വാഷിംഗ്ടണ്‍: അമേരിക്കന്‍ സമ്പദ്വ്യവസ്ഥയില്‍ ഓഗസ്റ്റ് മാസത്തില്‍ 1.62 ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചതായി യു എസ് തൊഴില്‍ വകുപ്പിന്റെ ബ്യൂറോ ഓഫ് ലേബര്‍ സ്റ്റാറ്റിസ്റ്റിക്‌സ് (ബി എല്‍ എസ്) പുറത്തുവിട്ട പ്രതിമാസ തൊഴില്‍ റിപ്പോര്‍ട്ട്. എന്നാല്‍ തൊഴിലില്ലായ്മ നിരക്കില്‍ മാറ്റമുണ്ടായില്ല.
സാമ്പത്തിക വിദഗ്ധരുടെ പ്രവചനത്തേക്കാള്‍ ഏറെ ഉയര്‍ന്നതാണ് ഓഗസ്റ്റിലെ തൊഴില്‍ വര്‍ധന. ജൂലൈയില്‍ 23,000 തൊഴില്‍ നഷ്ടപ്പെട്ടതിന് പിന്നാലെയാണ് ഓഗസ്റ്റില്‍ ശക്തമായ തിരിച്ചുവരവ് രേഖപ്പെടുത്തിയത്.
പ്രാദേശിക സര്‍ക്കാര്‍ വിദ്യാഭ്യാസ മേഖലയിലാണ് ഏറ്റവും ശ്രദ്ധേയമായ തൊഴില്‍ വര്‍ധനയുണ്ടായത്. 2026- 27 അധ്യയന വര്‍ഷം ആരംഭിച്ചതോടെ പൊതുവിദ്യാലയങ്ങളില്‍ മാത്രം ഏകദേശം 42,000 തൊഴിലുകള്‍ വര്‍ധിച്ചു. വേനലവധിക്കാലത്ത് അധ്യാപകരുടെ തൊഴില്‍ പട്ടികയില്‍നിന്നുള്ള ഒഴിവാക്കലുകള്‍ പതിവായതിനാല്‍ അധ്യയന വര്‍ഷാരംഭത്തില്‍ ഈ മേഖലയില്‍ തൊഴില്‍ വര്‍ധന സാധാരണമാണ്.
ഭക്ഷ്യസേവന മേഖലയിലും 59,000 തൊഴിലുകള്‍ വര്‍ധിച്ചു. നിര്‍മാണ മേഖലയില്‍ 22,000, ആരോഗ്യപരിചരണ മേഖലയില്‍ 12,000 എന്നിങ്ങനെയാണ് പുതിയ തൊഴിലുകള്‍ സൃഷ്ടിച്ചത്.
അതേസമയം, വിവരസാങ്കേതികവിദ്യ, ഡേറ്റാ പ്രോസസിങ്, വെബ് ഹോസ്റ്റിങ്, പ്രസാധനം, സംപ്രേഷണം, ടെലികമ്യൂണിക്കേഷന്‍ തുടങ്ങിയ മേഖലകള്‍ ഉള്‍പ്പെടുന്ന ഇന്‍ഫര്‍മേഷന്‍ വിഭാഗത്തില്‍ 23,000 തൊഴിലുകള്‍ കുറഞ്ഞു. സ്രിപ്‌സ് ടി വി, സില്ലോ ഉള്‍പ്പെടെയുള്ള കമ്പനികളിലെ പിരിച്ചുവിടലുകള്‍ ഇതിന് കാരണമായതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്‍ഷുറന്‍സ്, വാണിജ്യ ബാങ്കിങ്, റിയല്‍ എസ്റ്റേറ്റ് തുടങ്ങിയ മേഖലകള്‍ ഉള്‍പ്പെടുന്ന ഫിനാന്‍ഷ്യല്‍ ആക്ടിവിറ്റീസ് വിഭാഗത്തിലും 12,000 തൊഴില്‍ കുറഞ്ഞു.
