തായ്പേയ്: ഇന്ത്യന്‍ കുടിയേറ്റ തൊഴിലാളികള്‍ക്കെതിരെ വര്‍ണവിവേചനപരമായ പരാമര്‍ശങ്ങളുമായി പ്രചരിച്ച തെരഞ്ഞെടുപ്പ് പോസ്റ്ററിനെതിരെ തായ്വാന്‍ ഭരണകൂടം രംഗത്ത്. സമൂഹമാധ്യമങ്ങളില്‍ വ്യാപക വിമര്‍ശനത്തിന് ഇടയായ പോസ്റ്ററിലെ പരാമര്‍ശങ്ങള്‍ പക്ഷപാതപരവും അംഗീകരിക്കാനാവാത്തതുമാണെന്ന് തായ്വാന്‍ അധികൃതര്‍ വ്യക്തമാക്കി.
കൗഷ്യുങ് സിറ്റി കൗണ്‍സില്‍ സ്ഥാനാര്‍ഥിയായ ലീ ഹങ്-യിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്ററാണ് വിവാദമായത്. അടുത്ത തലമുറയെ രക്ഷിക്കാന്‍ നമുക്ക് ഒന്നിക്കാം എന്ന സന്ദേശത്തോടൊപ്പം ഇന്ത്യന്‍ തൊഴിലാളികളുടെ കുടിയേറ്റം നിരോധിക്കുമെന്ന് വാഗ്ദാനം ചെയ്യുന്ന രീതിയിലായിരുന്നു പോസ്റ്റര്‍. തലപ്പാവിട്ട ഒരാളുടെ ചിത്രവും തലകീഴായ ഇന്ത്യന്‍ പതാകയും ക്രോസ് ചെയ്ത് കാണിച്ചിരുന്നതും പ്രതിഷേധത്തിന് ഇടയാക്കി.
സംഭവത്തെ തുടര്‍ന്ന് ഇന്ത്യയിലെ തായ്പേയ് ഇക്കണോമിക് ആന്‍ഡ് കള്‍ച്ചറല്‍ സെന്റര്‍ (ടി ഇ സി സി) ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി. തായ്വാനിലെ ചില വ്യക്തികള്‍ നടത്തിയ വിവേചനപരമായ പ്രസ്താവനകളും പ്രസിദ്ധീകരണങ്ങളും തായ്വാന്റെ ഔദ്യോഗിക നിലപാടല്ല എന്ന് പ്രസ്താവനയില്‍ വ്യക്തമാക്കി.
ജനാധിപത്യം, ഉള്‍ക്കൊള്ളല്‍, വൈവിധ്യം എന്നീ മൂല്യങ്ങളെ തായ്വാന്‍ മാനിക്കുന്നുവെന്നും ഇന്ത്യയും തായ്വാനും തമ്മിലുള്ള ജനങ്ങള്‍ തമ്മിലുള്ള ബന്ധങ്ങളെ പിന്തുണയ്ക്കുന്നതായും ടി ഇ സി സി അറിയിച്ചു.
മുന്‍വിധി, വര്‍ണവിവേചനം, ഏതുതരത്തിലുള്ള വിവേചനവും തങ്ങള്‍ ശക്തമായി അപലപിക്കുന്നുവെന്നും പരസ്പര ധാരണ വര്‍ധിപ്പിക്കുന്നതിന് ഇന്ത്യയും തായ്വാനും തമ്മിലുള്ള സഹകരണം കൂടുതല്‍ ശക്തിപ്പെടുത്താന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
മലേഷ്യന്‍ മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ഇയാന്‍ മൈല്‍സ് ചിയോങ് ഈ പോസ്റ്ററിന്റെ വീഡിയോ എക്സില്‍ പങ്കുവെച്ചതോടെയാണ് വിഷയം അന്താരാഷ്ട്ര ശ്രദ്ധ നേടിയത്. തായ്വാനികള്‍ക്ക് ഇന്ത്യക്കാരോട് പ്രത്യേക താത്പര്യമില്ലെന്നും കൗഷ്യുങിലെ ഒരു സ്ഥാനാര്‍ഥി ഇന്ത്യക്കാരുടെ കുടിയേറ്റം നിരോധിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു എന്ന കുറിപ്പോടെയായിരുന്നു വീഡിയോ പങ്കുവെച്ചത്.
