കുറച്ച് തൊഴില്‍ രഹിതര്‍ സാമ്പത്തിക വിദഗ്ധര്‍ ചമയുന്നെന്ന് ജി ഡി പി ചോദ്യം ചെയ്തവര്‍ക്കെതിരെ പീയുഷ് ഗോയല്‍

കുറച്ച് തൊഴില്‍ രഹിതര്‍ സാമ്പത്തിക വിദഗ്ധര്‍ ചമയുന്നെന്ന് ജി ഡി പി ചോദ്യം ചെയ്തവര്‍ക്കെതിരെ പീയുഷ് ഗോയല്‍


ന്യൂഡല്‍ഹി: ഇന്ത്യയുടെ ഏറ്റവും പുതിയ ജി ഡി പി കണക്കുകളെ ചോദ്യം ചെയ്ത സാമ്പത്തിക വിദഗ്ധര്‍ക്കും വിമര്‍ശകര്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയല്‍. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ ബി ഐ) കണക്കുകൂട്ടലുകളേക്കാള്‍ ഉയര്‍ന്ന 7.8 ശതമാനം സാമ്പത്തിക വളര്‍ച്ചയെ ചോദ്യം ചെയ്യുന്നത് രാജ്യത്തിന്റെ നേട്ടത്തെ തള്ളിക്കളയാനുള്ള ശ്രമമാണെന്ന് അദ്ദേഹം പറഞ്ഞു.

'കുറച്ച് തൊഴില്‍രഹിതര്‍ സാമ്പത്തിക വിദഗ്ധരെന്ന് സ്വയം വിശേഷിപ്പിച്ച് ടെലിവിഷന്‍ ചാനലുകളിലെത്തി രാജ്യത്തിന് ദോഷം ചെയ്യാന്‍ ശ്രമിക്കുകയാണ്. അവരുടെ വാക്കുകളില്‍ വീഴരുത്,' ഗോയല്‍ പറഞ്ഞു.

2026 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള ഒന്നാം പാദത്തില്‍ ഇന്ത്യയുടെ ജി ഡി പി വളര്‍ച്ച 7.8 ശതമാനമായിരുന്നു. ചൊവ്വാഴ്ച പുറത്തുവിട്ട സര്‍ക്കാര്‍ കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആര്‍ ബി ഐയും മറ്റ് ഏജന്‍സികളും നേരത്തെ പ്രവചിച്ചതിനേക്കാള്‍ ഉയര്‍ന്ന വളര്‍ച്ചാ നിരക്കാണിത്.

എന്നാല്‍ പുതുക്കിയ ജി ഡി പി കണക്കുകൂട്ടല്‍ രീതിയെച്ചൊല്ലി ഇതോടെ ചര്‍ച്ചകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും തുടക്കമായി. കഴിഞ്ഞ വര്‍ഷത്തെ ജി ഡി പി താഴേക്ക് പുതുക്കിയിട്ടില്ലായിരുന്നെങ്കില്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം പാദത്തിലെ വളര്‍ച്ച ഏകദേശം 2.6 ശതമാനം മാത്രമായിരിക്കുമെന്നാണ് വിമര്‍ശകരുടെ വാദം.

മുന്‍ ധനകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാര്‍ഗ് ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കണക്കുകളെ ചോദ്യം ചെയ്തു. നിലവിലെ വില അടിസ്ഥാനമാക്കിയുള്ള ജി ഡി പി കണക്കുകളില്‍ വരുത്തിയ മാറ്റങ്ങളാണ് പുതിയ വളര്‍ച്ചാ നിരക്ക് കൂടുതല്‍ ഉയര്‍ന്നതായി തോന്നാന്‍ കാരണമായതെന്ന് അദ്ദേഹം പറഞ്ഞു.

'7.8 ശതമാനം എന്ന കണക്ക് ഒറ്റനോട്ടത്തില്‍ മികച്ചതായി തോന്നാം. എന്നാല്‍ അതിന്റെ യാഥാര്‍ഥ്യത്തിലേക്ക് കടക്കണം. കഴിഞ്ഞ വര്‍ഷത്തെ നിലവിലെ വില അടിസ്ഥാനമാക്കിയുള്ള ജി ഡി പി 86 ലക്ഷം കോടി രൂപയായിരുന്നു. ഇത് 80 ലക്ഷം കോടി രൂപയായി പുതുക്കി. കഴിഞ്ഞ വര്‍ഷത്തെ ജി ഡി പി പുതുക്കിയിരുന്നില്ലെങ്കില്‍ നിലവിലെ വിലയിലെ വളര്‍ച്ച വെറും 2.6 ശതമാനം മാത്രമായിരുന്നു,' ഗാര്‍ഗ് പറഞ്ഞു.

