അയോധ്യ: ശ്രീരാമ ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ് അയോധ്യയിലെ ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിന്റെ ആദ്യ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി (സി ഇ ഒ) വിരമിച്ച എയര്‍ മാര്‍ഷല്‍ ജിതേന്ദ്ര മിശ്രയെ നിയമിച്ചു.
ക്ഷേത്രത്തിന്റെ ആദ്യ സി ഇ ഒയെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കും അന്തിമ തീരുമാനത്തിനുമായി അയോധ്യയിലെ ശ്രീ മണിരാംദാസ് ഛാവനിയില്‍ ചേര്‍ന്ന ട്രസ്റ്റ് യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്.
മഹന്ത് ദിനേന്ദ്ര ദാസ് മഹാരാജ്, മഹന്ത് കമല്‍ നയന്‍ ദാസ്, ട്രസ്റ്റ് ട്രഷറര്‍ സ്വാമി ഗോവിന്ദ് ദേവ് ഗിരി ജി മഹാരാജ് ഉള്‍പ്പെടെയുള്ള ട്രസ്റ്റ് അംഗങ്ങള്‍ യോഗത്തില്‍ പങ്കെടുത്തു.
നിയമനത്തിനായുള്ള സെര്‍ച്ച് കമ്മിറ്റി നടത്തിയ വിശദമായ പരിശോധനാ നടപടികള്‍ക്കൊടുവില്‍ സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജിതേന്ദ്ര മിശ്രയെ തിരഞ്ഞെടുക്കിയത്. സി ഇ ഒ സ്ഥാനത്തേക്ക് 5,000ലേറെ പേരാണ് അപേക്ഷിച്ചത്.
ട്രസ്റ്റ് ട്രഷറര്‍ സ്വാമി ഗോവിന്ദ് ദേവ് ഗിരി ജി മഹാരാജ്, മഹന്ത് ദിനേന്ദ്ര ദാസ്, ആക്ടിങ് ജനറല്‍ സെക്രട്ടറി കൃഷ്ണ മോഹന്‍, അയോധ്യ ജില്ലാ മജിസ്‌ട്രേറ്റ് ശശാങ്ക് ത്രിപാഠി എന്നിവരടക്കമുള്ളവര്‍ പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് സെര്‍ച്ച് കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
വിരമിച്ച ലഫ്റ്റനന്റ് ജനറല്‍ വിഷ്ണുകാന്ത് ചതുര്‍വേദി, മുന്‍ ശാസ്ത്രജ്ഞന്‍ സുരേഷ് ഹവാരെ, മുന്‍ ജസ്റ്റിസ് പ്രമോദ് കോഹ്ലി എന്നിവരടങ്ങിയ മൂന്നംഗ സെര്‍ച്ച് കമ്മിറ്റിയാണ് അപേക്ഷകരെ പരിശോധിച്ച് അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
അയോധ്യയിലെ ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിന്റെ ഭരണ- നിര്‍വഹണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ആദ്യ സി ഇ ഒ എന്ന നിലയില്‍ ജിതേന്ദ്ര മിശ്രയുടെ നിയമനം ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങളില്‍ പുതിയ ഘട്ടത്തിന് തുടക്കമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
