ഞങ്ങള്‍ വോട്ടു ചെയ്യും; പക്ഷേ അത് ബി ജെ പിക്കായിരിക്കില്ല

ഞങ്ങള്‍ വോട്ടു ചെയ്യും; പക്ഷേ അത് ബി ജെ പിക്കായിരിക്കില്ല


ഗുവാഹതി: ഗുവാഹതിയുടെ പ്രാന്തപ്രദേശത്തിരുന്ന് ബോണ്ടി കോണ്‍വാറെന്ന 70കാരിക്ക് രാഷ്ട്രീയം പറയേണ്ടി വന്നത് പുതിയ ഇന്ത്യന്‍ സാഹചര്യങ്ങളുടെ നിര്‍ബന്ധത്തിലാണ്. തങ്ങള്‍ വോട്ടു ചെയ്യുമെന്നും പക്ഷേ, അത് ബി ജെ പിക്കായിരിക്കില്ലെന്നും തുറന്നടിക്കുന്നത് ബോണ്ടി കോണ്‍വാര്‍ മാത്രമല്ല ഗുവാഹതിക്ക് സമീപ പ്രദേശത്തെ 1200 കുടുംബങ്ങള്‍ കൂടിയാണ്. 

തന്റെ തകര്‍ന്ന വീടിനു മുമ്പിലിരിക്കുമ്പോള്‍ ബോണ്ടിക്ക് ക്ഷമിക്കാനാവുന്നില്ല. ഭരണത്തിന്റെ പേരില്‍ സമ്പന്നരെയും ശക്തരെയും വിലക്കെടുക്കുകയാണ്  ബി ജെ പി ചെയ്യുന്നതെന്നും അവര്‍ പറയുന്നു.

രണ്ട് വര്‍ഷം മുമ്പ് സില്‍സാക്കോ ബീല്‍ തടാകം പുനരുജ്ജീവിപ്പിക്കാന്‍ ഗുവാഹത്തിയുടെ പ്രാന്തപ്രദേശത്തുള്ള ബാര്‍ബാരി പ്രദേശത്തെ 1,203 വീടുകള്‍ സംസ്ഥാന സര്‍ക്കാര്‍ പൊളിക്കാന്‍ തുടങ്ങി. കുടിയൊഴിപ്പിക്കല്‍ നീക്കം ആരംഭിച്ചപ്പോള്‍ ബോണ്ടിയുടെ കുടുംബം പ്രാദേശിക കോടതിയെ സമീപിച്ചു. കുടിയൊഴിപ്പിക്കല്‍ നടപടിക്ക് മേല്‍നോട്ടം വഹിച്ച ഉദ്യോഗസ്ഥര്‍ക്ക് കോടതി നല്‍കിയ സ്റ്റേ ഉത്തരവ് കാണിച്ചതിന് ശേഷവും തന്റെ വീട് തകര്‍ത്തതായി അവര്‍ ആരോപിക്കുന്നു.

'ഇത് എന്റെ വീടാണ്, സര്‍ക്കാര്‍ ഞങ്ങളെ ശ്രദ്ധിക്കുന്നതുവരെ ഞാന്‍ പിന്മാറാന്‍ പോകുന്നില്ല' വികാരാധീനയായി ബോണ്ടി പറഞ്ഞത് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസാണ് റിപ്പോര്‍ട്ട് ചെയ്തത്.

ബോണ്ടി കോണ്‍വാറും 80കാരനായ ഭര്‍ത്താവ് നരേശ്വര്‍ കോണ്‍വാറും (80) ഏതാനും മാസങ്ങള്‍ക്കുമുമ്പ് കോണ്‍ക്രീറ്റ് വീട് നിലനിന്നിരുന്ന സ്ഥലത്ത് ഒരു താത്ക്കാലിക കുടില്‍ പണിതു.  പൂര്‍ണ്ണമായും തകര്‍ന്ന വീടുകളുടെ അവശിഷ്ടങ്ങള്‍ക്ക് നടുവിലാണ് ഈ കുടില്‍ നിലനില്‍ക്കുന്നത്. ദൂരെ എക്സ്‌കവേറ്ററുകളും ഡംപിംഗ് ട്രക്കുകളും നിര്‍ത്തിയിട്ടുണ്ട്. 

തകര്‍ന്ന വീടിന് പുറത്ത് ഒരു പഴയ സ്റ്റീല്‍ അലമാരയുണ്ട്. പിങ്ക് നിറത്തിലുള്ള പൂക്കള്‍ വിടര്‍ന്നു നില്‍ക്കുന്ന പ്രദേശത്ത് സമ്പന്നരുടെ കെട്ടിടങ്ങള്‍ തലയുയര്‍ത്തി നില്‍ക്കുന്നുണ്ട്. 

