൾപ്പെടുന്നു. ഇതിന്റെ ഖനനത്തിനും അടിസ്ഥാന സൗകര്യ വികസനം, കൃഷി, വ്യാപാരം എന്നിവയ്ക്കും അമേരിക്കൻ കമ്പനികൾക്ക് പൂർണ്ണമായ അവസരം നൽകുമെന്നാണ് താലിബാൻ്റെ വാഗ്ദാനം. പതിറ്റാണ്ടുകൾ നീണ്ട സംഘർഷങ്ങൾ കാരണം ഇവയിൽ ഭൂരിഭാഗവും ഇതുവരെ പ്രയോജനപ്പെടുത്താനായിട്ടില്ല.
രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതുമുതൽ വിദേശ നിക്ഷേപം ആകർഷിക്കാൻ താലിബാൻ ശ്രമിച്ചുവരികയാണ്. 2021 മുതലുള്ള വിവിധ കരാറുകളുടെ ഭാഗമായി സ്വർണം, രത്നങ്ങൾ, ക്രോമൈറ്റ് തുടങ്ങിയ വിഭവങ്ങൾക്കായി ചൈനയും ഇറാനും ഉൾപ്പെടെയുള്ള രാജ്യങ്ങളുമായി ചേർന്ന് 7 ബില്യൺ ഡോളറിലധികം വരുന്ന ഖനന നിക്ഷേപ പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്.
നാറ്റോ യുദ്ധം അവസാനിച്ചതിനെത്തുടർന്ന് സുരക്ഷാ സാഹചര്യത്തിൽ താരതമ്യേന പുരോഗതിയുണ്ടായെങ്കിലും, ലോകത്തിലെ ഏറ്റവും ദരിദ്ര രാജ്യങ്ങളിലൊന്നായാണ് അഫ്ഗാനിസ്ഥാന്റെ അവസ്ഥ തുടരുന്നത്. 14 ദശലക്ഷത്തിലധികം ആളുകൾ - അതായത് ജനസംഖ്യയുടെ മൂന്നിലൊന്ന് ഭാഗം - ഇപ്പോഴും കടുത്ത പട്ടിണി നേരിടുകയാണെന്ന് 'ഫൈനാൻഷ്യൽ ടൈംസ്' ചൂണ്ടിക്കാട്ടുന്നു. അതേസമയം, സ്ത്രീകൾക്കും പെൺകുട്ടികൾക്കുമേൽ താലിബാൻ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ അന്താരാഷ്ട്ര തലത്തിൽ വിമർശനങ്ങൾക്കിടയാക്കുന്നുണ്ട്. വിദ്യാഭ്യാസം, തൊഴിൽ, പൊതുജീവിതം എന്നിവയിൽ സ്ത്രീകൾക്കുള്ള അവസരങ്ങൾക്ക് സംഘടന കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
ലിംഗവിവേചനപരമായ പീഡനങ്ങൾ ആരോപിച്ച് താലിബാൻ നേതാവ് ഹിബത്തുള്ള അഖുൻദ്സാദയ്‌ക്കെതിരെ കഴിഞ്ഞ വർഷം അന്താരാഷ്ട്ര ക്രിമിനൽ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. മുത്തഖി ഉൾപ്പെടെയുള്ള മുതിർന്ന താലിബാൻ ഉദ്യോഗസ്ഥർക്കെതിരെ ഐക്യരാഷ്ട്രസഭയും പാശ്ചാത്യ രാജ്യങ്ങളും ഏർപ്പെടുത്തിയിട്ടുള്ള ഉപരോധങ്ങൾ നിക്ഷേപകർക്ക് വെല്ലുവിളിയാകുമെന്ന് കാബൂളിലെ വിദേശ നയതന്ത്രജ്ഞർ പറയുന്നു. സാമ്പത്തിക ഒഴുക്ക് വർധിക്കുന്നത് താലിബാൻ സർക്കാരിനെ ശക്തിപ്പെടുത്താനും, അവരുടെ നയങ്ങളിൽ അന്താരാഷ്ട്ര സമൂഹത്തിനുള്ള സ്വാധീനം കുറയ്ക്കാനും ഇടയാക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി.
ഈ ആശങ്കകൾക്കിടയിലും, നയതന്ത്ര ബന്ധങ്ങൾ വിപുലീകരിക്കുന്നതിൽ താലിബാൻ പുരോഗതി കൈവരിച്ചിട്ടുണ്ട്. ചൈന, ഇന്ത്യ, ഇറാൻ, ഖത്തർ, മധ്യേഷ്യൻ രാജ്യങ്ങൾ എന്നിവ കാബൂളുമായി ആശയവിനിമയം ആരംഭിക്കുകയോ താലിബാൻ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുകയോ ചെയ്തിട്ടുണ്ട്. റഷ്യ കഴിഞ്ഞ വർഷം താലിബാൻ സർക്കാരിനെ ഔദ്യോഗികമായി അംഗീകരിക്കുകയും മെയ് മാസത്തിൽ അഫ്ഗാനിസ്ഥാനുമായി സൈനിക സഹകരണ കരാറിൽ ഒപ്പുവെക്കുകയും ചെയ്തിരുന്നു.
