മലനീകരണം കുറയ്ക്കാൻ വമ്പൻ മാറ്റം; ഡൽഹിയിൽ 2027- 2028 മുതൽ ഇരുചക്ര- മുച്ചക്ര വാഹനങ്ങൾ ഇലക്ട്രോണിക് മാത്രം

മലനീകരണം കുറയ്ക്കാൻ വമ്പൻ മാറ്റം; ഡൽഹിയിൽ 2027- 2028 മുതൽ ഇരുചക്ര- മുച്ചക്ര വാഹനങ്ങൾ ഇലക്ട്രോണിക് മാത്രം


ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് പുതിയ ഇലക്ട്രിക് വാഹന നയം ജൂലൈ ഒന്നിന് പ്രാബല്യത്തില്‍ വരും. ഈ നയം 2030 മാർച്ച് 31 വരെ തുടരുമെന്ന് ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത അറിയിച്ചു. ഇലക്ട്രിക് മൊബിലിറ്റി പ്രോത്സാഹിപ്പിക്കുന്നതിനും വാഹന മലിനീകരണം കുറയ്ക്കുന്നതിനുമായി അംഗീകരിച്ച നയത്തില്‍ നിരവധി സബ്‌സിഡികളും ഇളവും ഉപഭോക്താക്കള്‍ക്ക് ലഭിക്കും. അടുത്ത നാലുവർഷക്കാലം നഗരത്തിൽ ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി 15,000 കോടി രൂപ ചെലവഴിക്കും.  

ദേശീയ തലസ്ഥാനത്ത് എക്‌സ്‌ഷോറൂം വില 30 ലക്ഷം രൂപയോ അതിൽ കുറവോ ഉള്ള എല്ലാ ഇലക്ട്രിക് കാറുകൾക്കും റോഡ് നികുതിയിലും രജിസ്ട്രേഷൻ ഫീസിലും 100 ശതമാനം ഇളവ് ലഭിക്കും. ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ വാങ്ങുന്ന ആളുകൾക്ക് ആദ്യ വർഷം 30,000 രൂപയും രണ്ടാം വർഷം 20,000 രൂപയും മൂന്നാം വർഷം 10,000 രൂപയും സബ്‌സിഡി ലഭിക്കും. മുച്ചക്ര വാഹനങ്ങൾക്ക് 50,000, 40,000, 30,000 എന്നിങ്ങനെയാകും പർച്ചേസ് ഇൻസെന്റീവ് ലഭിക്കുക. 

ഈ നയത്തിൻ്റെ ഭാഗമായി, 2027 ജനുവരി 1 മുതൽ ഡൽഹിയിൽ ഇലക്ട്രിക് ഓട്ടോറിക്ഷകൾ മാത്രമേ രജിസ്റ്റർ ചെയ്യുകയുള്ളൂ. അതേസമയം പുതിയ പെട്രോൾ, സിഎൻജി ഇരുചക്ര വാഹനങ്ങളുടെ രജിസ്ട്രേഷൻ ഘട്ടം ഘട്ടമായി നിർത്തലാക്കും. 2028 ഏപ്രിൽ 1 മുതൽ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ മാത്രമേ രജിസ്റ്റർ ചെയ്യൂ.

പഴയ ബിഎസ്-IV (BS-IV) വാഹനങ്ങൾ പൊളിക്കുന്നതിനുള്ള സ്ക്രാപ്പിംഗ് ഇൻസെന്റീവുകളും നയത്തിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഇരുചക്ര വാഹനങ്ങൾക്ക് 10,000, മുച്ചക്ര വാഹനങ്ങൾക്ക് 25,000, N1 ട്രക്കുകൾക്ക് 50,000, ഗ്രാമീൺ സേവാ യൂണിറ്റുകൾക്ക് 15,000 എന്നിങ്ങനെയാണ് ഇൻസെന്റീവ് ലഭിക്കുക. പുതിയ നയം ഗതാഗത മേഖലയ്ക്ക് പ്രത്യേക ഊന്നൽ നൽകുന്നുവെന്നും, പരമ്പരാഗത ഇന്ധന വാഹനങ്ങളിൽ നിന്ന് ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള ഘട്ടം ഘട്ടമായുള്ള പരിവർത്തനത്തിനുള്ള ഒരു റോഡ് മാപ്പ് നൽകുമെന്നും രേഖ ഗുപ്‌ത പറഞ്ഞു.