വാഷിംഗ്ടണ്‍: തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കിന്റെ പേര് 'ട്രംപ് കടലിടുക്ക്' എന്നാക്കി മാറ്റണമെന്ന നിര്‍ദേശം മുന്നോട്ടുവച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സമൂഹ മാധ്യമത്തിലൂടെയാണ് ട്രംപ് ഇക്കാര്യം സൂചിപ്പിച്ചത്. ഹോര്‍മുസ് കടലിടുക്ക് നിലവില്‍ അമേരിക്കയുടെ നിയന്ത്രണത്തിലാണെന്ന അവകാശവാദവും അദ്ദേഹം ഉന്നയിച്ചു.
'ഇപ്പോള്‍ ഇത് യു എസിന്റെ നിയന്ത്രണത്തിലായതിനാല്‍ ഹോര്‍മുസ് കടലിടുക്കിന്റെ പേര് 'ട്രംപ് കടലിടുക്ക്' എന്നാക്കി മാറ്റണോ?' എന്നായിരുന്നു ട്രംപിന്റെ സമൂഹമാധ്യമ പോസ്റ്റ്. 'അമേരിക്കയെപ്പോലെ, ഇത് മുമ്പത്തേക്കാളും 'ചൂടേറിയത്' ആയിരിക്കും,' എന്നും അദ്ദേഹം പരിഹസിച്ചു.
ഹോര്‍മുസ് കടലിടുക്ക് അമേരിക്കന്‍ പ്രദേശമല്ലെന്നതാണ് ട്രംപിന്റെ നിര്‍ദേശത്തെ ശ്രദ്ധേയമാക്കുന്നത്. ഇറാനും ഒമാനും ഇടയിലാണ് ഹോര്‍മുസ് കടലിടുക്ക് സ്ഥിതി ചെയ്യുന്നത്. ആഗോള ഊര്‍ജവിതരണത്തില്‍ നിര്‍ണായക പ്രാധാന്യമുള്ള അന്താരാഷ്ട്ര സമുദ്രപാത കൂടിയാണിത്.
ഹോര്‍മുസ് കടലിടുക്ക് അമേരിക്കന്‍ അധീനപ്രദേശമായി പ്രഖ്യാപിക്കുമെന്ന സൂചനയും ട്രംപ് നേരത്തെ നല്‍കിയിരുന്നു. കഴിഞ്ഞ മാസം ന്യൂയോര്‍ക്കില്‍ നിയമപാലക ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്യവെയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.
ഉപരോധമുണ്ടെന്നും തങ്ങള്‍ ആഗ്രഹിച്ചാല്‍ മാത്രമേ കപ്പലുകള്‍ക്ക് കടന്നുപോകാനാകൂ എന്നായിരുന്നു ട്രംപിന്റെ വാക്കുകള്‍.
മറ്റ് രാജ്യങ്ങളുമായുള്ള സംഘര്‍ഷങ്ങള്‍ക്കിടയില്‍ വിവിധ ജലാശയങ്ങളുടെ പേരുമാറ്റത്തിനും ട്രംപ് നേരത്തെ ശ്രമിച്ചിരുന്നു. അമേരിക്കയുടെ ഭാഗമായ ഒന്റാറിയോ തടാകത്തിന് 'ലേക്ക് അമേരിക്ക' എന്നും മെക്‌സിക്കോ ഉള്‍ക്കടലിന് 'ഗള്‍ഫ് ഓഫ് അമേരിക്ക' എന്നും പേരുമാറ്റാനുള്ള നടപടികളാണ് അദ്ദേഹം സ്വീകരിച്ചത്.
യു എസ്- ഇറാന്‍ യുദ്ധത്തെ തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര കപ്പല്‍ ഗതാഗതത്തില്‍ വന്‍ ഇടിവാണുണ്ടായത്.. പ്രധാന ഗതാഗതപാതയായ കടലിടുക്കിലൂടെയുള്ള ചരക്കുനീക്കം കുറഞ്ഞതോടെ പ്രകൃതി വാതകത്തിന്റെയും എണ്ണയുടെയും വിലയും ഉയര്‍ന്നു.
വൈറ്റ് ഹൗസില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ ഇറാനെതിരായ സൈനിക നടപടിയെക്കുറിച്ചും ട്രംപ് പ്രതികരിച്ചു. 'കഴിഞ്ഞ രാത്രി ഞങ്ങള്‍ അവരെ ശക്തമായി ആക്രമിച്ചു. ഹോര്‍മുസ് കടലിടുക്കിന് സമീപം അവര്‍ നിര്‍മിക്കാന്‍ ശ്രമിച്ച പുതിയ സംവിധാനങ്ങളും ഉപകരണങ്ങളും ഞങ്ങള്‍ തകര്‍ത്തു. കഴിഞ്ഞ രാത്രിയിലേത് വളരെ ശക്തമായ ആക്രമണമായിരുന്നു. എപ്പോള്‍ വേണമെങ്കിലും വീണ്ടും ആക്രമണം നടത്താന്‍ ഞങ്ങള്‍ തയ്യാറാണ്,' ട്രംപ് പറഞ്ഞു.
ഒന്റാറിയോ തടാകത്തിന് 'ലേക്ക് അമേരിക്ക' എന്ന പേര്; ആപ്പിള്‍ മാപ്‌സിലും മാറ്റം
ട്രംപിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവിനെ തുടര്‍ന്ന് ഒന്റാറിയോ തടാകത്തിന്റെ പേര് 'ലേക്ക് അമേരിക്ക' എന്നാക്കി ആപ്പിള്‍ മാറ്റി. ആപ്പിള്‍ മാപ്‌സിന്റെ വെബ് പതിപ്പിലാണ് പേര് മാറ്റിയത്.
അമേരിക്കന്‍ ഉപയോക്താക്കള്‍ക്കായി ഗൂഗിള്‍ മാപ്‌സില്‍ തടാകത്തിന്റെ പേര് 'ലേക്ക് അമേരിക്ക' എന്നാക്കി ആല്‍ഫബെറ്റ് നേരത്തെ മാറ്റിയിരുന്നു.
ഇറാനുമായുള്ള സംഘര്‍ഷത്തിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നായി ഹോര്‍മുസ് കടലിടുക്ക് മാറിയിരിക്കുകയാണ്. യുദ്ധത്തിന് മുമ്പുണ്ടായിരുന്ന നിലയുമായി താരതമ്യം ചെയ്യുമ്പോള്‍ കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം കുത്തനെ കുറഞ്ഞു.
ഫെബ്രുവരി 28ന് യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് പ്രതിദിനം ഏകദേശം 2 കോടി ബാരല്‍ ക്രൂഡ് ഓയിലും പെട്രോളിയം ഉത്പന്നങ്ങളും ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോയിരുന്നു.
എന്നാല്‍ തിങ്കളാഴ്ച മാത്രം 1.7 കോടിയിലധികം ബാരല്‍ എണ്ണ കടലിടുക്കിലൂടെ കടന്നുപോയതായി യു എസ് ഊര്‍ജ സെക്രട്ടറി ക്രിസ് റൈറ്റ് ബുധനാഴ്ച അറിയിച്ചു. യുദ്ധകാലത്തെ റെക്കോര്‍ഡ് ഗതാഗതമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
