മനാമ: ബഹ്റൈനിലെ അമേരിക്കൻ സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് ഇറാന്റെ ഡ്രോൺ ആക്രമണം. ഷെയ്ഖ് ഇസ വ്യോമത്താവളത്തിലെ അമേരിക്കൻ റഡാർ സംവിധാനം ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം നടത്തിയതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് അവകാശപ്പെട്ടു. തലസ്ഥാനമായ മനാമയിൽ സ്ഫോടന ശബ്ദങ്ങൾ കേട്ടതായും സുരക്ഷാ മുന്നറിയിപ്പുകൾ നൽകിയതായും റിപ്പോർട്ടുകളുണ്ട്.
തങ്ങളുടെ വ്യോമാതിർത്തി അമേരിക്കൻ ഡ്രോണുകൾ തുടർച്ചയായി ലംഘിക്കുന്നതിനുള്ള തിരിച്ചടിയാണിതെന്ന് ഇറാൻ വ്യക്തമാക്കി. എന്നാൽ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പുതന്നെ ഡ്രോണുകൾ വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് തകർത്തതായി ബഹ്റൈൻ സൈന്യം വ്യക്തമാക്കി. ഇറാന്റെ നടപടി തങ്ങളുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് ബഹ്റൈൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.യുഎസ് സൈനിക ഉപകരണങ്ങൾക്കോ ഉദ്യോഗസ്ഥർക്കോ യാതൊരു നാശനഷ്ടങ്ങളും സംഭവിച്ചിട്ടില്ലെന്ന് യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) സ്ഥിരീകരിച്ചു.
ആക്രമണങ്ങളുടെ പ്രത്യാഘാതങ്ങൾക്ക് ഇറാൻ പൂർണ ഉത്തരവാദിയായിരിക്കുമെന്നും ബഹ്റൈൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം ആക്രമണത്തെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ അപലപിച്ചു. ബഹ്റൈനിലെ യുഎസ് എംബസി അവിടെയുള്ള അമേരിക്കൻ പൗരന്മാരോട് അതീവ ജാഗ്രത പാലിക്കാൻ നിർദ്ദേശവും നൽകി. കഴിഞ്ഞ ഞായറാഴ്ച അൽ റിഫയിലെ സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ ഡ്രോണുകൾ അയച്ചിരുന്നു.
ഏകദേശം രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇറാൻ ഗൾഫ് മേഖലയിലെ യുഎസ് കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം പുനരാരംഭിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയും ഞായറാഴ്ചയും ബഹ്റൈനിലെ അൽ-റിഫ വ്യോമത്താവളത്തിലെ റഡാർ സംവിധാനത്തിന് നേരെ സമാനമായ രീതിയിൽ ഡ്രോൺ ആക്രമണങ്ങൾ നടന്നിരുന്നു. ഹോർമുസ് കടലിടുക്കിലെ എണ്ണക്കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങളും ഉപരോധങ്ങളും കാരണം മേഖലയിൽ സംഘർഷം രൂക്ഷമായി തുടരുകയാണ്. ഇതിനിടെ മേഖലയിലെ സൈനിക സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി യുഎസ് നാവികസേനയുടെ മൂന്നാമത്തെ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് തിയോഡോർ റൂസ്വെൽറ്റ് പശ്ചിമേഷ്യയിൽ എത്തിച്ചേർന്നിട്ടുണ്ട്.
ലക്ഷ്യം യുഎസ് സൈനിക താവളം; ബഹ്റൈനിൽ വീണ്ടും ഇറാൻ ആക്രമണം
