പാകിസ്ഥാനുമായുള്ള ജലപങ്കുവെക്കൽ കരാർ ഇന്ത്യ പാലിക്കണമെന്ന് അന്താരാഷ്ട്ര കോടതി; ഉത്തരവ് തള്ളി ഇന്ത്യ

പാകിസ്ഥാനുമായുള്ള ജലപങ്കുവെക്കൽ കരാർ ഇന്ത്യ പാലിക്കണമെന്ന് അന്താരാഷ്ട്ര കോടതി; ഉത്തരവ് തള്ളി ഇന്ത്യ


ന്യൂഡൽഹി: പാകിസ്ഥാനുമായുള്ള ജലപങ്കിടൽ കരാർ നിറുത്തിവച്ചത് പുനസ്ഥാപിക്കണമെന്ന അന്താരാഷ്ട്ര കോടതിയുടെ ഉത്തരവ് തള്ളി ഇന്ത്യ. ഹേ​ഗിലെ പെർമനന്റ് കോർട്ട് ഓഫ് ആർബിട്രേഷൻ ആണ് തിങ്കളാഴ്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഉഭയകക്ഷി സംഘർഷങ്ങളെത്തുടർന്ന് ഇന്ത്യ താത്കാലികമായി നിർത്തിവെച്ച പാകിസ്ഥാനുമായുള്ള ജലപങ്കിടൽ കരാർ പാലിക്കണമെന്നും, കാശ്മീർ മേഖലയിൽ നിർമ്മിച്ചുകൊണ്ടിരിക്കുന്ന ജലവൈദ്യുത പദ്ധതിയുടെ പ്രവർത്തനങ്ങൾ പരിമിതപ്പെടുത്തണമെന്നുമാണ് അന്താരാഷ്ട്ര കോടതി ഉത്തരവിട്ടത്. എന്നാൽ, തങ്ങളുടെ പരമാധികാരത്തിൽ ഉൾപ്പെട്ട തീരുമാനങ്ങളിൽ വിധി പറയാൻ ആർബിട്രേഷൻ കോടതിക്ക് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയ കേന്ദ്ര വിദേശകാര്യ മന്ത്രാലയം, ഉത്തരവ് തള്ളിക്കളയുന്നതായും വ്യക്തമാക്കി. 

കാശ്മീരിലെ പഹൽ​ഗാം ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ട സംഭവത്തിന് പിന്നിൽ പ്രവർത്തിച്ച മൂന്ന് അക്രമികളിൽ രണ്ടുപേർ പാകിസ്ഥാനികളാണെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് കഴിഞ്ഞ വർഷം ഏപ്രിലിൽ പാകിസ്ഥാനിലെ 80 ശതമാനം കൃഷിയിടങ്ങളിലേക്കുമുള്ള ജലവിതരണം ഉറപ്പാക്കുന്ന സിന്ധുനദീ ജല കരാർ ഇന്ത്യ താത്കാലികമായി നിർത്തിവെച്ചത്. തുടർന്ന് കാശ്മീർ മേഖലയിലെ രണ്ട് ജലവൈദ്യുത പദ്ധതികളുടെ സംഭരണശേഷി വർദ്ധിപ്പിക്കാനുള്ള നടപടികൾ ഇന്ത്യ ആരംഭിക്കുകയും ചെയ്തു. എന്നാൽ, ആക്രമണത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് ചൂണ്ടിക്കാട്ടി കരാർ നിറുത്തിയതിനെതിരേ പാകിസ്ഥാൻ അന്താരാഷ്ട്ര കോടതിയെ സമീപിക്കുകയായിരുന്നു. 

