മുണ്ടക്കൈയിലേക്കു കടക്കാന്‍ സേന നിര്‍മ്മിച്ച ബെയ്‌ലി പാലം ഗതാഗത സജ്ജമായി

മുണ്ടക്കൈയിലേക്കു കടക്കാന്‍ സേന നിര്‍മ്മിച്ച ബെയ്‌ലി പാലം ഗതാഗത സജ്ജമായി


ചൂരല്‍മല: മുണ്ടക്കൈയിലെ ഉരുള്‍പൊട്ടലില്‍ തകര്‍ന്ന പാലത്തിനു പകരം ഇന്ത്യന്‍ സേന നിര്‍മാണം തുടങ്ങിയ ബെയ്ലി പാലം  പൂര്‍ത്തീകരിച്ചു. ബുധനാഴ്ച തുടങ്ങിയ നിര്‍മാണം രാപകല്‍ കഠിനാധ്വാനംചെയ്താണ് സേന വ്യാഴാഴ്ച വൈകിട്ടോടെ പൂര്‍ണ്ണ സജ്ജമാക്കിയത്. പാലത്തിലൂടെ വൈകീട്ട് 5.50 ഓടെ ആദ്യ വാഹനം കടത്തിവിട്ടു. പിന്നാലെ മറ്റുസൈനിക വാഹനങ്ങളും ജെസിബിയും ഇതിലൂടെ കടത്തിവിട്ടു


രക്ഷാപ്രവര്‍ത്തനത്തിലും തിരച്ചിലിലും വലിയ ആശ്വാസമായാണ് പാലം തുറന്നിരിക്കുന്നത്. ദുരന്തത്തില്‍ തുടച്ചുനീക്കപ്പെട്ട മുണ്ടക്കൈയില്‍ അവശേഷിക്കുന്നവരെ കണ്ടെടുക്കുന്നതിന് വേഗമേറ്റാന്‍ ബെയ്ലി പാലം ഏറെ സഹായകരമാകും. കരസേനയുടെ മദ്രാസ് എഞ്ചിനീയറിങ് ഗ്രൂപ്പി (MEG)ന്റെ നേതൃത്വത്തിലാണ് പാലം നിര്‍മിച്ചത്.

ഇവിടെയുണ്ടായിരുന്ന പാലം മലവെള്ളപ്പാച്ചലില്‍ ഒലിച്ചുപോയതോടെയാണ് മുണ്ടക്കൈ പുറംലോകത്തുനിന്ന് ഒറ്റപ്പെട്ടത്. മുണ്ടക്കൈയേയും ചൂരല്‍മലയേയും ബന്ധിപ്പിക്കുന്നതാണ് ഈ പാലം. ഒരേസമയം 24 ടണ്‍ ഭാരംവരെ വഹിക്കാന്‍ ശേഷിയുള്ളതാണ് സൈന്യം ഇപ്പോള്‍ നിര്‍മിച്ചിരിക്കുന്ന ബെയ്ലി ബാലം. ഹിറ്റാച്ചി അടക്കം രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുള്ള വലിയ യന്ത്രസാമഗ്രികള്‍ ബെയ്‌ലി പാലത്തിലൂടെ മുണ്ടക്കൈയിലേയ്‌ക്കെത്തിക്കാനാകും.

പാലം നിര്‍മിക്കാനുള്ള സാധന സാമഗ്രികള്‍ ഡല്‍ഹിയില്‍നിന്ന് ഇന്ത്യന്‍ വായുസേനയുടെ അഭിമാനമായ ഗ്ലോബ്മാസ്റ്ററിലാണ് എത്തിച്ചത്. കണ്ണൂര്‍ വിമാനത്താവളത്തിലെത്തിച്ച ഇത് 17 ലോറികളിലാണ് വയനാട്ടിലെത്തിച്ചത്.

നേരത്തെ സൈന്യംതന്നെ താത്കാലി പാലം നിര്‍മിച്ചിരുന്നെങ്കിലും അതിലൂടെ വലിയ ഭാരങ്ങളൊന്നും അപ്പുറത്തേക്ക് കൊണ്ടുപോകാന്‍ കഴിയുമായിരുന്നില്ല. പുഴയില്‍ അപകടകരമായ നിലയില്‍ ജലനിരപ്പുയര്‍ന്നതോടെ ഈ താത്കാലിക പാലം മുങ്ങുകയും ചെയ്തിരുന്നു.