ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം തങ്ങൾക്കാണെന്ന അവകാശവാദവുമായി അമേരിക്കയും ഇറാനും ഒന്നിച്ച് രംഗത്തെത്തിയതോടെ പശ്ചിമേഷ്യൻ സംഘർഷത്തിലെ പ്രധാന വിഷയത്തിലുള്ള പരിഹാരം അനന്തമായി നീളുന്നു. വെടിനിർത്തൽ ചർച്ചയ്ക്കില്ലെന്ന കടുത്ത നിലപാടുമായി ഇറാൻ നിലയുറപ്പിച്ചിരിക്കുന്നതിനിടെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപാണ് ഹോർമുസ് പൂർണമായും തങ്ങളുടെ നിയന്ത്രണത്തിലാണെന്ന് അറിയിച്ചത്. എന്നാൽ, ഈ അവകാശവാദം ഇറാൻ തള്ളി.
ഹോർമുസിന്റെ മുഴുവൻ നിയന്ത്രണവും അമേരിക്കയുടെ പിടിയിലായി കഴിഞ്ഞെന്നും ഇറാന് അതിലൊന്നും ചെയ്യാനില്ലെന്നും ട്രൂത്ത് സോഷ്യലിലിട്ട കുറിപ്പിൽ ട്രംപ് വ്യക്തമാക്കി. ഈ രീതിയിൽ തന്നെ നിയന്ത്രണം തുടരും. ഉരുക്കുമതിലെന്നാണ് അതിനെ എല്ലാരും വിളിക്കുന്നതെന്നും ട്രംപ് വിശേഷിപ്പിച്ചു. എന്നാൽ, ഹോർമുസ് അടഞ്ഞുതന്നെ കിടക്കുകയാണെന്നും ഇറാൻ മുന്നോട്ടുവെച്ചിരിക്കുന്ന നിർദേശങ്ങൾ യുഎസ് അംഗീകരിക്കാതെ അക്കാര്യത്തിൽ ഒരു മാറ്റവും ഉണ്ടാകില്ലെന്നും ഇറാന്റെ ബാസിജ് പാരാമിലിറ്ററി യൂണിറ്റ് മേധാവി ഹെസൈൻ ടേബ് അറിയിച്ചു. ഇറാന്റെ പേർഷ്യൻ ഗൾഫ് അതോറിറ്റിയും യുഎസ് അവകാശവാദത്തെ തള്ളി രംഗത്തെത്തിയിട്ടുണ്ട്.
യുദ്ധം അവസാനിപ്പിക്കുന്നതിന് ഒമാൻ നടത്തുന്ന മധ്യസ്ഥ ശ്രമങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് വീണ്ടും അവകാശവാദങ്ങളുമായി ഇരു രാജ്യങ്ങളും രംഗത്തെത്തിയിരിക്കുന്നത്. അതേസമയം, ഹോർമുസ് കടലിടുക്കിൽ ഇരു രാജ്യങ്ങളും നടത്തുന്ന ആക്രമണം തുടരുകയാണ്. ഇറാനിലെ തുറമുഖങ്ങളിലേക്കും ഇറാനിൽ നിന്ന് ഹോർമുസിന് പുറത്തേക്കും പോകാൻ ശ്രമിച്ച 59 ഓളം കപ്പലുകളെ തിരിച്ചയച്ചതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. 3 കപ്പലുകൾ തകർത്തെന്നും അവർ അവകാശപ്പെട്ടു.
യുഎസ് പ്രസിഡന്റ് സ്ഥാനത്ത് ഡോണൾഡ് ട്രംപ് തുടരുന്ന കാലത്തോളം യുദ്ധം തുടരുമെന്നാണ് ഇറാൻ പറയുന്നത്. ട്രംപിന്റെ കാലാവധി കഴിയുന്ന 2029 ജനുവരി 20 വരെ യുദ്ധം വലിച്ചുനീട്ടുമെന്നും ഇറാനെ ആക്രമിക്കുന്നതിന്റെ വിലയെന്താണെന്ന് യുഎസ് മനസിലാക്കണമെന്നും ഇറാൻ റെവലൂഷണറി ഗാർഡ് കോർ ജനറൽ മുഹമ്മദ് റേസ നഖ്ദി പറഞ്ഞു.
എന്നാൽ, ഇറാനെതിരെ കൂടുതല്‍ ശക്തമായ സാമ്പത്തിക സമ്മര്‍ദം തുടരുമെന്നും ആവശ്യമെങ്കില്‍ സൈനിക നടപടി സ്വീകരിക്കുമെന്നുമാണ് ട്രംപിന്റെ നിലപാട്. ഇറാന്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുമ്പോള്‍, രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ തകര്‍ന്നുപോകാന്‍ അനുവദിക്കണമോ അതോ ശക്തമായ സൈനിക നടപടി സ്വീകരിക്കണമോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ട സാഹചര്യമാണുള്ളതെന്നും ട്രംപ് പറയുന്നു.
ഹോർമുസിന്റെ നിയന്ത്രണം ആർക്ക്? അവകാശവാദവുമായി യുഎസും ഇറാനും, പരിഹാരം അനന്തമായി നീളുന്നു