വടക്കന്‍ അസമിലെ ലഖിംപൂര്‍ ജില്ലയില്‍ നിന്നുള്ള ദമ്പതികള്‍ക്ക് മൂന്ന് ആണ്‍മക്കളാണുള്ളത്. കരാറുകാരനായ രണ്ടാമത്തെ മകനാണ് പകുതി പണിത കെട്ടിടം വാങ്ങിയതെന്നും അത് പൂര്‍ത്തിയാക്കിയതിന് ശേഷമാണ് തങ്ങള്‍ ഇങ്ങോട്ട് മാറിയതെന്നും നരേശ്വര്‍ പറഞ്ഞു. തങ്ങള്‍ക്ക് താമസിക്കാനായി മകന്‍ ധാരാളം പണം ചെലവഴിച്ചുവെന്നും നരേശ്വര്‍ പറഞ്ഞു. 

ഇത് നരേശ്വറിന്റേയും ബോണ്ടിയുടേയും മാത്രം പ്രശ്‌നമല്ല. തദ്ദേശീയ താത്പര്യങ്ങള്‍ സംരക്ഷിക്കുമെന്ന് വാഗ്ദാനം ചെയ്ത് അധികാരത്തില്‍ കയറിയ ബി ജെ പി സര്‍ക്കാര്‍ അവ ലംഘിച്ചുവെന്ന് യുവ സോഫെറ്റ്‌വെയര്‍ എഞ്ചിനീയറായ പ്രിയകുമാര്‍ സിന്‍ഹ ആരോപിച്ചു.


ഞങ്ങള്‍ വോട്ടു ചെയ്യും; പക്ഷേ അത് ബി ജെ പിക്കായിരിക്കില്ല

പൗരത്വ ഭേദഗതി നിയമത്തിലൂടെ ബംഗ്ലാദേശില്‍ നിന്നുള്ളവരെന്ന പേരില്‍ ഒറ്റപ്പെടുത്തുമ്പോള്‍ തങ്ങളോടും അതുതന്നെയാണ് ചെയ്യുന്നതെന്ന് ബി എസ് എന്‍ എല്ലില്‍ നിന്ന് വിരമിച്ച ജീവനക്കാരനായ ബ്രജബാസി സിംഗ് പറയുന്നു. അധികാരികളോട് ക്ഷമിക്കാനുള്ള മാനസികാവസ്ഥയിലല്ല അദ്ദേഹവും. 

രണ്ട് രാഷ്ട്രീയക്കാര്‍ ഉള്‍പ്പെടെയുള്ള സമ്പന്നരുടെ കെട്ടിടങ്ങളും ഹോട്ടലും മാത്രമാണ് നില്‍ക്കുന്നതെന്ന് അദ്ദേഹം വിരല്‍ ചൂണ്ടി പറയുന്നു.

''ഇവിടെ ചില വിമുക്തഭടന്മാര്‍ ഭൂമി വാങ്ങുന്നതിനെക്കുറിച്ച് അറിഞ്ഞപ്പോള്‍ ഞാന്‍ ഒരു സ്ഥലം വാങ്ങി. ഭൂമി വാങ്ങുന്നതിനും വീട് പണിയുന്നതിനുമായി ഞാന്‍ എന്റെ കൈവശമുള്ളതെല്ലാം നിക്ഷേപിച്ചു,'' ഇപ്പോള്‍ വാടകയ്ക്ക് താമസിക്കുന്ന സിംഗ് പറയുന്നു.

'തങ്ങള്‍ വാര്‍ഷിക നികുതിയും അടച്ചിട്ടുണ്ട്.'

പൊളിക്കുന്നതിന്റെ വിസ്തീര്‍ണ്ണം വര്‍ധിപ്പിച്ചതായും മുന്‍കൂട്ടി നിശ്ചയിച്ച നിരോധിത മേഖലയിലല്ലാത്ത വീടുകള്‍ ഉള്‍പ്പെടുത്തിയതായും ജനങ്ങള്‍ ആരോപിക്കുന്നു.

ദിസ്പൂര്‍ അസംബ്ലി മണ്ഡലത്തിലും ഗുവാഹത്തി പാര്‍ലമെന്റ് സീറ്റിലും ഉള്‍പ്പെടുന്ന പ്രദേശമാണ് ബാര്‍ബാരി. മെയ് ഏഴിന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ബി ജെ പിക്കെതിരെ മത്സരിക്കുമെന്ന് ഈ ദുരിതബാധിതര്‍ പറയുന്നു.

മൂന്നാം തലമുറയിലെ അസമീസ് പൗരത്വമുള്ള ഇന്ദ്രാണി ദേവി എന്ന മെയ്‌തേയ് സ്ത്രീ ആശങ്കാകുലയാണ്. 

സര്‍ക്കാര്‍ നല്‍കുന്ന അടിസ്ഥാന സൗകര്യങ്ങള്‍ നിവാസികള്‍ക്ക് ലഭ്യമായിരുന്നുവെന്നും ഇത്തരമൊരു വിധി തങ്ങള്‍ക്ക് ഒരിക്കലും ചിന്തിക്കാന്‍ കഴിയില്ലെന്നും ഗായത്രി ബോറി പറയുന്നു.

