കൊച്ചി: എറണാകുളം പ്രസ്‌ക്ലബ്ബിന്റെ ഈ വര്‍ഷത്തെ എന്‍ വി പൈലി മാധ്യമ പുരസ്‌കാരം ജീവന്‍ ടി വി ചീഫ് ന്യൂസ് എഡിറ്റര്‍ ബാബുവെളപ്പായയ്ക്ക്.
15,000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.
38 വര്‍ഷമായി മാധ്യമ രംഗത്തുള്ള ബാബു വെളപ്പായയുടെ മാധ്യമ രംഗത്തെ സമഗ്ര സംഭാവന മുന്‍നിര്‍ത്തിയാണ് പുരസ്‌കാരം. എക്സ്പ്രസ്സ് ദിനപത്രത്തില്‍ റിപ്പോര്‍ട്ടറായി പ്രവര്‍ത്തനം ആരംഭിച്ച ബാബുവെളപ്പായ കവി, തിരക്കഥാകൃത്ത് എന്നീ നിലകളിലും സജീവമാണ്. ആകാശവാണിയില്‍ കോംപിയറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. രണ്ട് പതിറ്റാണ്ടിലേറെയായി ജീവന്‍ ടിവിയുടെ വാര്‍ത്താ വിഭാഗത്തിന്റെ ചുമതലക്കാരനാണ്.
മലയാള ദൃശ്യമാധ്യമ രംഗത്ത് നിരവധി പ്രതിഭകളുടെ വഴികാട്ടിയായി. കവി, തിരക്കഥാകൃത്ത്, അവതാരകന്‍ എന്നീ നിലകളില്‍ നിരവധി പുരസ്‌കാരങ്ങള്‍ നേടി. തിരക്കഥയെഴുതിയ ഹ്രസ്വചിത്രങ്ങള്‍ സംസ്ഥാന, ദേശീയ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. രണ്ട് സിനിമകള്‍ക്കും തിരക്കഥ എഴുതി. രണ്ട് കവിതാസമാഹാരങ്ങള്‍ ഉള്‍പ്പടെ അഞ്ച് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
എറണാകുളം പ്രസ്‌ക്ലബ്ബിന്റെ സ്ഥാപകരിലൊരാളായ എന്‍ വി പൈലിയുടെ ഓര്‍മ്മയ്ക്കായി ക്ലബ് ഏര്‍പ്പെടുത്തിയതാണ് പുരസ്‌കാരം.
ഏപ്രില്‍ 23ന് 12 മണിക്ക് പ്രസ്‌ക്ലബ്ബില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി കെ രാജന്‍ പുരസ്‌കാരം സമ്മാനിക്കും.
