തിരുവനന്തപുരം: കൊട്ടാരക്കര മുന്‍ എംഎല്‍എയും സിപിഎം നേതാവുമായ ഐഷാ പോറ്റി കോണ്‍ഗ്രസില്‍ ചേര്‍ന്നു. കേന്ദ്ര സര്‍ക്കാരിനെതിരായി കോണ്‍ഗ്രസ് ലോക്ഭവനു മുന്നില്‍ നടത്തുന്ന രാപ്പകല്‍ സമരവേദിയിലെത്തിയ ഐഷാ പോറ്റിയെ എഐസിസി ജനറല്‍ സെക്രട്ടറിമാരായ കെ.സി. വേണുഗോപാല്‍, ദീപാദാസ് മുന്‍ഷി എന്നിവര്‍ ചേര്‍ന്ന് ഷാള്‍ അണിയിച്ച് പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു.
കൊട്ടാരക്കര മണ്ഡലത്തെ പ്രതിനിധീകരിച്ച് മൂന്ന് തവണ നിയമസഭയിലെത്തിയ ഐഷാ പോറ്റി, മൂന്ന് പതിറ്റാണ്ടിലധികം നീണ്ട സിപിഎം ബന്ധം അവസാനിപ്പിച്ചാണ് കോണ്‍ഗ്രസില്‍ പ്രവേശിക്കുന്നത്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫില്‍ നിന്ന് ഔദ്യോഗികമായി അംഗത്വം സ്വീകരിച്ചു. ഐഷാ പോറ്റിയെ കോണ്‍ഗ്രസ് കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം സിപിഎം കൊട്ടാരക്കര ഏരിയ കമ്മിറ്റിയില്‍ നിന്ന് ഐഷാ പോറ്റിയെ ഒഴിവാക്കിയിരുന്നു. ഇതിനു പിന്നാലെ പ്രതിപക്ഷ നേതാവുമായി നടത്തിയ ചര്‍ച്ചകളാണ് കോണ്‍ഗ്രസിലേക്കുള്ള വഴിയൊരുക്കിയത്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കൊട്ടാരക്കരയില്‍ നിന്ന് ഐഷാ പോറ്റി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന സൂചനകളും ശക്തമാണ്.
കോണ്‍ഗ്രസില്‍ ചേര്‍ന്ന ശേഷം ഐഷാ പോറ്റി പ്രതികരിച്ചു: 'മുന്‍പ് പ്രവര്‍ത്തിച്ച പ്രസ്ഥാനം എനിക്ക് വലിയ വിഷമങ്ങളാണ് നല്‍കിയത്. അതെക്കുറിച്ച് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ അധികാരമോഹിയല്ല. മനുഷ്യര്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കാനാണ് എന്റെ ഇഷ്ടം. നമ്മളെ ആവശ്യമില്ലെന്നു തോന്നുമ്പോള്‍ അവിടുനിന്ന് മാറിനില്‍ക്കുകയാണ് ശരിയെന്ന് ഞാന്‍ വിശ്വസിക്കുന്നു.'
വര്‍ഷങ്ങളായി ഇടതോരം ചേര്‍ന്ന് പൊതുജീവിതത്തില്‍ സജീവമായ ഐഷാ പോറ്റിയുടെ ഈ രാഷ്ട്രീയ മാറ്റം കൊട്ടാരക്കരയിലും സംസ്ഥാന രാഷ്ട്രീയത്തിലും ശ്രദ്ധേയമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുമോ എന്നത് കാത്തിരുന്നു കാണേണ്ടതാണ്.
സി.പി.എം വിട്ട് ഐഷാ പോറ്റി കോണ്‍ഗ്രസിലേക്ക്; കൊട്ടാരക്കരയില്‍ പുതിയ രാഷ്ട്രീയ നീക്കം
