തിരുവനന്തപുരം: നഗരസഭയിലെ കൈയ്യാങ്കളിയിൽ ബിജെപി കൗൺസിലർമാർക്ക് എതിരെ കേസ്. ചെമ്പഴന്തി ഉദയൻ ആണ് ഒന്നാം പ്രതി. കോൺഗ്രസ് കൗൺസിലർ ഷേർളിയുടെ പരാതിയിൽ ആണ് കേസ്. മ്യൂസിയം പൊലീസ് ആണ് കേസ് എടുത്തത്. നാല് പേർക്കെതിരെയാണ് കേസെടുത്തത്. സജി, വയൽക്കര രതീഷ്, ഗിരി എന്നിവരാണ് മറ്റ് പ്രതികൾ. ബിജെപി കൗൺസിലർമാരായ ചെമ്പഴന്തി ഉദയൻ, ഗിരി, പാപ്പനംകോട് സജി, വയൽ കട രതീഷ് എന്നിവർക്കെതിരെ കോൺഗ്രസ് വനിതാ കൗൺസിലർമാരായ ഷേർളി, അനിത അലക്സ് എന്നിവർ മ്യൂസിയം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.
നാടകീയ രംഗങ്ങൾക്കാണ് തിരുവനന്തപുരം കോർപ്പറേഷൻ ഇന്ന് സാക്ഷ്യം വഹിച്ചത്. പ്രതിഷേധങ്ങൾക്കിടെ ഡയസിലെത്തിയ മേയർ വി.വി രാജേഷ്, അതിവേഗം അജണ്ടകൾ വായിച്ച് യോഗം അവസാനിപ്പിച്ചതോടെയാണ്, രംഗം വഷളായത്. ഹാജർ രജിസ്റ്ററിനെ ചൊല്ലിയുള്ള പിടിവലിക്കിടെ കെ,എസ് ശബരിനാഥനും ചെമ്പഴന്തി ഉദയനും തമ്മിൽ ഏറ്റുമുട്ടി. അറ്റഡൻസ് രജിസ്റ്ററിലെ സുഗതന്റെ വിവരങ്ങൾ ശബരിനാഥൻ ഉയർത്തിക്കാട്ടിയതോടെ അത് പിടിച്ചുവാങ്ങാൻ ചെമ്പഴന്തി ഉദയന്റെ നീക്കം തമ്മിൽതല്ലിൽ കലാശിച്ചു. അതിനിടെ ഉദയൻ ശബരിനാഥനെ മർദിക്കുകയും ചെയ്തു.
കോൺഗ്രസ് വനിതാ കൗൺസിലയർ ഷേർളിക്കും മർദ്ദനമേറ്റു. ഷെർളിയെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ത്രീകളോട് പോലും അപമാര്യാദയായി പെരുമാറിയ ചെമ്പഴന്തി ഉദയനെ പുറത്താക്കണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷം നഗരസഭ സെക്രട്ടറിക്ക് കത്ത് നൽകി.
തിരുവനന്തപുരം നഗരസഭയിലെ കൈയ്യാങ്കളി; ബിജെപി കൗൺസിലർമാർക്കെതിരെ കേസ്, ചെമ്പഴന്തി ഉദയൻ ഒന്നാം പ്രതി
