'അവർ തിരികെ വരും': ഉടമകളെ കാത്ത് തകർന്ന വീടിന്റെ മുറ്റത്ത് നിന്ന് മാറാതെ നിൽക്കുന്ന നായ; നേപ്പാൾ പ്രളയഭൂമിയിലെ സങ്കടക്കാഴ്ച

'അവർ തിരികെ വരും': ഉടമകളെ കാത്ത് തകർന്ന വീടിന്റെ മുറ്റത്ത് നിന്ന് മാറാതെ നിൽക്കുന്ന നായ; നേപ്പാൾ പ്രളയഭൂമിയിലെ സങ്കടക്കാഴ്ച


ട്രിശൂലി ബസാർ, നുവാകോട്ട്: മിന്നൽ പ്രളയം ഒരു വീടിനെ മാത്രമല്ല കൊണ്ടുപോയത്. ഒരു നായയുടെ ലോകം മുഴുവൻ അതിനൊപ്പം ഒഴുക്കിക്കളഞ്ഞു. എന്നാൽ വീട് ഇല്ലാതായിട്ടും, അവന്റെ കാത്തിരിപ്പ് അവസാനിച്ചിട്ടില്ല.

നേപ്പാളിലെ ട്രിശൂലി ബസാറിൽ കഴിഞ്ഞ ആഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ നാല് വീടുകൾ പൂർണമായും ഒഴുകിപ്പോയി. അവശേഷിച്ചത് ചെളിയും മരക്കഷണങ്ങളും മണ്ണും തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളും മാത്രം. എന്നാൽ ആ അവശിഷ്ടങ്ങൾക്കിടയിൽ ഒരു കറുപ്പും വെളുപ്പും കലർന്ന നിറമുള്ള നായ ഇപ്പോഴും കാത്തിരിക്കുകയാണ്-  തന്റെ ഉടമകളെ കാത്ത്.

കഴുത്തിലെ കോളർ ഇപ്പോഴും അതേപടിയുണ്ട്. ചുറ്റും അര ഡസനോളം മണ്ണുമാന്തി യന്ത്രങ്ങൾ മണ്ണും മരങ്ങളും നീക്കം ചെയ്യുന്നുണ്ട്. രക്ഷാപ്രവർത്തകർ തിരക്കിലാണ്. യന്ത്രങ്ങളുടെ കാതടപ്പിക്കുന്ന ശബ്ദം പോലും അവനെ അവിടെനിന്ന് മാറ്റുന്നില്ല. ഒരിക്കൽ വീടിന്റെ മുറ്റമായിരുന്ന ചെളിക്കുഴിയിൽ തന്നെയാണ് അവന്റെ ഇരിപ്പ്.

രക്ഷാപ്രവർത്തകർ ബിസ്‌കറ്റുമായി അവനെ വിളിച്ചു. പല പേരുകളിൽ വിളിച്ചുനോക്കി. പക്ഷേ അവൻ തിരിഞ്ഞുനോക്കിയില്ല. വാൽ പോലും ഒന്ന് അനക്കിയില്ല.

'ബിസ്‌കറ്റുമായി പല പേരുകളും ഉപയോഗിച്ച് അവനെ വിളിച്ചുനോക്കി. പക്ഷേ അവൻ തലപോലും തിരിക്കുന്നില്ല. അവൻ ഈ സ്ഥലം വിട്ടുപോകാൻ തയ്യാറല്ല,' സന്നദ്ധ പ്രവർത്തകനായ വിക്രം ഥാപ്പ പറയുന്നു.

കനത്ത യന്ത്രങ്ങൾ ഏതാനും മീറ്റർ അകലെ പ്രവർത്തിക്കുമ്പോഴും നായയ്ക്ക് ഭയമില്ല. ഇടയ്‌ക്കൊക്കെ വാഹനത്തിന്റെ ശബ്ദം കേട്ട് തല ഉയർത്തും. ആളുകൾ കടന്നുപോയാൽ വീണ്ടും അതേ സ്ഥലത്ത് കിടക്കും.