1960 മുതൽ മൂന്ന് യുദ്ധങ്ങളും മറ്റ് പല സംഘർഷങ്ങളും ഉണ്ടായിട്ടും ഇരുരാജ്യങ്ങളും പാലിച്ചുപോരുന്ന 'സിന്ധുജല കരാറിന്റെ' പരിധിക്ക് പുറത്ത് പ്രവർത്തിക്കാനുള്ള ഇന്ത്യയുടെ പ്രകടമായ നീക്കമെന്നാണ് അന്താരാഷ്ട്ര കോടതിയുടെ ഉത്തരവിൽ പറയുന്നത്. 1960-ൽ ഒപ്പുവെച്ച സിന്ധു നദീജല കരാർ മരവിപ്പിക്കാനോ റദ്ദാക്കാനോ ഇന്ത്യയ്ക്ക് ഏകപക്ഷീയമായി അവകാശമില്ലെന്നും കരാർ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഇത് പ്രകാരം "പടിഞ്ഞാറൻ നദികളിലെ ജലവൈദ്യുത പദ്ധതികളുടെ രൂപകൽപ്പനയും പ്രവർത്തനവും സംബന്ധിച്ചവ ഉൾപ്പെടെ, കരാർ പ്രകാരമുള്ള ബാധ്യതകൾ ഇന്ത്യ പാലിക്കേണ്ടതുണ്ട്," അന്താരാഷ്ട്ര ട്രൈബ്യൂണൽ ചൂണ്ടിക്കാട്ടി. 

ഹിമാലയൻ മേഖലയിലെ ജലവൈദ്യുത പദ്ധതികളുടെ നിർമ്മാണം കരാറിന് അനുസൃതമാണോ എന്ന് ലോകബാങ്ക് നിയമിക്കുന്ന ഒരു നിഷ്പക്ഷ വിദഗ്ധൻ 2027 ജൂലൈയോടെ വിലയിരുത്തുമെന്ന് കോടതി അറിയിച്ചു. നിഷ്പക്ഷ വിദഗ്ധന്റെ തീരുമാനത്തിന് ശേഷം 90 ദിവസം കഴിയുന്നത് വരെ രത്‍ല ജലവൈദ്യുത പദ്ധതിയിൽ അണക്കെട്ടിന്റെ ഭിത്തിയും പവർ ഇൻടേക്ക് ഘടനയും നിശ്ചിത അളവിൽ കൂടുതൽ ഉയരത്തിൽ നിർമ്മിക്കാൻ ഇന്ത്യയ്ക്ക് അനുവാദമില്ലെന്നും കോടതി വ്യക്തമാക്കി. പാകിസ്ഥാന്റെ ആവശ്യം അംഗീകരിച്ചുകൊണ്ടാണ് ഈ നടപടി. 

എന്നാൽ, ഈ കോടതിയിൽ ഔദ്യോഗികമായി അംഗമാണെങ്കിലും,  ഈ കോടതിയെ അംഗീകരിക്കുന്നില്ലെന്നും വിധി "തീർത്തും തള്ളുകയാണെന്നും" ഇന്ത്യ വ്യക്തമാക്കി. "ഇന്ത്യയുടെ പരമാധികാര തീരുമാനങ്ങളിൽ വിധി പറയാൻ ഈ പറയപ്പെടുന്ന ആർബിട്രേഷൻ കോടതിക്ക് യാതൊരു അധികാരവുമില്ല. ഇതിന്റെ ഇപ്പോഴുള്ളതോ ഭാവിയിലുള്ളതോ ആയ വിധികളൊന്നും, ഇന്ത്യ നടപ്പിലാക്കുന്ന പദ്ധതികളുമായി ബന്ധപ്പെട്ട നടപടികളെ ബാധിക്കില്ല"- കേന്ദ്ര വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.  ഭീകരവാദത്തെ പാകിസ്താൻ പൂർണ്ണമായി പിന്തുണയ്ക്കുന്ന പശ്ചാത്തലത്തിൽ, 2025 ഏപ്രിലിലെ പഹൽഗാം ഭീകരാക്രമണത്തിന് ശേഷം കരാർ മരവിപ്പിക്കാൻ ഇന്ത്യ എടുത്ത തീരുമാനം തുടരുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.