ചെന്നൈ: 'എവര്‍ഗ്രീന്‍ സ്റ്റാര്‍' റഹ്മാന്‍ നായകനാവുന്ന ഇനിയും പേരിട്ടിട്ടില്ലാത്ത തമിഴ് സിനിമയുടെ ചിത്രീകരണം പുതുക്കോട്ടയില്‍. ഗ്രാമീണ പശ്ചാത്തലത്തിലുള്ള സിനിമയില്‍ ഇതുവരെ ചെയ്തിട്ടില്ലാത്ത വ്യത്യസ്തമായ ജമീന്ദാര്‍ നായക കഥാപാത്രത്തെയാണ് റഹ്മാന്‍ അവതരിപ്പിക്കുന്നത്.
ചാമ്പ്യന്‍ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ വിശ്വയാണ് മറ്റൊരു നായകന്‍. വിഴാ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ഭാരതി ബാലകുമാരനാണ് സംവിധായകന്‍. മലയാളത്തില്‍ മിഡില്‍ ക്ലാസ് മാത്തുക്കുട്ടി എന്ന സിനിമ നിര്‍മ്മിക്കുന്ന കോമളാ ഹരി പിക്ചേഴ്സിന്റെ നാലാമത്തെ നിര്‍മ്മാണ സംരംഭമാണ് ഈ റഹ്മാന്‍ ചിത്രം.
നാട്ടിന്‍ പുറത്തെ ദൈവ വിശ്വാസങ്ങള്‍, അവയ്ക്ക് ആധാരമായ പഴയ ആചാരങ്ങള്‍ എന്നിവയുടെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കപ്പെടുന്ന തമിഴ് സിനിമകള്‍ പ്രേക്ഷകര്‍ക്കിടയില്‍ വലിയ കോളിളക്കങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. മണ്ണും സംസ്‌കാരവുമായി ബന്ധപ്പെട്ട ജീവിത കഥകള്‍ പല സിനിമകളും ചര്‍ച്ചാ വിഷയമാക്കിയിട്ടുമുണ്ട്. എന്നാല്‍ ആ ജീവിതങ്ങള്‍ക്ക് പിന്നില്‍ ഒളിഞ്ഞിരിക്കുന്ന 'അമാനുഷിക' കഥകള്‍ തമിഴ് നാട്ടിലെ തെക്കന്‍ ജില്ലകളില്‍ 'നാട്ടാര്‍' ആചാരത്തില്‍ ഉണ്ടായിരുന്നു. അത്തരത്തിലുള്ള 'നാട്ടാര്‍ മര്‍മ്മ കഥ'യുടെ ചലച്ചിത്ര ആവിഷ്‌കാരമാണ് ഈ സിനിമ.
നാട്ടാര്‍ മര്‍മ്മ കഥയെ അവലംബമാക്കി 1980കളുടെ പശ്ചാത്തലത്തിലാണ് അവതരണം. അക്കാലത്ത് 'അമാനുഷിക' സംഭവങ്ങളാല്‍ ദുരന്തത്തില്‍ പെടുന്ന തന്റെ കുടുംബത്തെ രക്ഷിക്കാന്‍ തീവ്ര ശ്രമം നടത്തുന്ന ജമീന്ദാര്‍ നായക കഥാപാത്രമാണ് റഹ്മാന്റേത്.
1980കളില്‍ തമിഴ്നാട്ടിലെ തെക്കന്‍ ജില്ലകളില്‍ രക്ത ചൊരിച്ചിലിലൂടെ അരങ്ങേറിയ സംഭവ കഥയുടെ ചലച്ചിത്രാവിഷ്‌ക്കാരമായതിനാല്‍ ബ്രഹ്മാണ്ഡ സിനിമയായിട്ടാണ് നിര്‍മ്മിക്കുന്നത്. റഹ്മാനും വിശ്വയും നായകരാവുന്ന ഈ സിനിമയില്‍ അനുപമ കുമാര്‍, രമ്യാ സുരേഷ്, റിഷാ ജേക്കബ്സ്, ആടുകളം നരേന്‍, മൈം ഗോപി, മുനിഷ് കാന്ത്, ബാബാ ഭാസ്‌കര്‍ തുടങ്ങി പ്രമുഖരായ നിരവധി അഭിനേതാക്കള്‍ മറ്റു പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു.
ഛായാഗ്രഹണം ഭാനു മുരുകനും എഡിറ്റിങ് അമരന്‍ ഫെയിം കലൈവാണനും നിര്‍വഹിക്കുന്നു. ദിനേശ് കാശിയാണ് സ്റ്റണ്ട് മാസ്റ്റര്‍. പി ആര്‍ ഓ ജോണ്‍സണ്‍, സി കെ അജയ് കുമാര്‍. കോമളാ- ഹരി ഭാസ്‌കരന്‍ ദമ്പതികളാണ് കോമളാ ഹരി പിക്ചേഴ്സിന്റെ ബാനറില്‍ ഈ ബ്രഹ്മാണ്ഡ ചിത്രം നിര്‍മ്മിക്കുന്നത്.
