വാഷിങ്ടൺ: അമേരിക്കയിൽ ഹോട്ടൽ ബിസിനസ് നടത്തുന്ന ഇന്ത്യൻ വംശജരായ അച്ഛനും മകനുമെതിരെ 100 മില്യൺ ഡോളറിലേറെ വായ്പാ തട്ടിപ്പ് നടത്തിയെന്ന ഗുരുതര ആരോപണം. പങ്കജ് ഷേത്ത്, രാജൻ ഷേത്ത് എന്നിവരെയും ബന്ധുക്കളെയും ബിസിനസ് സ്ഥാപനങ്ങളെയും ഉൾപ്പെടുത്തി യുഎസ് നീതിന്യായ വകുപ്പ് സമർപ്പിച്ച 332 പേജുള്ള സിവിൽ പരാതിയിലാണ് ആരോപണങ്ങൾ.
ഏകദേശം മൂന്ന് പതിറ്റാണ്ടിനിടെ സാമ്പത്തിക പ്രതിസന്ധികളും വായ്പാ തിരിച്ചടവ് വീഴ്ചകളും പാപ്പരത്ത നടപടികളും കോടതി വിധികളും നേരിട്ടിട്ടും ഷേത്ത് കുടുംബവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ തുടർച്ചയായി പുതിയ വായ്പകൾ നേടിയെന്നാണ് പ്രോസിക്യൂട്ടർമാരുടെ ആരോപണം. ഇതിനായി നിരവധി കമ്പനികളുടെയും യഥാർഥ നിയന്ത്രണമില്ലാത്ത 'സ്‌ട്രോ ഓണർമാരുടെയും' പേരുകൾ ഉപയോഗിച്ച് ഹോട്ടലുകളുടെ ഉടമസ്ഥതയും നിയന്ത്രണവും മറച്ചുവെച്ചെന്നാണ് പരാതി.
ആരോപണത്തിന്റെ പ്രധാന ഭാഗം പഴയ കടം തീർക്കാൻ പുതിയ വായ്പ എടുക്കുന്ന രീതിയിലായിരുന്നു. ഒരു ഹോട്ടലിന്റെ പേരിൽ വായ്പയെടുത്ത ശേഷം, മറ്റൊരു വായ്പദാതാവിൽ നിന്നുള്ള പഴയ കടം തീർക്കാൻ പണം ഉപയോഗിക്കും. പുതിയ വായ്പയും തിരിച്ചടയ്ക്കാൻ കഴിയാതെ വരമ്പോൾ വീണ്ടും മറ്റൊരു ഹോട്ടലിന്റെയോ മറ്റൊരു സ്ഥാപനത്തിന്റെയോ പേരിൽ വായ്പ തേടും. ഇത്തരത്തിൽ കടബാധ്യതയുടെ ചക്രം തുടർന്നുവെന്നാണ് യുഎസ് സർക്കാരിന്റെ ആരോപണം.
വായ്പാ അപേക്ഷകളിൽ 'സ്‌ട്രോ ഓണർമാരുടെ' മാനേജ്‌മെന്റ് പരിചയവും വ്യക്തിഗത സാമ്പത്തിക വിവരങ്ങളും തെറ്റായി അവതരിപ്പിച്ചതായും കുടുംബവുമായി ബന്ധപ്പെട്ട മറ്റ് സാമ്പത്തിക പ്രശ്‌നങ്ങൾ മറച്ചുവെച്ചതായും ചില രേഖകളിൽ ഒപ്പുകൾ വ്യാജമായി ഉപയോഗിച്ചതായും പരാതിയിൽ പറയുന്നു. കമ്പനികളുടെ ഉടമസ്ഥാവകാശ രേഖകളിലും നികുതി രേഖകളിലും ആവശ്യാനുസരണം മാറ്റങ്ങൾ വരുത്തിയതിലൂടെ യഥാർഥ നിയന്ത്രണം മറച്ചുവെക്കാൻ ശ്രമിച്ചെന്നും ആരോപണമുണ്ട്.
ഷേത്ത് കുടുംബവുമായി ബന്ധപ്പെട്ട ചില ഹോട്ടലുകളുടെ അവസ്ഥയും പരാതിയിൽ പരാമർശിക്കുന്നു. ജീവനക്കാരുടെ കുറവ്, മതിയായ ഫണ്ട് ലഭിക്കാത്ത അവസ്ഥ, മോശം പരിപാലനം, നിയമലംഘനങ്ങൾ, കുടിശ്ശികകൾ, പൊതുജന പരാതികൾ എന്നിവ നേരിട്ടിരുന്ന ഹോട്ടലുകൾക്കെതിരെയും ആരോപണങ്ങളുണ്ട്.
