കൊല്‍ക്കത്ത: വഖഫ് ഭേദഗതി നിയമത്തിനെതിരെ കലാപം തുടരുന്ന പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദില്‍ രണ്ടു പേരെ അക്രമികള്‍ വീടിനുള്ളില്‍ വെട്ടിക്കൊലപ്പെടുത്തി. സംഘര്‍ഷം രൂക്ഷമായ ഷംസേര്‍ഗഞ്ചിലെ ജാഫറാബാദില്‍ അച്ഛനെയും മകനെയുമാണു വീടിനുള്ളില്‍ അതിക്രമിച്ചു കയറിയ സംഘം കൊലപ്പെടുത്തിയത്. ഇവരുടെ വീട്ടുസാമഗ്രികള്‍ കൊള്ളയടിച്ചു. മുര്‍ഷിദാബാദിലെ ധുലിയനില്‍ ശനിയാഴ്ച ഒരാള്‍ക്കു വെടിയേറ്റു. സംഘര്‍ഷത്തില്‍ ഇതുവരെ 118 പേരെ അറസ്റ്റ് ചെയ്തു. സംഘര്‍ഷബാധിത പ്രദേശങ്ങളില്‍ കേന്ദ്ര സേനയെ വിന്യസിക്കാന്‍ കല്‍ക്കട്ട ഹൈക്കോടതി ഉത്തരവിട്ടു. പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ ഹര്‍ജിയിലാണു സുപ്രധാന നിര്‍ദേശം. അതിനിടെ, നിയമം സംസ്ഥാനത്തു നടപ്പാക്കില്ലെന്നു മുഖ്യമന്ത്രി മമത ബാനര്‍ജി പ്രഖ്യാപിച്ചു.
നിയമമുണ്ടാക്കിയത് കേന്ദ്ര സര്‍ക്കാരാണെന്നും അവരോടാണു ചോദ്യങ്ങളുന്നയിക്കേണ്ടതെന്നും മമത പറഞ്ഞു. ഈ നിയമം ഇവിടെ നടപ്പാക്കില്ലെന്നും പിന്നെന്തിനാണു പ്രക്ഷോഭമെന്നും മമത ചോദിച്ചു.
വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം മുര്‍ഷിദാബാദ്, മാള്‍ഡ, സൗത്ത് 24 പര്‍ഗാനാസ്, ഹൂഗ്ലി തുടങ്ങിയ ജില്ലകളില്‍ തുടങ്ങിയ അക്രമങ്ങളാണ് തുടരുന്നത്. നിരവധി വാഹനങ്ങള്‍ക്ക് അകമിമകള്‍ തീവച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് എം പിയുടെ വാഹനത്തിനു നേരേയും ആക്രമണമുണ്ടായി. റോഡ് ഉപരോധിച്ച അക്രമികള്‍ വ്യാപകമായി കല്ലെറിഞ്ഞു. ബംഗ്ലാദേശ് അതിര്‍ത്തിയോടു ചേര്‍ന്ന മുര്‍ഷിദാബാദ് ജില്ലയിലാണ് അക്രമം ഏറ്റവും രൂക്ഷമായത്.
റെയ്ല്‍വേയുടെ സംവിധാനങ്ങളടക്കം നശിപ്പിച്ച സംഭവത്തില്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി റെയ്ല്‍ മന്ത്രി അശ്വിനി വൈഷ്ണവിനു കത്തെഴുതി. മുര്‍ഷിദാബാദില്‍ നിയമവാഴ്ച പുനഃസ്ഥാപിക്കണമെന്നു കേന്ദ്ര മന്ത്രികൂടിയായ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ സുകാന്ത മജുംദാര്‍ ആവശ്യപ്പെട്ടു.