അവന്റെ വീട് ഇനി അവിടെയില്ല. ഉടമകൾ ആരാണെന്നും പ്രളയജലം ഒഴുക്കിക്കൊണ്ടുപോയ നാലുവീടുകളിൽ ഏതായിരുന്നു അവന്റേതെന്നും  രക്ഷാപ്രവർത്തകർക്ക് പോലും അറിയില്ല. പക്ഷേ, തകർന്ന വീടുകളിൽ ഒന്നിന്റെ പഴയ വാതിൽപ്പടിയിലേക്ക് അവൻ വീണ്ടും വീണ്ടും മടങ്ങിയെത്തുന്നത് കണ്ടപ്പോൾ, ആ സ്ഥലം അവന്റെ വീടായിരുന്നുവെന്ന് നാട്ടുകാർക്ക് മനസ്സിലായി.

പ്രളയത്തിൽ മനുഷ്യർ ഉയർന്ന പ്രദേശങ്ങളിലേക്ക് രക്ഷപ്പെട്ടപ്പോൾ പ്രദേശത്തെ മറ്റു പല നായകളും സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറി. എന്നാൽ ഇവൻ മാത്രം തന്റെ വീടിന്റെ അവശിഷ്ടങ്ങൾക്കരികിൽ തന്നെ നിന്നു.

'ഇത് അവന്റെ പ്രദേശമായിരുന്നു. അവന്റെ കുടുംബത്തിന്റെ മുറ്റം,' പ്രദേശവാസിയായ മായ അധികാരി പറയുന്നു.

അവനെ അവിടെനിന്ന് മാറ്റാനുള്ള ശ്രമങ്ങൾ ഒടുവിൽ രക്ഷാപ്രവർത്തകർ ഉപേക്ഷിച്ചു. പകരം, അവൻ വിശന്നുപോകാതിരിക്കാൻ സമീപത്ത് ഉണങ്ങിയ ഭക്ഷണവും വെള്ളവും വയ്ക്കാൻ തുടങ്ങി. റോഡിലെ തിരക്ക് കുറയുമ്പോൾ മാത്രമാണ് അവൻ അതിൽനിന്ന് അൽപം കഴിക്കുന്നത്.

സ്വന്തം വീടുകൾ നഷ്ടപ്പെട്ട മനുഷ്യരാണ് ഇപ്പോൾ അവനെയും നോക്കുന്നത്. അവർക്കും നഷ്ടപ്പെട്ടത് വീടുകളും ഓർമ്മകളും പ്രിയപ്പെട്ടവരുമാണ്. അതുകൊണ്ടാകാം ആ നായയുടെ കാത്തിരിപ്പ് അവർക്ക് മനസ്സിലാകുന്നത്.

'ഞങ്ങൾക്ക് വീടുകൾ നഷ്ടപ്പെട്ടു. എന്താണ് സംഭവിച്ചതെന്ന് ഞങ്ങൾക്കറിയാം. പക്ഷേ എല്ലാവരും എവിടേക്കാണ് പോയതെന്ന് അവന് മനസ്സിലാകുന്നില്ല. അവർ തിരികെ വരുന്നതുവരെ താൻ ഇവിടെ തന്നെ നിൽക്കണം എന്നാണ് അവൻ കരുതുന്നത്,' പ്രദേശത്തെ കടയുടമ ദിനേഷ് ബസ്യാൽ പറയുന്നു.

ഒരിക്കൽ ഒരു വീടിന്റെ മുന്നിൽ കാവൽ നിന്നിരുന്ന ആ നായ, ഇന്ന് ഒരു വീടുമില്ലാത്ത സ്ഥലത്ത് കാവൽ നിൽക്കുകയാണ്. ചുറ്റും അവശിഷ്ടങ്ങൾ മാത്രം. എന്നിട്ടും അവൻ പോകുന്നില്ല.

കാരണം അവന് ആ സ്ഥലം ഒരു ചെളിക്കുഴിയല്ല-അത് അവന്റെ വീടാണ്. അവന്റെ കുടുംബം തിരികെ വരുമെന്ന് അവൻ ഇപ്പോഴും വിശ്വസിക്കുന്നുണ്ടാകാം.

പ്രളയം വീടുകളെ മായ്ച്ചുകളഞ്ഞേക്കാം. പക്ഷേ ചില കാത്തിരിപ്പുകളെ അതിന് ഒഴുക്കിക്കളയാനാവില്ല.