ഹ്യൂസ്റ്റൺ: 2026 ഫിഫ ലോകകപ്പിന്റെ റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ ജപ്പാനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്ത് ബ്രസീൽ പ്രീ-ക്വാർട്ടറിലേക്ക് യോഗ്യത നേടി. ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിലായിരുന്ന കാനറികൾ, രണ്ടാം പകുതിയിൽ ശക്തമായി തിരിച്ചടിച്ചാണ് ആവേശകരമായ വിജയം സ്വന്തമാക്കിയത്. മത്സരത്തിന്റെ 29-ാം മിനിറ്റിൽ കൈഷു സാനോയിലൂടെ ഗോൾ നേടി ജപ്പാനാണ് ആദ്യം ഞെട്ടിച്ചത്. ആദ്യ പകുതിയിൽ ഈ ലീഡ് നിലനിർത്താൻ ജപ്പാന് കഴിഞ്ഞു.
രണ്ടാം പകുതിയിൽ തന്ത്രങ്ങൾ മാറ്റിപ്പയറ്റിയ ബ്രസീൽ 56-ാം മിനിറ്റിൽ സൂപ്പർ താരം കാസെമിറോയിലൂടെ ആദ്യ ഗോൾ മടക്കി കളി സമനിലയിലാക്കി. മത്സരം അധിക സമയത്തിലേക്ക് നീങ്ങുമെന്ന് കരുതിയിരിക്കെ, ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷങ്ങളിൽ (90+6′) പകരക്കാരനായി വന്ന ഗബ്രിയേൽ മാർട്ടിനെല്ലി ബ്രസീലിന്റെ വിജയഗോൾ വലയിലാക്കി.
ഈ വിജയത്തോടെ ബ്രസീൽ ലോകകപ്പിന്റെ അടുത്ത ഘട്ടത്തിലേക്ക് കടന്നപ്പോൾ, മികച്ച പോരാട്ടം കാഴ്ചവെച്ച ജപ്പാൻ ടൂർണമെന്റിൽ നിന്ന് പുറത്തായി.
ജപ്പാനെ തകർത്ത് ബ്രസീൽ പ്രീക്വാർട്ടറിൽ; ഇഞ്ചുറി ടൈമിൽ നാടകീയ വിജയം
