വാഷിംഗ്ടണ്‍: സുരക്ഷാ സംവിധാനങ്ങളുടെ നവീകരണം പൂര്‍ത്തിയാകാത്തതുമായി ബന്ധപ്പെട്ട ആശങ്കകള്‍ നിലനില്‍ക്കുന്നതിനിടെ ഖത്തര്‍ നല്‍കിയ ബോയിംഗ് ആഡംബര വിമാനത്തില്‍ അടുത്തയാഴ്ച അയര്‍ലന്‍ഡിലേക്ക് യാത്ര ചെയ്യാന്‍ യു എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് പദ്ധതിയിടുന്നതായി അമേരിക്കന്‍ ഭരണകൂടത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപ്പോര്‍ട്ട്.
വിമാനത്തില്‍ പുതിയ സുരക്ഷാ നവീകരണങ്ങള്‍ നടത്തുന്നതിനായി ഏകദേശം ഒരു മാസത്തേക്ക് സര്‍വീസില്‍നിന്ന് പിന്‍വലിക്കുമെന്ന് ട്രംപ് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ ഈ തീരുമാനത്തിന് പിന്നാലെയാണ് അതേ വിമാനം ഉപയോഗിച്ച് വിദേശയാത്ര നടത്താനുള്ള പുതിയ പദ്ധതി പുറത്തുവന്നിരിക്കുന്നത്.
പ്രസിഡന്റിന്റെ കാലാവധി അവസാനിച്ച ശേഷം വിമാനം തന്റെ പ്രസിഡന്‍ഷ്യല്‍ മ്യൂസിയത്തിലേക്ക് മാറ്റാന്‍ സാധ്യതയുണ്ടെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.
പ്രസിഡന്റിന്റെ യാത്രകള്‍ക്കായി ഉപയോഗിക്കുന്ന വിമാനങ്ങളുടെ പ്രത്യേക സുരക്ഷാ നവീകരണങ്ങളെക്കുറിച്ച് വിശദാംശങ്ങള്‍ പുറത്തുവിടാറില്ലെന്ന് ഭരണകൂട ഉദ്യോഗസ്ഥന്‍ പറഞ്ഞു. യു എസ് പ്രസിഡന്റിന് സുരക്ഷിതവും വിശ്വസനീയവുമായ യാത്രാസൗകര്യം ഉറപ്പാക്കുന്നതിനുള്ള സംവിധാനങ്ങള്‍ ആവശ്യാനുസരണം തുടര്‍ച്ചയായി പരിഷ്‌കരിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അമേരിക്കന്‍ പ്രസിഡന്റിനായി പ്രത്യേകം നിര്‍മിക്കുന്ന രണ്ട് പുതിയ ബോയിങ് വിമാനങ്ങളുടെ നിര്‍മാണം വൈകിയ സാഹചര്യത്തിലാണ് ഈ വിമാനം പ്രസിഡന്‍ഷ്യല്‍ ആവശ്യങ്ങള്‍ക്കായി ഉപയോഗത്തിലാക്കിയത്. പുതിയ എയര്‍ഫോഴ്സ് വണ്‍ വിമാനങ്ങളില്‍ മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ ഉള്‍പ്പെടെയുള്ള വിപുലമായ സുരക്ഷാ സംവിധാനങ്ങളാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്.
ഏകദേശം 400 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ഈ ആഡംബര വിമാനം അടുത്തിടെ ട്രംപിന്റെ വിദേശയാത്രകളിലും ഉപയോഗിച്ചിരുന്നു.
ജൂലൈയില്‍ തുര്‍ക്കിയില്‍ നടന്ന നേറ്റോ ഉച്ചകോടിയിലേക്കുള്ള ട്രംപിന്റെ യാത്രയ്ക്കിടെയുണ്ടായ സംഭവത്തെ തുടര്‍ന്ന് വിമാനത്തിന്റെ സുരക്ഷാ ശേഷിയെക്കുറിച്ചുള്ള ആശങ്കകള്‍ വീണ്ടും ഉയര്‍ന്നിരുന്നു.
അങ്കാറയില്‍ ഇറാനില്‍നിന്ന് ഭീഷണിയുണ്ടാകാമെന്ന സുരക്ഷാ മുന്നറിയിപ്പിനെ തുടര്‍ന്ന് ട്രംപിനെ രഹസ്യമായി ഒരു കാറ്ററിംഗ് വാഹനത്തിലൂടെ മറ്റൊരു പഴയ വിമാനത്തിലേക്ക് മാറ്റിയതായി പിന്നീട് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ട്രംപ് ആദ്യം കയറിയ വിമാനം ശ്രദ്ധതിരിക്കാനുള്ള 'ഡിക്കോയ്' ആയി ഉപയോഗിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.
ആദ്യ വിമാനത്തില്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ്, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവരുണ്ടായിരുന്നുവെന്നും ഭീഷണിയെക്കുറിച്ച് ഇവരെ അറിയിച്ചിരുന്നില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. വിമാനത്തിന്റെ ജനല്‍ഷട്ടറുകള്‍ അടച്ചിടാന്‍ മാത്രമാണ് യാത്രക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈ സംഭവം പിന്നീട് ഒരു നെറ്റ്ഫ്‌ളിക്‌സ് മിനി ഡോക്യുമെന്ററിയിലും ഉള്‍പ്പെടുത്തിയതോടെ വിമര്‍ശനങ്ങള്‍ ശക്തമായി. എന്നാല്‍ വിമാനം സര്‍വീസില്‍നിന്ന് പിന്‍വലിച്ചതിന് ശേഷം എന്തെല്ലാം സുരക്ഷാ നവീകരണങ്ങളാണ് നടത്തിയതെന്ന കാര്യത്തില്‍ വ്യക്തമായ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