'ഞങ്ങള്‍ക്ക് വൈദ്യുതിയും കുടിവെള്ളവും ഉണ്ടായിരുന്നു. ഞങ്ങള്‍ വാര്‍ഷിക നികുതിയും പൗരസമിതിക്ക് നല്‍കി. ഞങ്ങളുടെ പ്രദേശത്ത് സര്‍ക്കാര്‍ ഒരു റോഡും നിര്‍മ്മിച്ചു,' അവര്‍ പറയുന്നു.

റോഡ് വീതി കൂട്ടുന്നതിനെക്കുറിച്ച് അധികൃതര്‍ പറഞ്ഞപ്പോള്‍ ഭൂമിയുടെ ഒരു ഭാഗം തങ്ങള്‍ വിട്ടുകൊടുത്തുവെന്നും എന്നാല്‍ താമസിയാതെ കുടിയൊഴിപ്പിക്കലുണ്ടായെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

'ഞങ്ങള്‍ അനധികൃത കുടിയേറ്റക്കാരോ കയ്യേറ്റക്കാരോ അല്ല. ഞങ്ങള്‍ ഭൂമി വാങ്ങിയിരുന്നു. അസമികളും ആദിവാസികളും മെയ്തികളും തദ്ദേശീയരായ മുസ്‌ലിംകളും ഇവിടെ താമസിച്ചിരുന്നു. ഞങ്ങളെ ഫ്‌ളാറ്റുകളില്‍ പുനരധിവസിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഞങ്ങള്‍ കാത്തിരിക്കുകയാണ്.' മുപ്പതുകാരിയായ വനിത പറഞ്ഞു.

പുനരധിവാസം ആവശ്യപ്പെട്ട് പ്രദേശവാസികള്‍ അധികൃതരുടെ ശ്രദ്ധ ക്ഷണിക്കുകയാണ്. ദുരിതബാധിതരായ 300 കുടുംബങ്ങള്‍ക്ക് പുനരധിവാസത്തിനായി പണം ലഭിച്ചിട്ടുണ്ടെന്ന് ഗായത്രി പറയുന്നു.

'ഞങ്ങളുടെ വീടുകള്‍ തകര്‍ത്ത സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന പ്രശ്നമില്ല, ഞങ്ങളുടെ സുഖവിവരങ്ങള്‍ അന്വേഷിക്കാന്‍ സര്‍ക്കാരില്‍ നിന്ന് ആരും വന്നില്ല, ഞങ്ങള്‍ വോട്ട് ചെയ്യും, ഇത് ഞങ്ങളുടെ ജനാധിപത്യ അവകാശമാണ്, പക്ഷേ ഞങ്ങള്‍ ബി ജെ പിക്ക് വോട്ട് ചെയ്യില്ല. ഞങ്ങള്‍ നേരത്തെ ബി ജെ പിക്ക് വോട്ട് ചെയ്തു. പക്ഷേ മാറ്റത്തിനായുള്ള പാര്‍ട്ടി സ്വന്തം ആളുകളെ പുറത്താക്കി,'' അവര്‍ പറയുന്നു.

ആര്‍ സി സി വീടുകള്‍ തകര്‍ന്നവര്‍ക്ക് 10 ലക്ഷം രൂപയും അസം മാതൃകയിലുള്ള വീടുകള്‍ക്ക് 5 ലക്ഷം രൂപയും ഓട് മേഞ്ഞ വീടുകള്‍ക്ക് 1.5 ലക്ഷം രൂപയും നല്‍കുമെന്ന് സര്‍ക്കാര്‍ പറഞ്ഞതായി താമസക്കാര്‍ അവകാശപ്പെട്ടു. 'ഞങ്ങള്‍ ഓരോ കുടുംബത്തിനും യഥാക്രമം 25 ലക്ഷം, 15 ലക്ഷം, 5 ലക്ഷം രൂപയും 1 കാത്തയും 5 ലെസ ഭൂമിയും ആവശ്യപ്പെടുന്നു,' ഗായത്രി പറഞ്ഞു. കോണ്‍ഗ്രസിന്റെയും പ്രാദേശിക പാര്‍ട്ടിയായ റെയ്ജര്‍ ദളിന്റെയും നേതാക്കളും പ്രശ്നബാധിതരുമായി ബന്ധപ്പെട്ടിട്ടുണ്ട്.

ഈ വര്‍ഷം ഫെബ്രുവരിയില്‍ സംസ്ഥാന ഭവന, നഗരകാര്യ മന്ത്രി അശോക് സിംഗാള്‍ 166 ഏക്കര്‍ ഭൂമി എന്‍സിയില്‍ നിന്ന് ഒഴിപ്പിച്ചതായി നിയമസഭയെ അറിയിച്ചിരുന്നു. പ്രധാന പ്രകൃതിദത്ത മഴവെള്ള സംഭരണിയാണ് സില്‍സാക്കോ.