ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷം ശക്തമായ സാഹചര്യത്തിൽ അമേരിക്കയ്ക്കു മുന്നറിയിപ്പുമായി ഇന്ത്യയിലെ ഇറാൻ അംബാസഡർ മൊഹമ്മദ് ഫത്ഹാലി . യുദ്ധം ആരംഭിക്കാൻ കഴിയുമെങ്കിലും അതിന്റെ അവസാനം നിങ്ങളുടെ കൈകളിലായിരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഇറാൻ ഇപ്പോഴും ചർച്ചകൾക്ക് തുറന്ന നിലപാടിലാണ്, എന്നാൽ ആവശ്യമായാൽ സൈനികമായി നേരിടാനും തയ്യാറാണെന്ന് ഫത്ഹാലി വ്യക്തമാക്കി. ഇന്ത്യ ടുഡെ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'ഓപ്പറേഷൻ ട്രൂ പ്രോമിസ്' എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന സെഷനിൽ ഇറാന്റെ നിലപാട് അദ്ദേഹം വിശദീകരിച്ചു. സംഘർഷങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും നയതന്ത്രപരമായ പരിഹാരത്തിനാണ് ഇറാൻ എല്ലായ്‌പ്പോഴും മുൻഗണന നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഇന്ത്യ-ഇറാൻ ബന്ധത്തെക്കുറിച്ചും അംബാസഡർ പ്രതികരിച്ചു. ഇന്ത്യയുടെ സൗഹൃദവും പരസ്പര താൽപര്യങ്ങളും പരിഗണിച്ച് ഇന്ത്യയിൽ നിന്ന് എൽപിജി കൊണ്ടുപോകുന്ന ചില കപ്പലുകൾക്ക് ഹോർമൂസ് കടലിടുക്ക് വഴിയിലൂടെ യാത്ര തുടരാൻ അനുവദിച്ചതായി അദ്ദേഹം അറിയിച്ചു.
പശ്ചിമേഷ്യയിലെ സംഘർഷം കൂടുതൽ വ്യാപിക്കുമോ എന്ന ആശങ്കകൾ നിലനിൽക്കുന്നതിനിടയിലാണ് ഇറാന്റെ ഈ മുന്നറിയിപ്പ്.
'യുദ്ധം തുടങ്ങാൻ കഴിയും, അവസാനിപ്പിക്കാൻ നിങ്ങൾക്കാകില്ല' - അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ
