ഷിക്കാഗോ: ജി20 ധനകാര്യ മന്ത്രിമാരുടെ സമ്മേളനത്തില്‍ പങ്കെടുക്കാനായി ഷിക്കാഗോയിലെത്തിയ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് ഇന്ത്യന്‍ കോണ്‍സുലേറ്റ് സ്വീകരണവും ഡിന്നറും ഒരുക്കി. ഷിക്കാഗോയിലെ ഇന്ത്യന്‍ സമൂഹത്തിലെ പ്രമുഖരായ 150 പേരാണ് ചടങ്ങില്‍ പങ്കെടുത്തത്.
മലയാളി സമൂഹത്തെ പ്രതിനിധീകരിച്ച് ഇന്ത്യന്‍ എന്‍ജിനീയേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ്, യു.എസ്. ടെക്‌ട്രോണിക്‌സിന്റെ പ്രസിഡന്റ് ഗ്ലാഡ്‌സണ്‍ വര്‍ഗീസ്, മുന്‍ ഫോമ വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം, മുന്‍ ഷിക്കാഗോ പോലീസ് സെര്‍ജന്റ് ടോമി മേത്തിപ്പാറ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പ്രസംഗത്തില്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയും വിവിധ മേഖലകളില്‍ രാജ്യം കൈവരിച്ച നേട്ടങ്ങളും നിര്‍മല സീതാരാമന്‍ വിശദീകരിച്ചു. യുദ്ധങ്ങളും ആഗോള സാമ്പത്തിക വെല്ലുവിളികളും നിലനിന്ന സാഹചര്യത്തിലും 2026ല്‍ ഇന്ത്യ 7.6 ശതമാനം ജിഡിപി വളര്‍ച്ച കൈവരിച്ചതായി മന്ത്രി പറഞ്ഞു. 2025ല്‍ ജിഡിപി വളര്‍ച്ച 7.1 ശതമാനമായിരുന്നു.
ഇന്ത്യയിലെ നിക്ഷേപ സാധ്യതകള്‍ പരിചയപ്പെടുത്തുന്നതിനായി കാനഡയിലും ഷിക്കാഗോയിലും വിവിധ കമ്പനികളുടെ സി.ഇ.ഒമാരുമായി ചര്‍ച്ച നടത്തിയതായി മന്ത്രി അറിയിച്ചു. ഇന്ത്യയില്‍ പുതിയ സംരംഭങ്ങള്‍ ആരംഭിക്കാന്‍ കമ്പനികളെ ക്ഷണിച്ചതായും അവര്‍ വ്യക്തമാക്കി. വ്യവസായ വളര്‍ച്ചയ്ക്കും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും അനുകൂലമായ സാഹചര്യം രാജ്യത്ത് ഒരുക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
ജി20 സമ്മേളനത്തിന്റെ ഭാഗമായി അമേരിക്കന്‍ ധനകാര്യ മന്ത്രിമാരുമായും മറ്റ് പ്രതിനിധികളുമായും സാമ്പത്തിക വിഷയങ്ങളില്‍ ചര്‍ച്ച നടത്തുമെന്നും നിര്‍മല സീതാരാമന്‍ അറിയിച്ചു. ഇന്ത്യ–അമേരിക്ക സാമ്പത്തിക സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള സാധ്യതകളും ഈ കൂടിക്കാഴ്ചകളില്‍ പ്രധാന വിഷയമാകും.
ചടങ്ങില്‍ ഷിക്കാഗോ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ സോമനാഥ് ഘോഷ് സംസാരിച്ചു. ഷിക്കാഗോ കോണ്‍സുലേറ്റിന്റെ പരിധിയില്‍ ഒന്‍പത് അമേരിക്കന്‍ സംസ്ഥാനങ്ങളാണുള്ളതെന്നും ഏകദേശം എട്ട് ലക്ഷം ഇന്ത്യക്കാര്‍ ഈ മേഖലയില്‍ താമസിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കന്‍ കോണ്‍ഗ്രസിലെ ഇന്ത്യന്‍ വംശജരുടെ സാന്നിധ്യവും ആരോഗ്യരംഗത്തെ ഇന്ത്യന്‍ സമൂഹത്തിന്റെ സംഭാവനയും കോണ്‍ഗ്രസ്മാന്‍ രാജാ കൃഷ്ണമൂര്‍ത്തി ചൂണ്ടിക്കാട്ടി. അമേരിക്കന്‍ കോണ്‍ഗ്രസില്‍ നിലവില്‍ ആറ് ഇന്ത്യന്‍ വംശജരായ അംഗങ്ങളുണ്ടെന്നും രാജ്യത്തെ ആകെ ഡോക്ടര്‍മാരില്‍ ഏകദേശം പത്ത് ശതമാനം ഇന്ത്യക്കാരാണെന്നും അദ്ദേഹം പറഞ്ഞു.
മലയാളി സമൂഹത്തോടുള്ള സൗഹൃദം പ്രകടിപ്പിച്ച് നിര്‍മല സീതാരാമന്‍ ഓണാശംസകളും നേര്‍ന്നു. സാമ്പത്തിക സഹകരണത്തിനൊപ്പം ഇന്ത്യന്‍ പ്രവാസി സമൂഹവുമായുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താനുള്ള വേദിയായും ഷിക്കാഗോയിലെ സ്വീകരണം മാറി.
നിര്‍മല സീതാരാമന് ഷിക്കാഗോയില്‍ സ്വീകരണം; ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ കമ്പനികളെ ക്ഷണിച്ച് കേന്ദ്രമന്ത്രി
