മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്, അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് എന്നിവര്‍ തമ്മില്‍ വരും മാസങ്ങളില്‍ ത്രികക്ഷി കൂടിക്കാഴ്ച നടന്നേക്കാമെന്ന് ക്രെംലിന്‍ സൂചന നല്‍കി.
ക്രെംലിന്‍ സഹായി യൂറി ഉഷാക്കോവാണ് ഇക്കാര്യം വ്യക്തമാക്കിയത്. ലോകത്തിലെ മൂന്ന് പ്രധാന ശക്തികളുടെ നേതാക്കള്‍ ഒരേ വേദിയില്‍ കൂടിക്കാഴ്ച നടത്തുകയാണെങ്കില്‍ അത് അപൂര്‍വമായ നയതന്ത്ര സംഭവമാകും.
കിര്‍ഗിസ്ഥാനിലെ ബിഷ്‌കെക്കില്‍ നടന്ന ചര്‍ച്ചയ്ക്കിടെ പുടിനും ഷി ജിന്‍പിങും മൂന്ന് നേതാക്കളുടെ കൂടിക്കാഴ്ചയുടെ സാധ്യതയെക്കുറിച്ച് സംസാരിച്ചിരുന്നുവെന്ന് ഷാങ്ഹായ് സഹകരണ സംഘടന ഉച്ചകോടിക്കിടെ ഉഷാക്കോവ് പറഞ്ഞു.
നവംബറില്‍ എപെക് ഉച്ചകോടി
സാധ്യമായ ത്രികക്ഷി കൂടിക്കാഴ്ചയെക്കുറിച്ച് ചോദിച്ചപ്പോള്‍, 'ഈ വിഷയം ചര്‍ച്ച ചെയ്തിട്ടുണ്ട്,' എന്നാണ് ഉഷാക്കോവ് റഷ്യന്‍ സ്റ്റേറ്റ് ടെലിവിഷനോട് പ്രതികരിച്ചത്.
നവംബര്‍ 18, 19 തിയ്യതികളില്‍ ചൈനയിലെ ഷെന്‍ഷെനില്‍ നടക്കുന്ന ഏഷ്യ- പസഫിക് ഇക്കണോമിക് കോ-ഓപ്പറേഷന്‍ (എപെക്) ഉച്ചകോടിയില്‍ മൂന്ന് നേതാക്കളും പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഡൊണള്‍ഡ് ട്രംപ് ഉച്ചകോടിയില്‍ പങ്കെടുക്കുമെന്ന് ഷി ജിന്‍പിങ് സൂചിപ്പിച്ചതായും വ്‌ളാദിമിര്‍ പുടിന്‍ ക്ഷണിക്കപ്പെട്ട അതിഥിയെന്ന നിലയില്‍ പങ്കെടുക്കാന്‍ സാധ്യതയുണ്ടെന്നും ഉഷാക്കോവ് വ്യക്തമാക്കി.
കാര്യങ്ങള്‍ ആസൂത്രണം ചെയ്തതുപോലെ മുന്നോട്ടുപോയാല്‍ മൂന്ന് നേതാക്കള്‍ തമ്മിലുള്ള കൂടിക്കാഴ്ച ക്രമീകരിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. അല്ലെങ്കില്‍, എല്ലാവരും പങ്കെടുക്കുന്ന ഒരു കൂടിക്കാഴ്ചയെങ്കിലും അനിവാര്യമാകുമെന്നും ഉഷാക്കോവ് കൂട്ടിച്ചേര്‍ത്തു.
റഷ്യയും ചൈനയും അമേരിക്കയും ഉള്‍പ്പെടെ 21 സമ്പദ്വ്യവസ്ഥകളാണ് എപെക്കില്‍ അംഗങ്ങളായുള്ളത്.
എന്നാല്‍ ട്രംപ് എപെക് ഉച്ചകോടിയില്‍ പങ്കെടുക്കുമെന്ന കാര്യം അമേരിക്ക ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. പ്രസിഡന്റ് ട്രംപിന്റെ എപെക് പങ്കാളിത്തവുമായി ബന്ധപ്പെട്ട് നിലവില്‍ പ്രഖ്യാപനങ്ങളൊന്നുമില്ലെന്ന് വൈറ്റ് ഹൗസ് വക്താവ് അന്ന കെല്ലി അറിയിച്ചു.
യുക്രെയ്ന്‍ യുദ്ധവും ചര്‍ച്ചാവിഷയം
യുക്രെയ്ന്‍ യുദ്ധം ഉള്‍പ്പെടെയുള്ള ആഗോള സുരക്ഷാ വിഷയങ്ങളില്‍ മോസ്‌കോ, ബീജിങ്, വാഷിംഗ്ടണ്‍ എന്നിവയുടെ നിലപാടുകള്‍ അന്താരാഷ്ട്രതലത്തില്‍ നിര്‍ണായകമായി നിരീക്ഷിക്കപ്പെടുന്നതിനിടെയാണ് സാധ്യതയുള്ള ത്രികക്ഷി കൂടിക്കാഴ്ചയെക്കുറിച്ചുള്ള ക്രെംലിന്‍ സൂചന.
യുക്രെയ്ന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട മാനുഷിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി സെപ്റ്റംബര്‍ അവസാനത്തോടെ ബൊളോണ ആര്‍ച്ച് ബിഷപ്പായ കര്‍ദിനാള്‍ മാറ്റിയോ മരിയ സുപ്പിയുമായി കൂടിക്കാഴ്ച നടത്തുമെന്നും ഉഷാക്കോവ് പറഞ്ഞു.
ചര്‍ച്ചകളില്‍ രാഷ്ട്രീയ വിഷയങ്ങളും സ്വാഭാവികമായും പരാമര്‍ശിക്കപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ പ്രധാനമായും യുക്രെയ്ന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട മാനുഷിക വിഷയങ്ങളില്‍ വത്തിക്കാന്‍ സ്വന്തം നയതന്ത്ര മാര്‍ഗത്തിലൂടെ റഷ്യയുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നും ഉഷാക്കോവ് കൂട്ടിച്ചേര്‍ത്തു.
