ന്യൂഡൽഹി: ആഗോള വ്യാപാരരംഗത്തെ അനിശ്ചിതത്വം, ഉയർന്ന ഊർജ്ജവില, ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ എന്നിവയെ അതിജീവിച്ച്, 2027 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉൽപ്പാദന (ജിഡിപി) വളർച്ചാ നിരക്ക് 7.8 ശതമാനമായി ഉയർന്നതായി കണക്കുകൾ. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം തിങ്കളാഴ്ച പുറത്തുവിട്ട കണക്കുകൾ പ്രകാരം ഏപ്രിൽ-ജൂൺ പാദത്തിലെ ജിഡിപി വളർച്ചാ നിരക്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ കണക്കാക്കിയ 7 ശതമാനത്തേക്കാൾ കൂടുതലാണ്. ഏപ്രിൽ-ജൂൺ പാദത്തിലെ ജിഡിപി വളർച്ചാ നിരക്ക് തൊട്ടുമുമ്പത്തെ പാദത്തിലെ 8.6 ശതമാനത്തേക്കാൾ കുറവായിരുന്നെങ്കിലും, കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ പാദത്തിലുണ്ടായിരുന്ന 6.9 ശതമാനത്തേക്കാൾ കൂടുതലാണെന്നാണ് കേന്ദ്രം പറയുന്നത്. ഈ വളർച്ച മാതൃകാപരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ചു.
ഒന്നാം പാദത്തിലെ റിയല്‍ ജിഡിപി (Real GDP) 81.36 ലക്ഷം കോടി രൂപയായി ഉയർന്നു, മുൻവർഷം ഇതേ കാലയളവിൽ ഇത് 75.46 ലക്ഷം കോടി രൂപയായിരുന്നു. വളർച്ച മുൻ പാദത്തിലെ 8.6 ശതമാനത്തേക്കാൾ കുറവാണെങ്കിലും കഴിഞ്ഞ വർഷം ഇതേ പാദത്തിലെ 6.8 ശതമാനത്തേക്കാൾ കൂടുതലാണ്. ഇതോടൊപ്പം നോമിനൽ ജിഡിപി 10.3 ശതമാനം വളർച്ചയും കൈവരിച്ചിട്ടുണ്ട്.
2026 സാമ്പത്തിക വർഷത്തിലെ ജനുവരി-മാർച്ച് പാദത്തിൽ രേഖപ്പെടുത്തിയ 7.8% വളർച്ചയ്ക്ക് ശേഷമാണ് ജൂൺ പാദത്തിലെ ഈ പ്രകടനം ഉണ്ടായിരിക്കുന്നത്. 2026-27 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ഇന്ത്യയുടെ വളർച്ചയ്ക്ക് കരുത്തേകിയത് ധനകാര്യം, റിയൽ എസ്റ്റേറ്റ്, ഐടി, പ്രൊഫഷണൽ സേവനങ്ങൾ തുടങ്ങിയ മേഖലകളാണെന്ന് സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
"നിരാശാവാദികൾക്ക് തിരിച്ചടിയേറ്റു, ഇന്ത്യ വീണ്ടും കുതിച്ചുയർന്നു!" എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി 'എക്സ്' പ്ലാറ്റ്‌ഫോമിലെ ഒരു പോസ്റ്റിൽ കുറിച്ചു. ‘2026-27 സാമ്പത്തികവർഷത്തിന്റെ ആദ്യപാദത്തിലെ 7.8 ശതമാനമെന്ന മാതൃകാപരമായ ജിഡിപി വളർച്ച വലിയനേട്ടമാണ്. ആഗോള അസ്ഥിരതകൾക്കിടയിലും എണ്ണവിലവർധനയും വിതരണശൃഖലയിലെ പ്രശ്‌നങ്ങളും ഉണ്ടായിരുന്നിട്ടും ഇന്ത്യക്ക് ഇത്തരമൊരു വളർച്ച നേടാനാകുമെന്ന് ഉറപ്പുവരുത്തിയത് നമ്മുടെ ജനങ്ങളുടെ കൂട്ടായ കരുത്താണ്. ദോഷൈകദൃക്കുകൾ പരാജയപ്പെട്ടു, ഇന്ത്യ പൂത്തുലയുന്നു, ഒരിക്കൽക്കൂടി..’, മോദി എക്‌സിൽ കുറിപ്പ് പങ്കുവെച്ചു. ഇന്ത്യയുടെ ഈ വളർച്ചയ്ക്ക് കാരണം ഇന്ത്യക്കാരുടെ "കഠിനാധ്വാനം" ആണെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു.
ആഗോള പ്രതിസന്ധികൾക്കിടയിലും ഇന്ത്യയുടെ ജിഡിപി 7.8 ശതമാനം വളർച്ച നേടിയെന്ന് കേന്ദ്രം
