തമിഴകത്ത് പുതിയ ചരിത്രം; കോൺ​ഗ്രസിനൊപ്പം മുസ്ലീം ലീ​ഗും മന്ത്രിസഭയിലേക്ക്? എ.ഐ.എ.ഡി.എം.കെ വിമതരെ ഉൾപ്പെടുത്തില്ല

തമിഴകത്ത് പുതിയ ചരിത്രം; കോൺ​ഗ്രസിനൊപ്പം മുസ്ലീം ലീ​ഗും മന്ത്രിസഭയിലേക്ക്? എ.ഐ.എ.ഡി.എം.കെ വിമതരെ ഉൾപ്പെടുത്തില്ല


ചെന്നൈ: തമിഴ്നാട്ടിൽ ജോസഫ് വിജയ് സർക്കാർ മന്ത്രിസഭാ വികസനത്തിന് നാളെ കളമൊരുക്കിയതോടെ, 1967ന് ശേഷമുള്ള ചരിത്രത്തിൽ തിരുത്തലിന് വഴിയൊരുങ്ങുന്നു. തമിഴ്നാട്ടിൽ പതിറ്റാണ്ടുകൾക്ക് ശേഷം കൂട്ടുകക്ഷി മന്ത്രിസഭ അധികാരത്തിലെത്തുന്നെന്ന പ്രത്യേകതയ്ക്കൊപ്പം കോൺ​ഗ്രസിനൊപ്പം മുസ്ലീം ലീ​ഗും മന്ത്രിസഭയിൽ ഇടംനേടുമെന്നാണ് റിപ്പോർട്ടുകൾ. മുസ്ലീം ലീ​ഗിനൊപ്പം വി.സി.കെയും മന്ത്രിസഭയിൽ ഉൾപ്പെടുമെന്നാണ് സൂചന. 

അതേസമയം, സർക്കാരിന് പിന്തുണ നൽകുന്ന എ.ഐ.എ.ഡി.എം.കെ വിമതരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തില്ലെന്ന് ടി.വി.കെ സഖ്യകക്ഷികൾക്ക് ഉറപ്പ് നൽകിയിട്ടുണ്ടെന്ന് നേതാക്കൾ പറയുന്നു. വി.സി.കെ, ഇടത് പാർട്ടികൾ എന്നിവരുടെ കടുത്ത എതിർപ്പിനെ തുടർന്നാണ് ടി.വി.കെ ഇതിൽ നിന്ന് പിന്മാറിയത്. 

തന്റെ പാര്‍ട്ടി ഇതിനകം തന്നെ നിലപാട് ടി.വി.കെയെ അറിയിച്ചിട്ടുണ്ടെന്നും വിമത എ.ഐ.എ.ഡി.എം.കെ എം.എല്‍.എമാരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനുള്ള ഏതൊരു നീക്കവും സർക്കാരിനുള്ള പിന്തുണ പുനഃപരിശോധിക്കാന്‍ സഖ്യകക്ഷികളെ നിര്‍ബന്ധിതരാക്കുമെന്നും വി.സി.കെ മേധാവി തോല്‍ തിരുമാവളവന്‍ പറഞ്ഞു. സി.പി.എമ്മും സമാനമായ നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നും വിമത എം.എൽ.എമാരെ ഉൾപ്പെടുത്തുന്നതിൽ അവര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതായും നേതാക്കൾ അറിയിച്ചു. 

കോൺ​ഗ്രസിൽ നിന്ന് എസ്.രാജേഷ് കുമാറും പി.വിശ്വനാഥനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും. 59 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കോൺ​ഗ്രസ് തമിഴ്നാട്ടിൽ വീണ്ടും മന്ത്രിസ്ഥാനത്തെത്തുന്നത്. അതേസമയം, മുസ്ലീം ലീ​ഗ്, വി.സി.കെ എന്നിവരിൽ നിന്ന് ആരൊക്കെ മന്ത്രിസഭയിലുണ്ടാകുമെന്ന് വ്യക്തമായിട്ടില്ല.