ന്യൂജഴ്‌സിയിലെ ബ്രൗൺസ് മിൽസിലെ ഒരു ഹോട്ടൽ ഇടപാടിയും കേസിൽ പ്രത്യേകമായി ചൂണ്ടിക്കാണിക്കുന്നു. പുറത്തുനിന്നുള്ള വാങ്ങുന്നയാളെന്ന പ്രതീതി സൃഷ്ടിച്ചെങ്കിലും പിന്നീട് വാങ്ങിയ സ്ഥാപനം ഷേത്ത് കുടുംബത്തിന്റേതാണെന്ന് കണ്ടെത്തിയതായാണ് ആരോപണം. നികുതിദായകരുടെ പിന്തുണയുള്ള വായ്പയുടെ വലിയൊരു ഭാഗം ഒഴിവാക്കുന്നതിനായി ഈ ഇടപാട് ഉപയോഗിച്ചെന്നും സർക്കാർ ആരോപിക്കുന്നു.
എന്നാൽ ആരോപണങ്ങൾ രാജൻ ഷേത്തും കുടുംബത്തിന്റെ അഭിഭാഷകനും നിഷേധിച്ചിട്ടുണ്ട്. ബിസിനസ് നിയമാനുസൃതമാണെന്നും കേസിലെ ആരോപണങ്ങൾക്ക് കുടുംബം ഉത്തരവാദികളല്ലെന്നും വിചാരണയിൽ തങ്ങൾ കുറ്റവിമുക്തരാകുമെന്നുമാണ് അഭിഭാഷകന്റെ പ്രതികരണം.
ഇത് ക്രിമിനൽ കേസല്ല, സിവിൽ നടപടിയാണ് എന്നതും ശ്രദ്ധേയമാണ്. അതിനാൽ നിലവിലെ ഘട്ടത്തിൽ ജയിൽശിക്ഷയുടെ വിഷയമില്ല. എന്നാൽ അമേരിക്കൻ സർക്കാർ വലിയ സാമ്പത്തിക നഷ്ടപരിഹാരമാണ് ആവശ്യപ്പെടുന്നത്. എമഹലെ ഇഹമശാ െഅര േഉൾപ്പെടെയുള്ള നിയമങ്ങളിലെ 133 ആരോപണങ്ങളിലായി സർക്കാരിനുണ്ടായ നഷ്ടം തിരിച്ചടയ്ക്കുന്നതിനൊപ്പം അതിന്റെ മൂന്നിരട്ടി വരെ നഷ്ടപരിഹാരവും ഓരോ തെറ്റായ ക്ലെയിമിനും പിഴയും ആവശ്യപ്പെട്ടിട്ടുണ്ട്.
കേസിലെ ആരോപണങ്ങൾ ശരിയാണെന്ന് കോടതി ഇതുവരെ അന്തിമമായി കണ്ടെത്തിയിട്ടില്ല. എന്നാൽ ആരോപണങ്ങൾ തെളിയുകയാണെങ്കിൽ, പഴയ കടം പുതിയ വായ്പകൊണ്ട് മറച്ച് വീണ്ടും വായ്പ നേടുന്ന ഒരു സാമ്പത്തിക ചക്രം വർഷങ്ങളോളം നിലനിർത്തിയെന്നത് കേസിന്റെ ഏറ്റവും ഗൗരവമേറിയ വശമാകും. കുടുംബ ബിസിനസിന്റെ പേരിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനങ്ങളുടെ യഥാർഥ ഉടമസ്ഥതയും സാമ്പത്തിക ചരിത്രവും മറച്ചുവെച്ച് വായ്പാ സംവിധാനത്തെ തുടർച്ചയായി ഉപയോഗിച്ചുവെന്ന യുഎസ് സർക്കാരിന്റെ വാദമാണ് കേസിന്റെ കേന്ദ്രബിന്ദു.
ഇന്ത്യൻ വംശജരായ അച്ഛനും മകനുമെതിരെ 100 മില്യൺ ഡോളറിലേറെ വായ്പാ തട്ടിപ്പ് ആരോപണം
