എറണാകുളം: കരുവന്നൂർ സഹകരണ ബാങ്ക് കള്ളപ്പണക്കേസിലെ പ്രതിയായ എ. ജെ. പോൾസണ് ഹൈക്കോടതിയിൽ നിന്ന് കനത്ത തിരിച്ചടി. അനധികൃതമായി എടുത്ത വായ്പത്തുക പൂർണമായും തിരിച്ചടച്ചാലും കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമുള്ള (പി.എം.എൽ.എ) കേസ് ഒഴിവാകില്ലെന്ന് ഹൈക്കോടതി സുപ്രധാന ഉത്തരവിൽ വ്യക്തമാക്കി. കേസിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പോൾസൺ സമർപ്പിച്ച ഹർജി കോടതി തള്ളി.
കേസിൻ്റെ ഭാഗമായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടിയ സ്വത്തുക്കൾ വിട്ടുനൽകാനാവില്ലെന്ന് കോടതി നിലപാടെടുത്തു. ഇഡി പിടിച്ചെടുത്ത രേഖകളും തിരികെ നൽകില്ല. അടിസ്ഥാന കേസിൽ പ്രതിയല്ലെങ്കിൽ പോലും കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം ബാധകമാകാമെന്നും, വായ്പ തിരിച്ചടച്ചത് കുറ്റത്തിൻ്റെ ഉത്തരവാദിത്വം ഇല്ലാതാക്കില്ലെന്നും കോടതി നിരീക്ഷിച്ചു.
പോൾസണും കുടുംബാംഗങ്ങളും ചേർന്ന് സ്വന്തം പേരിലും ബന്ധുക്കളുടെ പേരിലുമായി 50 ലക്ഷം രൂപ വീതമുള്ള അഞ്ച് വായ്പകളാണ് കരുവന്നൂർ ബാങ്കിൽ നിന്ന് എടുത്തത്. ബാങ്ക് ഭാരവാഹികളുമായി ഒത്തുകളിച്ച് അനർഹമായി ഈ വായ്പകൾ നേടിയെടുത്തെന്നും, ഈ പണം ഉപയോഗിച്ച് കർണാടകയിലെ ഗുണ്ടൽപേട്ടിൽ ഭൂമി വാങ്ങിയെന്നുമാണ് ഇഡിയുടെ കണ്ടെത്തൽ.
അതേസമയം, വായ്പത്തുകയുടെ മുഴുവൻ കുടിശ്ശികയായ 4.30 കോടി രൂപയും 2025-ൽ തിരിച്ചടച്ചതായും ഇതോടെ ബാങ്കിൻ്റെ നടപടികൾ അവസാനിച്ചതായും ചൂണ്ടിക്കാട്ടിയാണ് പോൾസൺ ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ, 2.5 കോടി രൂപയുടെ വായ്പയും കുടിശ്ശികയും തിരിച്ചടച്ചതുകൊണ്ട് മാത്രം കള്ളപ്പണം വെളുപ്പിക്കൽ കുറ്റത്തിൽ നിന്ന് ഒഴിവാകാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി, വിചാരണ നടപടികൾ തുടരാമെന്ന് ഉത്തരവിടുകയായിരുന്നു.
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് 28 കോടി രൂപയുടെ സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്. കരുവന്നൂർ സർവീസ് സഹകരണ ബാങ്ക് ഭരണസമിതിയെ നിയന്ത്രിച്ചിരുന്ന സിപിഎം ജില്ലാ കമ്മിറ്റി അംഗങ്ങളുടെ നിർദേശപ്രകാരമാണ് ബിനാമി വായ്‌പകൾ വിതരണം ചെയ്‌തത്. ഇതിന് പ്രതിഫലമായി, ഗുണഭോക്താക്കളിൽ നിന്ന് ഭരണസമിതി വഴി സിപിഎം സംഭാവനയായി ഫണ്ട് സ്വീകരിച്ചു എന്നും ഇഡി ആരോപിച്ചിരുന്നു.
സംസ്ഥാനം കണ്ട ഏറ്റവും വലിയ സഹകരണക്കൊള്ളയാണ് കരുവന്നൂർ സഹകരണ ബാങ്കില്‍ നടന്നത്. പരാതിയെത്തുടർന്ന് സഹകരണ വകുപ്പ് നടത്തിയ പരിശോധനയിലാണ് വൻ തട്ടിപ്പിന്റെ വിവരങ്ങള്‍ പുറത്തുവന്നത്. സിപിഎം നേതാക്കളായ ബാങ്ക് സെക്രട്ടറിയടക്കം ആറ് പേരെ പ്രതിയാക്കി ആദ്യം പൊലീസ് കേസെടുത്തത്. തുടക്കത്തില്‍ 108 കോടിയുടെ തട്ടിപ്പായിരുന്നു സഹകരണ വകുപ്പ് കണ്ടെത്തിയത്.
വായ്പ തിരിച്ചടച്ചാലും കള്ളപ്പണക്കേസ് നിലനിൽക്കും; കരുവന്നൂർ കേസിൽ പ്രതിക്ക് തിരിച്ചടി, ഹർജി തള്ളി ഹൈക്കോടതി
