കീവ്: അമേരിക്കന്‍ പ്രതിനിധികളുടെ യുക്രെയ്ന്‍ സന്ദര്‍ശനത്തിന് മുന്നോടിയായി കീവിലെ രണ്ട് വിമാനത്താവളങ്ങള്‍ക്കുനേരെ റഷ്യന്‍ ആക്രമണമുണ്ടായതായി യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി. റഷ്യയുടെ ആക്രമണങ്ങള്‍ അമേരിക്കയുടെ പുതിയ സമാധാനനീക്കത്തെ തടസ്സപ്പെടുത്താനുള്ള ശ്രമമാണെന്നും അദ്ദേഹം ആരോപിച്ചു.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ പ്രതിനിധികളായ സ്റ്റീവ് വിറ്റ്‌കോഫും ജാരഡ് കുഷ്‌നറും യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമവുമായി മേഖല സന്ദര്‍ശിക്കുന്നതിനിടെയാണ് ആക്രമണം.
കീവിലെ വിമാനത്താവളങ്ങള്‍ ലക്ഷ്യമിട്ടുള്ള റഷ്യന്‍ ആക്രമണം, അമേരിക്കന്‍ സംഘം വിമാനമാര്‍ഗം യുക്രെയ്‌നിലെത്താനുള്ള സാധ്യത സംബന്ധിച്ച ചര്‍ച്ചകളോടുള്ള റഷ്യയുടെ പ്രതികരണമാണെന്ന് സെലന്‍സ്‌കി പറഞ്ഞു. നയതന്ത്ര നീക്കങ്ങള്‍ക്ക് യുക്രെയ്‌നില്‍നിന്ന് ഭീഷണിയുണ്ടാകില്ലെന്നും സമാധാനം സാധ്യമാക്കുന്നതിലാണ് രാജ്യത്തിന്റെ താത്പര്യമെന്നും അദ്ദേഹം വ്യക്തമാക്കി.
കിഴക്കന്‍ ഡ്‌നിപ്രോ മേഖലയില്‍ ഒരു ഉരുക്കുനിര്‍മാണശാലയ്ക്കുനേരെയുണ്ടായ റഷ്യന്‍ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടതായി ഉരുക്ക് നിര്‍മാതാക്കളായ മെറ്റിന്‍വെസ്റ്റ് അറിയിച്ചു. ആക്രമണത്തില്‍ ഫാക്ടറിയുടെ ഉത്പാദന സൗകര്യങ്ങള്‍ക്കും അടിസ്ഥാനസൗകര്യങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതിനെ തുടര്‍ന്ന് പ്രവര്‍ത്തനം നിര്‍ത്തിവെച്ചതായും കമ്പനി അറിയിച്ചു.
കഴിഞ്ഞ ദിവസം മധ്യ കീവിലെ യുക്രെയ്ന്‍ സുരക്ഷാ ഏജന്‍സിയായ എസ് ബി യുവിന്റെ ആസ്ഥാനത്തിന് നേരെയും റഷ്യന്‍ ഡ്രോണ്‍ ആക്രമണമുണ്ടായതായി സെലന്‍സ്‌കി ആരോപിച്ചിരുന്നു. 2022ല്‍ റഷ്യ പൂര്‍ണതോതിലുള്ള അധിനിവേശം ആരംഭിച്ചതിന് ശേഷം എസ് ബി യു ആസ്ഥാനത്തിന് നേരെയുണ്ടായതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ആദ്യ ആക്രമണമാണിത്. ചരിത്രപ്രസിദ്ധമായ സെന്റ് സോഫിയ കത്തീഡ്രലിന് എതിര്‍വശത്തുള്ള വൊളോഡിമിര്‍സ്‌ക സ്ട്രീറ്റിലെ കെട്ടിടമാണ് ആക്രമണത്തില്‍ ലക്ഷ്യമിട്ടത്.
അതിനിടെ, ട്രംപിന്റെ പ്രതിനിധികളായ വിറ്റ്‌കോഫും കുഷ്‌നറും ശനിയാഴ്ച മോസ്‌കോയിലെത്തി. തുടര്‍ന്ന് കീവ് സന്ദര്‍ശിക്കുമെന്നാണ് റിപ്പോര്‍ട്ട്. ട്രംപ് വീണ്ടും പ്രസിഡന്റായതിന് ശേഷമുള്ള ഇരുവരുടെയും ആദ്യ യുക്രെയ്ന്‍ സന്ദര്‍ശനമായിരിക്കും ഇത്. ഗാസ, ഇറാന്‍ വിഷയങ്ങളുമായി ബന്ധപ്പെട്ട വെടിനിര്‍ത്തല്‍ ചര്‍ച്ചകളിലും ഇരുവരും നേരത്തെ പങ്കെടുത്തിരുന്നു.
മോസ്‌കോയില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനുമായി അമേരിക്കന്‍ പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നിര്‍ദേശം പ്രതിനിധികള്‍ റഷ്യയ്ക്ക് മുന്നില്‍ അവതരിപ്പിക്കുമെന്ന് ട്രംപ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. എന്നാല്‍ യുക്രെയ്ന്‍ ഏതെങ്കിലും പ്രദേശങ്ങള്‍ വിട്ടുനല്‍കണമെന്ന വ്യവസ്ഥ പദ്ധതിയില്‍ ഉള്‍പ്പെടുമോയെന്ന് വ്യക്തമാക്കാന്‍ അദ്ദേഹം തയ്യാറായില്ല.
യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നയതന്ത്ര ശ്രമങ്ങള്‍ പുരോഗമിക്കുമ്പോഴും റഷ്യയും യുക്രെയ്നും തമ്മിലുള്ള മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ ശക്തമായി തുടരുകയാണ്. അമേരിക്കന്‍ പ്രതിനിധികളുടെ സന്ദര്‍ശന കാലയളവില്‍ താത്ക്കാലിക വെടിനിര്‍ത്തലിന് യുക്രെയ്ന്‍ തയ്യാറാണെന്ന് സെലന്‍സ്‌കി നേരത്തെ അറിയിച്ചിരുന്നു. റഷ്യയും സമാനമായി ആക്രമണം നിര്‍ത്തിയാല്‍ യുക്രെയ്ന്‍ വ്യോമാക്രമണങ്ങള്‍ അവസാനിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
എന്നാല്‍ ഈ നിര്‍ദേശത്തോട് റഷ്യയുടെ ഔദ്യോഗിക പ്രതികരണം ഇതുവരെ പുറത്തുവന്നിട്ടില്ല.