ഗാര്‍ഗിന്റെ പരാമര്‍ശം പ്രതിപക്ഷം ഏറ്റെടുത്തു. ജി ഡി പി കണക്കിലെ തിരുത്തലിന്റെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിനെ കോണ്‍ഗ്രസ് വിമര്‍ശിച്ചു.

'7.8 ശതമാനം ജി ഡി പി വളര്‍ച്ചയെന്ന സര്‍ക്കാരിന്റെ അവകാശവാദത്തെ സുഭാഷ് ഗാര്‍ഗ് പൊളിച്ചടുക്കിയിരിക്കുകയാണ്. ഇന്ത്യയുടെ യഥാര്‍ഥ ജി ഡി പി വളര്‍ച്ച 2.6 ശതമാനത്തിനടുത്താണെന്നാണ് അദ്ദേഹത്തിന്റെ വാദം. കഴിഞ്ഞ വര്‍ഷത്തെ ജി ഡി പി വളര്‍ച്ച താഴേക്ക് പുതുക്കിയതാണ് ഈ വര്‍ഷത്തെ വളര്‍ച്ചാ നിരക്ക് താരതമ്യേന കൂടുതല്‍ ഉയര്‍ന്നതായി കാണാന്‍ കാരണമായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു,' കോണ്‍ഗ്രസ് വക്താവും രാജ്യസഭാംഗവുമായ പവന്‍ ഖേര എക്‌സില്‍ കുറിച്ചു.

വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി രംഗത്തെത്തിയ ഗോയല്‍, ബന്ധപ്പെട്ട മന്ത്രാലയത്തിലെ മന്ത്രിമാര്‍ സാമ്പത്തിക കണക്കുകള്‍ കൃത്രിമമായി സൃഷ്ടിക്കുന്നവരല്ലെന്ന് പറഞ്ഞു. നിഷേധാത്മക മനോഭാവമുള്ളവര്‍ സ്വയം അപമാനിക്കുകയാണെന്നും സത്യത്തെ വളച്ചൊടിച്ച് ജനങ്ങളെ 'വഞ്ചിക്കുന്നത്' പ്രതിപക്ഷവും മറ്റുള്ളവരും അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

'7.8 ശതമാനത്തിന്റെ റെക്കോര്‍ഡ് വളര്‍ച്ച മറ്റൊരു രാജ്യത്തിനും ആവര്‍ത്തിക്കാന്‍ കഴിഞ്ഞിട്ടില്ല. രാജ്യത്തെ 140 കോടി ജനങ്ങളുടെ കഴിവിന്റെയും കഠിനാധ്വാനത്തിന്റെയും കൂട്ടായ പരിശ്രമത്തിന്റെയും ഫലമാണിത്. ഇതിന്റെ ഫലമായി ഇന്ത്യ ആഗോളതലത്തില്‍ വിശ്വസനീയമായ പങ്കാളിയായി മാറി. പ്രധാനമന്ത്രി മോഡി ദീര്‍ഘവീക്ഷണത്തോടെ രാജ്യത്തെ നയിച്ചു,' ഒരു പരിപാടിക്കിടെ മാധ്യമ പ്രവര്‍ത്തകരോട് ഗോയല്‍ പറഞ്ഞു.

ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ മോശമായി ചിത്രീകരിക്കാനാണ് പ്രതിപക്ഷ നേതാക്കള്‍ ശ്രമിക്കുന്നതെന്നും ഗോയല്‍ ആരോപിച്ചു.

'ഇന്ത്യയെ 'തകര്‍ന്ന സമ്പദ്വ്യവസ്ഥ'യായി കാണാന്‍ ആഗ്രഹിക്കുന്ന ഏതാനും പ്രതിപക്ഷ നേതാക്കള്‍ വീണ്ടും പരാജയപ്പെടും. അവര്‍ പലതവണ പരാജയപ്പെട്ടതുപോലെ ഇക്കുറിയും പരാജയപ്പെടും. പ്രധാനമന്ത്രി മോഡിയുടെ നേതൃത്വത്തില്‍ ഇന്ത്യ അതിവേഗം വളര്‍ന്നുകൊണ്ടേയിരിക്കും,' ഗോയല്‍ പറഞ്ഞു.