കുടിയേറ്റക്കാരുടെ തിരിച്ചുവരവ് ചർച്ച ചെയ്യുന്നതിനായി ജൂണിൽ ബ്രസ്സൽസിൽ താലിബാൻ ഉദ്യോഗസ്ഥരുമായി യൂറോപ്യൻ യൂണിയനും കൂടിക്കാഴ്ച നടത്തിയിരുന്നു. താലിബാൻ അധികാരത്തിൽ തിരിച്ചെത്തിയ ശേഷം ആ കൂട്ടായ്മ നടത്തുന്ന ഇത്തരത്തിലുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്. സമാനമായ ചർച്ചകൾക്ക് ജർമ്മനിയും നിർദ്ദേശം നൽകിയിട്ടുണ്ട്.
മരവിപ്പിച്ച ആസ്തികൾ വിട്ടുനൽകണമെന്ന് ആവശ്യം
കൂടുതൽ നയതന്ത്ര ഇടപെടലുകളിലൂടെ ഉപരോധങ്ങൾ നീക്കാനും മരവിപ്പിച്ച അഫ്ഗാൻ കരുതൽ ധനം തിരികെ ലഭിക്കാനും കഴിയുമെന്നാണ് പുതിയ നീക്കത്തിലൂടെ താലിബാൻ പ്രതീക്ഷിക്കുന്നത്. ഉപരോധങ്ങൾ അവയുടെ "ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ പരാജയപ്പെട്ടെന്ന്" മുത്തഖി പറഞ്ഞു. അഫ്ഗാനിസ്ഥാന്റെ ആസ്തികൾ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കരുതെന്നും അദ്ദേഹം വാദിച്ചു. "ഒരാളോ സർക്കാരോ സ്ഥാപനമോ അഫ്ഗാൻ ജനതയുടെ ആസ്തികളെ രാഷ്ട്രീയ സമ്മർദ്ദത്തിനുള്ള ഉപാധിയായി ഉപയോഗിക്കാൻ പാടില്ല," അദ്ദേഹം പറഞ്ഞു.
അഫ്ഗാനിസ്ഥാന്റെ ഏകദേശം 9.5 ബില്യൺ ഡോളർ വരുന്ന കരുതൽ ധനം രാജ്യത്തിന് പുറത്താണെന്നും, അതിൽ 7 ബില്യൺ ഡോളറോളം അമേരിക്കയിലാണെന്നും അഫ്ഗാനിസ്ഥാൻ സെൻട്രൽ ബാങ്ക് കണക്കാക്കുന്നു. താലിബാന് പണം നേരിട്ട് കൈകാര്യം ചെയ്യാൻ അവസരം നൽകാതെ തന്നെ അഫ്ഗാനിസ്ഥാന്റെ സാമ്പത്തിക സ്ഥിരത ഉറപ്പാക്കുന്നതിനായി, സ്വിറ്റ്‌സർലൻഡ് ആസ്ഥാനമായുള്ള 'അഫ്ഗാൻ ഫണ്ടിലേക്ക്' 2022-ൽ വാഷിംഗ്ടൺ 3.5 ബില്യൺ ഡോളർ കൈമാറിയിരുന്നു. പലിശ സഹിതം ഈ ഫണ്ടിന്റെ മൂല്യം ഇപ്പോൾ 4 ബില്യൺ ഡോളറിലധികമാണെന്ന് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
താലിബാനുമായി അടുത്ത ബന്ധം സ്ഥാപിക്കുന്നതിൽ ട്രംപിന് വലിയ താൽപ്പര്യമില്ല. പകരം, കാബൂളിന് വടക്കുള്ള ബഗ്രാം വ്യോമതാവളം വീണ്ടും അമേരിക്കയുടെ നിയന്ത്രണത്തിലാക്കാനാണ് അദ്ദേഹം നിർദ്ദേശിച്ചത്. എന്നാൽ താലിബാൻ ഈ നിർദ്ദേശം അംഗീകരിക്കുന്നില്ല. "ബഗ്രാം ഉൾപ്പെടെ അഫ്ഗാനിസ്ഥാനിലെ എല്ലാ സൈനിക-സിവിൽ കേന്ദ്രങ്ങളും അഫ്ഗാനിസ്ഥാന്റെ ദേശീയ ആസ്തികളാണ്," മുത്തഖി പറഞ്ഞു. എന്നിരുന്നാലും, 2021-ൽ താലിബാൻ അധികാരം പിടിച്ചെടുത്തതിനെത്തുടർന്ന് അടച്ചിട്ട കാബൂളിലെ യുഎസ് എംബസി വീണ്ടും തുറക്കണമെന്ന് അദ്ദേഹം വാഷിംഗ്ടണിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അമേരിക്കയുമായുള്ള ബന്ധം പുനഃസ്ഥാപിക്കാൻ ശ്രമം; ഉപരോധങ്ങൾക്കുള്ള ഇളവിന് പകരം 1 ട്രില്യൺ ഡോളർ മൂല്യമുള്ള അവസരങ്ങൾ വാഗ്ദാനം ചെയ്ത് താലിബാൻ