അതേസമയം, സ്വകാര്യ മേഖലയിലെ തൊഴില്‍ വളര്‍ച്ച മാത്രം കണക്കാക്കുന്ന എ ഡി പിയുടെ ദേശീയ തൊഴില്‍ റിപ്പോര്‍ട്ടില്‍ ഓഗസ്റ്റില്‍ 38,000 തൊഴിലുകള്‍ മാത്രമാണ് വര്‍ധിച്ചതെന്നാണ് വ്യക്തമാക്കുന്നത്.
ഈ മാസം അവസാനം ചേരുന്ന യു എസ് ഫെഡറല്‍ റിസര്‍വിന്റെ നയയോഗത്തിന് മുന്നോടിയായാണ് പുതിയ തൊഴില്‍ കണക്കുകള്‍ പുറത്തുവന്നത്. തൊഴില്‍ വിപണിയിലെ ശക്തമായ വളര്‍ച്ച പലിശനിരക്കില്‍ മാറ്റം വരുത്താനുള്ള ഫെഡറല്‍ റിസര്‍വിന്റെ തീരുമാനത്തെ സ്വാധീനിച്ചേക്കുമെന്നാണ് വിലയിരുത്തല്‍.
ഫെഡറല്‍ റിസര്‍വിന്റെ പലിശനിരക്ക് തീരുമാനങ്ങളുടെ സാധ്യതകള്‍ നിരീക്ഷിക്കുന്ന സി എം ഇ ഗ്രൂപ്പിന്റെ ഫെഡ് വാച്ച് പ്രകാരം, 25 ബേസിസ് പോയിന്റ് പലിശനിരക്ക് വര്‍ധനയ്ക്കുള്ള സാധ്യത വ്യാഴാഴ്ചയിലെ 49 ശതമാനത്തില്‍നിന്ന് 60 ശതമാനമായി ഉയര്‍ന്നു. നിരക്ക് 3.754.00 ശതമാനമായി ഉയര്‍ത്തുന്നതിനുള്ള സാധ്യതയാണ് ഇത് സൂചിപ്പിക്കുന്നത്.
തൊഴില്‍ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ പലിശനിരക്ക് കുറയ്ക്കണമെന്ന് യു എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ആവശ്യപ്പെട്ടു. അമേരിക്കന്‍ സമ്പദ്വ്യവസ്ഥ കൂടുതല്‍ ശക്തമായതിനാല്‍ പലിശനിരക്ക് കുറയ്ക്കണമെന്നായിരുന്നു ട്രംപിന്റെ പ്രതികരണം.
അതേസമയം, ശക്തമായ തൊഴില്‍ കണക്കുകള്‍ പുറത്തുവന്നിട്ടും യു എസ് ഓഹരി വിപണികളില്‍ ഇടിവ് രേഖപ്പെടുത്തി. നാസ്ഡാക് 0.2 ശതമാനവും ഡൗ ജോണ്‍സ് 0.5 ശതമാനവും എസ് ആന്‍ഡ് പി 500 സൂചിക 0.3 ശതമാനവും താഴ്ന്നു.
അതിനിടെ, യു എസുമായുള്ള വ്യാപാര തര്‍ക്കം തുടരുന്നതിനിടെ കാനഡയിലും തൊഴില്‍ റിപ്പോര്‍ട്ട് പുറത്തുവന്നു. ഓഗസ്റ്റില്‍ കാനഡയില്‍ 41,700 തൊഴില്‍ നഷ്ടപ്പെട്ടതായി സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ അറിയിച്ചു. തൊഴിലില്ലായ്മ നിരക്ക് 6.4 ശതമാനത്തില്‍ മാറ്റമില്ലാതെ തുടരുകയാണ്.
പുതിയ യു എസ്- കാനഡ തീരുവകള്‍, വ്യാപാരയുദ്ധം ശക്തമാകുന്നതിലെ അനിശ്ചിതത്വം, ഇറാന്‍ സംഘര്‍ഷം, ജനസംഖ്യയിലെ കുറവ് തുടങ്ങിയ ഘടകങ്ങള്‍ കാനഡയിലെ തൊഴില്‍ വിപണിയെ സമീപകാലത്ത് പ്രതികൂലമായി ബാധിക്കുമെന്ന് ഓക്‌സ്‌ഫോര്‍ഡ് ഇക്കണോമിക്‌സ് വിലയിരുത്തി.
